വാങ്കഡെയെ തീപ്പിടിപ്പിച്ച് റിഷഭ് പന്ത്; 27 പന്തിൽ 78 റൺസ്; ഡൽഹിക്ക് കൂറ്റൻ സ്കോർ

ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ ആദ്യ ഐപിഎൽ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കൂറ്റൻ സ്കോർ പടുത്തുയർത്തി
വാങ്കഡെയെ തീപ്പിടിപ്പിച്ച് റിഷഭ് പന്ത്; 27 പന്തിൽ 78 റൺസ്; ഡൽഹിക്ക് കൂറ്റൻ സ്കോർ

മുംബൈ: വെടിക്കെട്ട് ബാറ്റിങ്ങുമായി യുവതാരം ഋഷഭ് പന്ത് വാങ്കഡെ സ്റ്റേഡിയത്തെ ത്രസിപ്പിച്ചപ്പോൾ ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ ആദ്യ ഐപിഎൽ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കൂറ്റൻ സ്കോർ പടുത്തുയർത്തി. നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി 213 റണ്‍സ് അടിച്ചുകൂട്ടി.

വെറും 27 പന്തില്‍ നിന്ന് ഏഴു വീതം ബൗണ്ടറിയും സിക്‌സുമായി പന്ത് 78 റണ്‍സാണ് വാരിയത്. 18 പന്തില്‍ നിന്ന് പന്ത് അര്‍ധ സെഞ്ച്വറിയിലേക്ക് കുതിച്ചത്. ജസ്പ്രീത് ബുംറയടക്കമുള്ള മുംബൈ ബൗളര്‍മാര്‍ പന്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. പന്തിനു പുറമെ ശിഖര്‍ ധവാന്‍ (43), കോളിന്‍ ഇന്‍ഗ്രാം (47) എന്നിവരും ഡല്‍ഹിക്കായി മികച്ച ബാറ്റിങ് പുറത്തെടുത്തു. 

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് സ്‌കോര്‍ 10ല്‍ എത്തിയപ്പോള്‍ യുവ താരം പൃഥ്വി ഷായെ നഷ്ടമായി. പിന്നാലെ ശ്രേയസ് അയ്യരും (16) മടങ്ങി. പിന്നീട് മൂന്നാം വിക്കറ്റിലാണ് ഡല്‍ഹി മികച്ച കൂട്ടുകെട്ട് ഉണ്ടായത്. ധവാനൊപ്പം കോളിന്‍ ഇന്‍ഗ്രാം ചേര്‍ന്നതോടെ മൂന്നാം വിക്കറ്റില്‍ 83 റണ്‍സ് പിറന്നു.

മുംബൈക്കായി മിച്ചല്‍ മക്ലന്‍ഗന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ബുംറ, ഹർദിക് പാണ്ഡ്യ, ബെൻ കട്ടിങ് എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി. ഇന്നിങ്‌സിന്റെ അവസാന പന്തില്‍ ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റത് മുംബൈ ഇന്ത്യന്‍സിന് കനത്ത ആശങ്കയാണ് സമ്മാനിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com