ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍-കിങ്‌സ് ഇലവന്‍ പോര്; രഹാനെയുടെ സമ്മര്‍ദം കൂട്ടി പന്തും വിജയ് ശങ്കറും

ലോക കപ്പ് ലക്ഷ്യമിട്ട് പന്തും, വിജയ് ശങ്കറും ഉള്‍പ്പെടെയുള്ള താരങ്ങള്‍ മികവ് കാട്ടി തുടങ്ങിയതോടെ രഹാനേയ്ക്ക് മേലുള്ള സമ്മര്‍ദ്ദം കൂടും
ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍-കിങ്‌സ് ഇലവന്‍ പോര്; രഹാനെയുടെ സമ്മര്‍ദം കൂട്ടി പന്തും വിജയ് ശങ്കറും

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്-കിങ്‌സ് ഇലവന്‍ പഞ്ചാബ് പോര്. വിജയ തുടക്കം ലക്ഷ്യമിട്ട് ഇരുകൂട്ടരും ഇറങ്ങുമ്പോള്‍ രാജസ്ഥാന്റെ രണ്ട് താരങ്ങളിലേക്കാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ. മടങ്ങി വരുന്ന സ്റ്റീവ് സ്മിത്തിന്റെ കളിയും, ലോക കപ്പ് ടീമില്‍ ഇടം ലക്ഷ്യമിട്ട് നില്‍ക്കുന്ന രഹാനെയുടെ കളിയും തന്നെ സംഭവം. 

തിരിച്ചു വരവ് ഗംഭീരമാക്കി ഫോമില്‍ തന്നെ ലോക കപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ചേരുകയാകും സ്റ്റീവ് സ്മിത്ത് ലക്ഷ്യം വയ്ക്കുക. രഹാനെയ്ക്ക് ടീം സെലക്ടര്‍മാരെയാണ് തൃപ്തിപ്പെടുത്തേണ്ടത്. ഏകദിന ടീമില്‍ നിന്നും തന്നെ തഴയുന്നതിന് എതിരെ തുറന്നടിച്ച് രഹാനെ മുന്നോട്ടു വന്നിരുന്നു. ലോക കപ്പ് തന്റെ ലക്ഷ്യം തന്നെയാണ് എന്ന് രഹാനെ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ രഹാനെ മികച്ച കളി പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്. ലോക കപ്പ് ലക്ഷ്യമിട്ട് പന്തും, വിജയ് ശങ്കറും ഉള്‍പ്പെടെയുള്ള താരങ്ങള്‍ മികവ് കാട്ടി തുടങ്ങിയതോടെ രഹാനേയ്ക്ക് മേലുള്ള സമ്മര്‍ദ്ദം കൂടും. സീസണിലെ ആദ്യ കളിയില്‍ തന്നെ 27 പന്തില്‍ 78 റണ്‍സ് അടിച്ചെടുത്താണ് പന്ത് നയം വ്യക്തമാക്കുന്നത്.വിജയ് ശങ്കറാവട്ടെ കോല്‍ക്കത്തയ്‌ക്കെതിരെ 24 പന്തില്‍ 40 റണ്‍സ് നേടി ഭേദപ്പെട്ട കളി പുറത്തെടുക്കുകയും ചെയ്തു. 

പന്ത്രണ്ടാം ഐപിഎല്‍ സീസണിന് ഇറങ്ങുമ്പോഴും രാജസ്ഥാന് മുന്നില്‍ ആശങ്കയാണ് വന്ന് നിറയുന്നത്. പ്രധാന താരങ്ങളായ ബട്‌ലര്‍, സ്റ്റോക്, ജോഫ്ര എന്നിവര്‍ സീസണ്‍ പകുതിയാകുമ്പോഴേക്കും നാട്ടിലേക്ക് മടങ്ങും. ലോക കപ്പ് ഒരുക്കങ്ങള്‍ക്ക് വേണ്ടിയാണ് ഇത്. രഹാനെ, ബട്‌ലര്‍ എന്നിവരെ കൂടാതെ, സഞ്ജു, രാഹുല്‍ ത്രിപതി, മനാന്‍ വോറ എന്നിവരാണ് രാജസ്ഥാന്റെ ബാറ്റിങ് നിരയിലുള്ളത്. 

ഐപിഎല്‍ താര ലേലത്തില്‍ 9 താരങ്ങളെ സ്വന്തമാക്കിയപ്പോള്‍ രാജസ്ഥാന്‍ കൂടുതല്‍ ശ്രദ്ധയും കൊടുത്തത് പേസ് ബൗളിങ്ങിലാണ്. ഉനദ്ഖട്ടും, ജോഫ്രയും, ഒഷാനെയുമാണ് രാജസ്ഥാന്റെ കരുത്ത്. ശ്രേയസ് ഗോപാല്‍, ഇഷ് സോധി, കെ.ഗൗതും എന്നിവര്‍ സ്പിന്‍ നിരയിലും. 

തമിഴ്‌നാടിന്റെ മാന്ത്രിക സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പരിക്കാണ് പഞ്ചാബിന്റെ തലവേദന. അത് മാറ്റി നിര്‍ത്തിയാല്‍, സീസണില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന സംഘമാണ് പഞ്ചാബിന്റേത്. ക്രിസ് ഗെയില്‍, രാഹുല്‍, നികോളാസ് പൂരന്‍, കരുണ്‍ നായര്‍, മായങ്ക് അഗര്‍വാള്‍ എന്നിവരാണ് ടോപ് ഓര്‍ഡറില്‍ പഞ്ചാബിന്റെ കരുത്ത്. ആര്‍.അശ്വിന്‍ നേതൃത്വം നല്‍കുന്ന ബൗളിങ് ആക്രമണത്തില്‍, മുജീബും, മുരുഗന്‍ അശ്വിനും, ചക്രവര്‍ത്തിയും ചേര്‍ന്നാല്‍ ടീം ശക്തമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com