വീണ്ടും ചെന്നൈ കിരീടം ചൂടും? ഉദ്ഘാടന മത്സരമാണ് അതിന് ഉത്തരം, യാദൃശ്ചികത മാത്രമാണോ?

ഐപിഎല്ലിന്റെ മൂന്ന് ഉദ്ഘാടന മത്സരങ്ങളില്‍ ജയിച്ച ടീമുകള്‍ ആ വര്‍ഷങ്ങളില്‍ കിരീടവും ചൂടിയിട്ടാണ് മടങ്ങിയത്
വീണ്ടും ചെന്നൈ കിരീടം ചൂടും? ഉദ്ഘാടന മത്സരമാണ് അതിന് ഉത്തരം, യാദൃശ്ചികത മാത്രമാണോ?

രണ്ട് മാസത്തോളം നീണ്ടു നില്‍ക്കുന്നതിനാല്‍ ഐപിഎല്ലില്‍ തുടക്കത്തിലേയുണ്ടാവുന്ന ജയപരാജയങ്ങള്‍ ടീമുകളെ കാര്യമായി ബാധിക്കില്ല. പക്ഷേ ഉദ്ഘാടന മത്സരത്തിലേക്ക് വരുമ്പോള്‍ അവിടെയൊരു കൗതുകം ഒളിച്ചിരിപ്പുണ്ട്. ഐപിഎല്ലിന്റെ മൂന്ന് ഉദ്ഘാടന മത്സരങ്ങളില്‍ ജയിച്ച ടീമുകള്‍ ആ വര്‍ഷങ്ങളില്‍ കിരീടവും ചൂടിയിട്ടാണ് മടങ്ങിയത്. 

2011ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉദ്ഘാടന മത്സരവും ജയിച്ചു, കിരീടവും ചൂടി. 2014ല്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഉദ്ഘാടന മത്സരത്തിലും ഫൈനലിലും ജയിച്ചു കയറി. 2018ല്‍ ചെന്നൈ വീണ്ടും കിരീടത്തിലേക്ക് എത്തിയപ്പോള്‍ ഉദ്ഘാടന മത്സരത്തിലും ചെന്നൈ ജയം പിടിച്ചിരുന്നു. 

ചെന്നൈ സൂപ്പര്‍ കിങ്‌സ് 2011

2011ലെ ഐപിഎല്‍ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയില്‍ വെച്ച് സൂപ്പര്‍ കിങ്‌സ് കോല്‍ക്കത്തയെ നേരിട്ടു. രണ്ട് റണ്‍സിന് ചെന്നൈ ജയം പിടിക്കുകയും ചെയ്തു. എല്ലാ ഹോം മത്സരവും ജയിച്ചായിരുന്നു ചെന്നൈയുടെ ആ സീസണിലെ പോക്ക്. 

ലീഗ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് പിന്നിലായിരുന്നു ചെന്നൈ. ആദ്യ ക്വാളിഫൈയറില്‍ ബംഗളൂരുവിനെ തോല്‍പ്പിച്ചുവെങ്കിലും മുംബൈയെ തോല്‍പ്പിച്ച് ബംഗളൂരു ഫൈനലില്‍ വീണ്ടും ചെന്നൈയുടെ മുന്‍പിലെത്തി. ഫൈനലില്‍ ബംഗളൂരുവിനെ 58 റണ്‍സിന് തകര്‍ത്ത് ചെന്നൈ കിരീടം ചൂടി. 52 പന്തില്‍ നിന്നും 95 റണ്‍സ് അടിച്ചെടുത്ത മുരളി വിജയ് ആയിരുന്നു അന്ന് മാന്‍ ഓഫ് ദി മാച്ച്. 

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 2014

2014ല്‍ പൊതുതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് അബുദാബിയിലായിരുന്നു ഐപിഎല്ലിന്റെ ആദ്യ ഘട്ട മത്സരങ്ങള്‍. കൊല്‍ക്കത്തയും മുംബൈ ഇന്ത്യന്‍സുമാണ് അന്ന് ഉദ്ഘാടന മത്സരത്തില്‍ കളിച്ചത്. മുംബൈയെ 41 റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത അന്ന് ജയിച്ചു കയറി. 

ഉദ്ഘാടന മത്സരത്തിന് ശേഷം പക്ഷേ കൊല്‍ക്കത്തയ്ക്ക് താളം തെറ്റി. പിന്നീടുവന്ന ആറ് കളിയില്‍ ജയിച്ചത് ഒരെണ്ണം മാത്രം. എന്നാല്‍ തിരിച്ചു വന്ന കൊല്‍ക്കത്ത ലീഗ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തെത്തി. ഫൈനലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബായിരുന്നു കൊല്‍ക്കത്തയുടെ എതിരാളികള്‍. അവസാന ഓവറില്‍ പഞ്ചാബിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത കിരീടത്തില്‍ മുത്തമിട്ടു. 

ചെന്നൈ സൂപ്പര്‍ കിങ്‌സ് 2018

രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമുള്ള വരവ് കിരീടത്തില്‍ മുത്തമിട്ടാണ് ധോനിയും സംഘവും ആഘോഷിച്ചത്. ആ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈയുമായിട്ടാണ് ചെന്നൈ ഏറ്റുമുട്ടിയത്. അന്ന് ബ്രാവോയുടെ 30 പന്തില്‍ നിന്നും 64 റണ്‍സ് അടിച്ചുകൂട്ടിയ ഇന്നിങ്‌സിന്റെ ബലത്തില്‍ ചെന്നൈ ജയിച്ചു കയറി. 

ആ സീസണിലെ ലീഗ് മത്സരങ്ങളില്‍ 14ല്‍ ഏഴും ജയിച്ച് ചെന്നൈ പോയിന്റ് ടേബിളില്‍ രണ്ടാമതെത്തി. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു ചെന്നൈയുടെ എതിരാളികള്‍. വാട്‌സന്റെ 57 പന്തിലെ 117 റണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ ചെന്നൈ ഫൈനലിലും ജയം പിടിച്ച് മൂന്നാം ഐപിഎല്‍ കിരീടം സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com