'ഇത് നൗകാമ്പാണ്... ഞങ്ങളുടെ തട്ടകം, ഞങ്ങളുടെ ദേവാലയം, ഞങ്ങളുടെ കോട്ട'- ക്ലോപിന് ബാഴ്‌സലോണയുടെ മറുപടി (വീഡിയോ)

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ഇന്ന് മുന്‍ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയും ലിവര്‍പൂളും മുഖാമുഖം വരികയാണ്
'ഇത് നൗകാമ്പാണ്... ഞങ്ങളുടെ തട്ടകം, ഞങ്ങളുടെ ദേവാലയം, ഞങ്ങളുടെ കോട്ട'- ക്ലോപിന് ബാഴ്‌സലോണയുടെ മറുപടി (വീഡിയോ)

മാഡ്രിഡ്: തീപ്പാറുന്ന പോരാട്ടത്തിനാണ് ഇന്ന് ഫുട്‌ബോള്‍ ലോകം സാക്ഷിയാകാന്‍ ഒരുങ്ങുന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ഇന്ന് മുന്‍ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയും ലിവര്‍പൂളും മുഖാമുഖം വരികയാണ്. ബാഴ്‌സലോണയുടെ തട്ടകമായ നൗകാമ്പിലാണ് പോരാട്ടം. മെസിയടക്കമുള്ള സൂപ്പര്‍ താരങ്ങളടങ്ങിയ ബാഴ്‌സലോണയുടെ പാസിങ് ഗെയിമും വേഗതയും ഹൈ പ്രഷറും സംയോജിപ്പിച്ചുള്ള ലിവര്‍പൂളിന്റെ തന്ത്രവും നേര്‍ക്കുനേര്‍ വരുന്നത് ആരാധകര്‍ക്ക് വിരുന്നാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.  

മത്സരത്തിന് മുന്‍പ് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് നടത്തിയ ഒരു പ്രസ്താവനയും അതിന് ബാഴ്‌സലോണ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബാഴ്‌സലോണയുടെ ഹോം റെക്കോര്‍ഡിനെ ഭയക്കുന്നില്ലെന്ന് പറഞ്ഞാണ് ക്ലോപ് നിലപാട് വ്യക്തമാക്കിയത്.  നൗകാമ്പ് ഒരു സാധാരണ സ്‌റ്റേഡിയം മാത്രമാണ്. വളരെ വലിയ സ്റ്റേഡിയമാണ് അല്ലാതെ ഫുട്‌ബോളിന്റെ ദേവാലയം ഒന്നുമല്ലെന്നും ക്ലോപ് പരിഹസിച്ചു. മറ്റ് ടീമുകള്‍ക്ക് അവിടെ നിരാശയായിരിക്കും ഫലം. പക്ഷേ തങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് പ്രീതീക്ഷിക്കുന്നതായും ക്ലോപ് പറഞ്ഞു. 

എന്നാല്‍ ഇതിന് മറുപടിയുമായി ബാഴ്‌സലോണ രംഗത്തെത്തി. തങ്ങളുടെ ഔദ്യോഗിക പേജില്‍ നൗകാമ്പിന്റെ വീഡിയോ പോസ്റ്റ് ചെയ്താണ് ബാഴ്‌സയുടെ മറുപടി. 'ഇത് നൗകാമ്പാണ്... ഞങ്ങളുടെ തട്ടകം, ഞങ്ങളുടെ ദേവാലയം, ഞങ്ങളുടെ കോട്ട'. എന്ന കുറിപ്പോടെയാണ് ബാഴ്‌സ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ചാമ്പ്യന്‍സ് ലീഗില്‍ നൗകാമ്പിലെ മത്സരങ്ങളില്‍ ബാഴ്‌സയ്ക്ക് അനുപമ റെക്കോര്‍ഡാണുള്ളത്. ഇവിടെ കളിച്ച 31 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും പരാജയമറിയാതെയാണ് അവര്‍ നില്‍ക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച താരമായി മാറിയ പ്രതിരോധ താരം വിര്‍ജില്‍ വാന്‍ ഡെയ്ക് ലയണല്‍ മെസിയെ പൂട്ടുമോ എന്നതാണ് ഫുട്‌ബോള്‍ ലോകം കൗതുകത്തോടെ കാത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com