പാകിസ്താനില്‍ നിന്നും സ്വതന്ത്രമായില്ലേ, എന്നിട്ടും? ആരാധക പ്രതിഷേധം ഉയര്‍ന്നതോടെ ലോകകപ്പ് ജേഴ്‌സി മാറ്റി ബംഗ്ലാദേശ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st May 2019 08:44 AM  |  

Last Updated: 01st May 2019 08:44 AM  |   A+A-   |  

jersy

 

ധാക്ക: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയോട് സാമ്യമുള്ള പച്ച ജേഴ്‌സിയായിരുന്നു ലോകകപ്പില്‍ അണിയാന്‍ ബംഗ്ലാദേശ് ഒരുക്കിയിരുന്നത്. എന്നാല്‍ ആരാധകര്‍ ഇതിനെ ചോദ്യം ചെയ്ത് പ്രതിഷേധം ഉയര്‍ത്തി എത്തിയതോടെ ജേഴ്‌സി മാറ്റുകയാണ് ബംഗ്ലാദേശ്. 1971ല്‍ രാജ്യം പാകിസ്താനില്‍ നിന്നും സ്വതന്ത്ര്യമായെന്ന് ഓര്‍മിപ്പിച്ചായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍. 

പാകിസ്താനില്‍ നിന്നും രാജ്യം സ്വതന്ത്രമായി കഴിഞ്ഞു. പിന്നെ എന്തിനാണ് ഇത്തരത്തില്‍ ഒരു ജേഴ്‌സിയെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയുടെ നിറം കണ്ട് നിരാശരാ ആരാധകര്‍ ചോദിക്കുന്നു. ഒടുവില്‍ ആരാധകരുടേയും ടീമിന്റേയും ഭാഗത്ത് നിന്നും അതൃപ്തി വന്നതോടെ ജേഴ്‌സി മാറ്റുവാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. 

ജേഴ്‌സി മാറ്റുന്ന കാര്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇക്കാര്യം ബിസിബി തലവന്‍ നിസാമുദ്ദീന്‍ ചൗധരി മാധ്യമങ്ങളെ അറിയിച്ചു. കടും പച്ച നിറത്തിലെ ജേഴ്‌സി മാറ്റി, ഇളം നീല നിറവും, കൈകളില്‍ ചുവപ്പു നിറത്തിലുമുള്ള ജേഴ്‌സിയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനായി പുതിയതായി തയ്യാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പില്‍ പാകിസ്താനെ കൂടാതെ സൗത്ത് ആഫ്രിക്കയും പച്ച നിറത്തിലെ ജേഴ്‌സിയാണ് ഉപയോഗിക്കുന്നത്.