ലോകകപ്പ് തുടങ്ങിയിട്ടില്ല, പക്ഷേ കോഹ് ലിയും ധോനിയും കണക്കുകളില്‍ പിടിക്കുന്നു, ആധിപത്യം ഉറപ്പിച്ച്‌

ലോകകപ്പ് കളിക്കുന്ന വയസന്‍ പടയേയും, ചെറുപ്പക്കാരുടെ സംഘത്തേയുമെല്ലാം അറിയണ്ടേ? 
ലോകകപ്പ് തുടങ്ങിയിട്ടില്ല, പക്ഷേ കോഹ് ലിയും ധോനിയും കണക്കുകളില്‍ പിടിക്കുന്നു, ആധിപത്യം ഉറപ്പിച്ച്‌

ലോകകപ്പ് അടുത്തെത്തി കഴിഞ്ഞു. പത്ത് രാജ്യങ്ങളും തങ്ങളുടെ ലോകകപ്പ് ടീമിനേയും പ്രഖ്യാപിച്ചു. ഇനി ശക്തര്‍ ആര്, ദുര്‍ബലര്‍ ആര് എന്നെല്ലാം അറിയുന്നതിനുള്ള കടലാസിലെ കണക്കുകള്‍ക്കുള്ള സമയമാണ്. ലോകകപ്പ് കളിക്കുന്ന വയസന്‍ പടയേയും, ചെറുപ്പക്കാരുടെ സംഘത്തേയുമെല്ലാം അറിയണ്ടേ? 

വയസന്‍ പട ലങ്കയില്‍ നിന്നും

ലോകകപ്പില്‍ പങ്കെടുക്കാന്‍ എത്തുന്ന ടീമുകളില്‍ ശ്രീലങ്കന്‍ ടീമാണ് പ്രായക്കൂടുതലിന്റെ ശരാശരിയില്‍ മുന്നില്‍. 29.9 ആണ് ലങ്കന്‍ ടീമിന്റെ ശരാശരി പ്രായം. 35ല്‍ എത്തി നില്‍ക്കുന്ന മലിംഗ, മുപ്പത്തിരണ്ടുകാരനായ ലക്മല്‍ എന്നിവര്‍ ബൗളിങ്ങില്‍ ലങ്കയുടെ കുന്തമുനയാവും. ബാറ്റിങ്ങില്‍  മുപ്പത്തിയൊന്നുകാരനായ എയ്ഞ്ചലോ മാത്യൂസ്, ഓള്‍ റൗണ്ടറായ 36കാരന്‍ ജീവന്‍ മെന്‍ഡിസും ലങ്കയുടെ 15 അംഗ സംഘത്തിലുണ്ട്. 

പ്രായ കൂടുതലിന്റെ കാര്യത്തില്‍ ഇംഗ്ലണ്ടും, സൗത്ത് ആഫ്രിക്കയുമാണ് ലങ്കയ്ക്ക് പിന്നില്‍. 29.5 ആണ് ഇവരുടെ ടീമിന്റെ ശരാശരി പ്രായം. ഓസ്‌ട്രേലിയ തൊട്ടുപിന്നിലുണ്ട്. 29.4 ആണ് നിലവിലെ ലോക ചാമ്പ്യന്മാരുടെ ശരാശരി പ്രായം. നല്‍പതുകാരനായ ഇമ്രാന്‍ താഹിറാണ് ഈ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം. 

ചെറുപ്പത്തിന്റെ കരുത്തില്‍ പാകിസ്താന്‍

ഈ ലോകകപ്പിലെ ഏറ്റവും ചെറുപ്പം പാകിസ്താനാണ്. 27.3 ആണ് അവരുടെ ടീമിന്റെ ശരാശരി പ്രായം. പാകിസ്താന് പിന്നില്‍ 27.4 ശരാശരി പ്രായവുമായി അഫ്ഗാനിസ്ഥാന്‍. പ്രായം 19 മാത്രം തൊട്ടിട്ടുള്ള ഷഹീന്‍ ഷാ അഫ്രിദിയേയും, മുഹമ്മദ് ഹസ്‌നെയ്‌നിനേയും ലോകകപ്പിലുടെ ലോകത്തിന് മുന്നില്‍ കാണിക്കാനാണ് പാകിസ്താന്‍ ഒരുങ്ങുന്നത്. പതിനെട്ടുകാരനായ മുജീബിനേയും, 20കാരനായ റാഷിദ് ഖാനുമാണ് അഫ്ഗാനിസ്ഥാന് ചെറുപ്പത്തിന്റെ പ്രസരിപ്പും കരുത്തും നല്‍കുന്നത്. 

പ്രായം കുറവെങ്കിലും പരിചയസമ്പത്തിന്റെ കരുത്തില്‍ ഇന്ത്യ

ലോകകപ്പ് ടീമുകളില്‍ പ്രായത്തിന്റെ ചെറുപ്പത്തില്‍ നാലാമതാണ് ഇന്ത്യ. എന്നാല്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച  കളിക്കാരുടെ ടീമാണ് ഇന്ത്യയുടേത്, 1573 മത്സരങ്ങള്‍. രണ്ടാമതുള്ള ബംഗ്ലാദേശിനേക്കാള്‍ 274 മത്സരങ്ങള്‍ കൂടുതല്‍. കൂടുതല്‍ മത്സരങ്ങള്‍ കളിച്ചവരില്‍ മുന്‍പില്‍ ധോനി തന്നെ, 341 ഏകദിനങ്ങള്‍. ബാറ്റിങ് ശരാശരി 50.72. പിന്നില്‍ 227 കളികളുമായി വിരാട് കോഹ് ലി. മൂന്നാമത് 206 മത്സരങ്ങള്‍ കളിച്ച രോഹിത് ശര്‍മയും. 

സെഞ്ചുറികളില്‍ ഇന്ത്യ തന്നെ

ഇവിടെ ഇന്ത്യയ്ക്ക് ശക്തമായ എതിരാളികള്‍ ഇല്ല. ഇന്ത്യന്‍ ലോകകപ്പ് സംഘത്തിലുള്ള എല്ലാവരും കൂടി നേടിയത് 90 സെഞ്ചുറികളാണ്. അതില്‍ കോഹ് ലിയുടേത് തന്നെയുണ്ട് 41. രോഹിത് 22 സെഞ്ചുറിയും, ശിഖര്‍ ധവാന്‍ 16 സെഞ്ചുറിയും, ധോനി 10 സെഞ്ചുറിയും എന്നതാണ് കണക്ക്.

ഏകദിനത്തില്‍ സെഞ്ചുറി നേടിയ അഞ്ച് കളിക്കാര്‍ ഇന്ത്യന്‍ ടീമിലുള്ളപ്പോള്‍ ഏഴ് പേരാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് സംഘത്തിലുള്ളത്. ഇത് ആതിഥേയരുടെ ബാറ്റിങ് കരുത്ത് വ്യക്തമാക്കുന്നു. 

വിക്കറ്റ് വേട്ടയില്‍ ബംഗ്ലാദേശിന്റേയും ലങ്കയുടേയും ആധിപത്യമാണ്. 829 വിക്കറ്റ് ബംഗ്ലാദേശിന്റെ 15 അംഗ ലോകകപ്പ് സംഘത്തിലുള്ളപ്പോള്‍ 815 വിക്കറ്റാണ് ലങ്കന്‍ ടീമിന്റെ അക്കൗണ്ടിലുള്ളത്. ഏറ്റവും കുറവ് വിക്കറ്റ് വേണ്ട നടത്തിയ സംഘം ആരോണ്‍ ഫിഞ്ചിന്റെ ഓസ്‌ട്രേലിയയാണ്. 495 വിക്കറ്റുകളാണ് ഓസ്‌ട്രേലിയന്‍ ലോകകപ്പ് സംഘത്തില്‍ ഇടംപിടിച്ച കളിക്കാരെല്ലാം ചേര്‍ന്ന് വീഴ്ത്തിയത്. ഇതില്‍ 145 വിക്കറ്റോടെ സ്റ്റാര്‍ക്കാണ് മുന്‍പില്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com