ഇന്ത്യ- പാക് ലോകകപ്പ് പോരാട്ടം; ടിക്കറ്റുകള്‍ വിറ്റുപോയത് ചൂടപ്പം പോലെ; ഓള്‍ഡ്ട്രാഫോര്‍ഡില്‍ ആവേശം അണപൊട്ടും

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th May 2019 11:31 AM  |  

Last Updated: 06th May 2019 11:31 AM  |   A+A-   |  

ind-pak

 

ലണ്ടന്‍: ഏകദിന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഈ മാസം 30 മുതലാണ് ലോക ക്രിക്കറ്റ് മാമാങ്കം. ലോകകപ്പ് ആവേശത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന് ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരങ്ങളാണ്. 

ഇത്തവണത്തെ ലോക പോരില്‍ ജൂണ്‍ 16ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ബദ്ധവൈരികള്‍ നേര്‍ക്കുനേര്‍ വരുന്നത്. ഏവരും ആവേശത്തോടെ ഉറ്റുനോക്കുന്ന മത്സരമാണിത്. 

ഇപ്പോള്‍ ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ വിറ്റു തീര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ടിക്കറ്റിനായി റെക്കോര്‍ഡ് ബുക്കിങാണുള്ളതെന്നു നേരത്തേ ഐസിസി അറിയിച്ചിരുന്നു. അത് ശരിവയ്ക്കും വിധം മത്സരത്തിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റ് പോയത്. 

ഇന്ത്യ- പാക് പോരാട്ടത്തിനുള്ള സ്വീകാര്യത മറ്റൊരു കളിക്കും ഇല്ലെന്നു ലങ്കാഷെയര്‍ ക്രിക്കറ്റ് ക്ലബ് മേധാവി ഡാന്‍ വൈറ്റ്‌ഹെഡ്ഡ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യയും ഇംഗ്ലണ്ടും ടി20യില്‍ ഏറ്റുമുട്ടിയിരുന്നു. അന്നു സ്‌റ്റേഡിയം ആരാധകരാല്‍ നിറഞ്ഞു. എന്നാല്‍ അന്നത്തെ മത്സരത്തേക്കാള്‍ കാണികളുടെ ആവേശം കൊണ്ട് ഇന്ത്യ- പാക്കിസ്ഥാന്‍ പോര് ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും വൈറ്റ്‌ഹെഡ്ഡ് വ്യക്തമാക്കി. ടിക്കറ്റിനു വന്‍ ഡിമാന്‍ഡായതിനാല്‍ വ്യത്യസ്തമായ പല പാക്കേജുകളും തങ്ങള്‍ പ്രഖ്യാപിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ക്ലാസിക്ക് പോരാട്ടത്തിന്റെ തലേ ദിവസം പല ആഘോഷ പരിപാടികളും ഇന്ത്യന്‍ ആരാധക കൂട്ടായ്മയായ ഭാരത് ആര്‍മി ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രശസ്ത പഞ്ചാബി ഗായകനായ ഗുരു രണ്‍ധാവയുടെ കീഴിലുള്ള സംഗീത നിശ ഇതിന്റെ ഭാഗമായി അരങ്ങേറും. 

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ അപരാജിത റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. ലോകകപ്പില്‍ ഏറ്റുമുട്ടിയ ആറ് തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.