അഫ്രീദിയോട് മുതിര്‍ന്ന പാക് താരങ്ങള്‍ ക്രൂരമായി പെരുമാറി, ഞാനത് കണ്ടിട്ടുണ്ട്; അഫ്രീദിയെ പിന്തുണച്ച് അക്തര്‍

പത്ത് സീനിയര്‍ പാക് താരങ്ങള്‍ ക്രൂരമായി പെരുമാറിയതിന് ഞങ്ങളോട് ക്ഷമ ചോദിച്ചിട്ടുണ്ടെന്ന് അക്തര്‍ പറയുന്നു
അഫ്രീദിയോട് മുതിര്‍ന്ന പാക് താരങ്ങള്‍ ക്രൂരമായി പെരുമാറി, ഞാനത് കണ്ടിട്ടുണ്ട്; അഫ്രീദിയെ പിന്തുണച്ച് അക്തര്‍

ഗെയിം ചെയ്ഞ്ചര്‍ എന്ന അഫ്രീദിയുടെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയുള്ള അലയൊലികള്‍ അവസാനിക്കുന്നില്ല. ജാവേദ് മിയാന്‍ദാദ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കളിക്കാര്‍ തന്നോട് ക്രൂരമായി പെരുമാറിയതുള്‍പ്പെടെ തന്റെ ആത്മകഥയിലൂടെ അഫ്രീദി വെളിപ്പെടുത്തിയത് വിവാദമായിരുന്നു. പാക് മുന്‍ താരങ്ങള്‍ക്കെതിരായ അഫ്രീദിയുടെ ആരോപണങ്ങള്‍ക്കെതിരെ ക്രിക്കറ്റ് താരങ്ങളില്‍ പലരും രംഗത്തെത്തുകയും ചെയ്തു. എന്നാല്‍, സിനീയര്‍ കളിക്കാരില്‍ നിന്നും അഫ്രീദിക്ക് നേരിട്ട ദുരനുഭവങ്ങള്‍ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്ന് പറഞ്ഞ് എത്തുകയാണ് പാക് മുന്‍ പേസര്‍ ഷുഐബ് അക്തര്‍. 

പത്ത് സീനിയര്‍ പാക് താരങ്ങള്‍ ക്രൂരമായി പെരുമാറിയതിന് ഞങ്ങളോട് ക്ഷമ ചോദിച്ചിട്ടുണ്ടെന്ന് അക്തര്‍ പറയുന്നു. അഫ്രീദിയുടെ ആത്മകഥയില്‍ അദ്ദേഹം മുതിര്‍ന്ന താരങ്ങളില്‍ നിന്നും നേരിട്ട അധിക്ഷേപങ്ങളില്‍ വളരെ കുറച്ച് മാത്രമാണ് പറയുന്നത്. ഈ അടുത്ത വര്‍ഷങ്ങളിലാണ്, ഉംറയ്ക്ക് പോവുന്നതിന് മുന്‍പ്, പത്ത് മുന്‍ പാക് ക്രിക്കറ്റ് താരങ്ങള്‍ ഞങ്ങളോട് വന്ന് ക്ഷമ ചോദിച്ചത്. നാല് പാക് താരങ്ങള്‍ ബാറ്റുമായി എത്തി തന്നെ തല്ലാന്‍ വളഞ്ഞിട്ടുണ്ടെന്നും അക്തര്‍ പറയുന്നു. 

1999ല്‍ ചെന്നൈ ടെസ്റ്റിന്റെ സമയത്ത് ബാറ്റിങ് പരിശീലനത്തിന് ഏര്‍പ്പെടാന്‍ പോലും അന്ന് പാക് കോച്ചായിരുന്ന ജാവേദ് മിയാന്‍ദാദ് അനുവദിച്ചിരുന്നില്ല എന്ന് അഫ്രീദി തന്റെ ആത്മകഥയില്‍ ഏഴുതിയിരുന്നു. എന്നാല്‍ മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ചുള്ള അഫ്രീദിയുടെ നീക്കത്തെ വിമര്‍ശിച്ച് പാക് താരം ഇമ്രാന്‍ ഫര്‍ഹാത് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. നിരവധി കളിക്കാരുടെ ഭാവി നശിപ്പിച്ച സ്വാര്‍ത്ഥനാണ് അഫ്രീദി എന്നാണ് ഇമ്രാന്‍ ഫര്‍ഹാത് ആരോപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com