ഒരോവറില്‍ കളി തിരിച്ച് ഋഷഭ് പന്ത്, അടിച്ചുകൂട്ടിയത് 22 റണ്‍സ്; ചെന്നൈയ്ക്ക് എതിരാളി ഡല്‍ഹി 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 09th May 2019 08:14 AM  |  

Last Updated: 09th May 2019 08:14 AM  |   A+A-   |  

 

വിശാഖപട്ടണം: ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രണ്ട് വിക്കറ്റ് വിജയം നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. ഒരു വേള പരാജയം മുഖാമുഖം കണ്ട ഡല്‍ഹിക്ക് ഋഷഭ് പന്താണ് രക്ഷകനായത്. ബേസില്‍ തമ്പി എറിഞ്ഞ 18-ാം ഓവറില്‍ 22 റണ്‍സാണ് ഋഷഭ് പന്ത് അടിച്ചുകൂട്ടിയത്. കളിയുടെ ഗതിമാറ്റിയ ഈ പ്രകടനത്തിന്റെ ചുവടുപിടിച്ച് ഐപിഎല്ലില്‍ രണ്ടാം ക്വാളിഫയറില്‍ കളിക്കാന്‍ ഡല്‍ഹി യോഗ്യത നേടി.

അവസാന പന്ത് വരെ ഉദ്വേഗം മുറ്റിനിന്ന മത്സരം കാണികള്‍ക്ക് ആവേശമായി. ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഡല്‍ഹിയുടെ എതിരാളി. ഇതിലെ വിജയികള്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സിന് ഡല്‍ഹി എറിഞ്ഞൊതുക്കി. 163 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ, രണ്ട് വിക്കറ്റുകളുടെ ബലത്തില്‍ ഡല്‍ഹി മറികടക്കുകയായിരുന്നു.

അവസാന രണ്ടോവറില്‍ മൂന്ന് വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്. പത്തൊന്‍പതാം ഓവറിന്റെ നാലാമത്തെ പന്തില്‍ റണ്ണിനായി ഓടിയ അമിത് മിശ്ര ഖലീല്‍ അഹമ്മദിന്റെ ത്രോ തടഞ്ഞതിനാണ് പുറത്തായത്. വീഡിയോ റിവ്യൂവിലൂടെയാണ് ഔട്ട് വിധിച്ചത്. ഇരുപതാം ഓവറിന്റെ അഞ്ചാമത്തെ പന്ത് അതിര്‍ത്തി കടത്തി കീമോ  പോള്‍ ഉദ്വേഗം അവസാനിപ്പിച്ച് ജയം സമ്മാനിക്കുകയും ചെയ്തു.

ഒരുവേള മൂന്നിന് 87 റണ്‍സ് എന്ന നിലയിലായിരുന്ന ഡല്‍ഹിയെ പന്തും പൃഥ്വി ഷായും ചേര്‍ന്നാണ് വിജയതീരത്തെത്തിച്ചത്. ഷാ 38 പന്തില്‍ നിന്ന് 56 ഉം പന്ത് 21 പന്തില്‍ നിന്ന്  49 ഉം റണ്‍സും നേടി. അഞ്ച് സിക്‌സും രണ്ട് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. ഡല്‍ഹി ഏതാണ്ട് വിജയം ഉറപ്പിച്ചശേഷം പത്തൊന്‍പതാം ഓവറിന്റെ അഞ്ചാമത്തെ പന്തിലായിരുന്നു പന്ത് പുറത്തായത്.

ഹൈദരാബാദിനുവേണ്ടി ഭുവനേശ്വര്‍ കുമാറും ഖലീല്‍ അഹമ്മദും റാഷിദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ 42റണ്‍സ് വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. നാലോവറില്‍ 41 റണ്‍സ് വിട്ടുകൊടുത്ത ബേസില്‍ തമ്പിക്ക് വിക്കറ്റൊന്നും വീഴ്ത്താന്‍ കഴിഞ്ഞില്ല. രണ്ടോവര്‍ ബാക്കിയുണ്ടായിരുന്ന ഖലീലിന് അവസരം നല്‍കാതെ നിര്‍ണായക സമയത്ത് ബേസിലിനെ പന്ത് ഏല്‍പിച്ചതാണ് ഹൈദരാബാദിന് തിരിച്ചടിയായത്.

ടോസ് നേടിയ ഡല്‍ഹി സണ്‍റൈസേഴ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്ടിലാണ് ടോപ് സ്‌കോറര്‍. മനീഷ് പാണ്‌ഡെ 36 പന്തില്‍ നിന്ന് 30 ഉം വില്ല്യംസണ്‍ 27 പന്തില്‍ നിന്ന് 28 ഉം വിജയ് ശങ്കര്‍ 11 പന്തില്‍ നിന്ന് 25 ഉം റണ്‍സെടുത്തു.