ലിവര്‍പൂള്‍ എങ്ങനെ ബാഴ്‌സയെ തോല്‍പ്പിച്ചെന്ന് നോക്കൂ; ഡല്‍ഹിയെ നേരിടുന്ന ചെന്നൈയ്ക്ക് വിന്‍ഡിസ് ഇതിഹാസത്തിന്റെ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2019 04:25 PM  |  

Last Updated: 10th May 2019 04:25 PM  |   A+A-   |  

669657-dwayne-bravo-ms

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ പരിചയസമ്പത്തും യുവത്വവും തമ്മില്‍ ഏറ്റുമുട്ടും. അവിടെ ആര് ജയിച്ചു കയറും എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഈ സമയം, ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍ എങ്ങനെ ബാഴ്‌സയെ തോല്‍പ്പിച്ചുവെന്ന് നോക്കൂ എന്നാണ് വിന്‍ഡിസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സ് പറയുന്നത്. 

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഒരു നിര്‍ദേശവും അദ്ദേഹം നല്‍കുന്നു. ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയുടെ ശക്തി ഉപയോഗിക്കാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് റിച്ചാര്‍ഡ്‌സ് നിര്‍ദേശിക്കുന്നത്. ബാറ്റിങ് ഓര്‍ഡറില്‍ ആവശ്യമെങ്കില്‍ ചെന്നൈ ബ്രാവോയേ മുകളിലേക്ക് കയറ്റണം. ടീമിനെ മുഴുവന്‍ പ്രചോദിപ്പിക്കാന്‍ സാധിക്കുന്ന ഊര്‍ജം ബ്രാവോയ്ക്കുണ്ടെന്ന് റിച്ചാര്‍ഡ്‌സ്് ചൂണ്ടിക്കാണിക്കുന്നു. 

ഇന്നത്തെ മത്സരത്തില്‍ ചെന്നൈയേക്കാള്‍ മുന്‍തൂക്കം ഡല്‍ഹിക്ക് തന്നെയാണെന്നും അദ്ദേഹം പറയുന്നു. ടൂര്‍ണമെന്റിന്റെ അവസാനത്തിലേക്ക് എത്തുമ്പോഴും ഫ്രഷ് ടീമായി അവര്‍ നില്‍ക്കുന്നു. യുവതാരങ്ങളുടെ ഊര്‍ജം ടൂര്‍ണമെന്റിലുടനീളം അവര്‍ക്ക് ഗുണം ചെയ്തു. ചെന്നൈയ്ക്ക് ഡല്‍ഹി മുന്നോട്ടു വയ്ക്കുന്ന ഊര്‍ജത്തിന് ഒപ്പമെത്താന്‍ സാധിക്കണം. ആദ്യ ക്വാളിഫയറില്‍ മുംബൈയ്‌ക്കെതിരെ തന്ത്രങ്ങളിലും, താളത്തിലുമെല്ലാം ചെന്നൈയ്ക്ക് പിഴച്ചു. 

ഒരിക്കല്‍ കൂടി ചെന്നൈയ്ക്ക് ഫൈനലില്‍ കടക്കണം എങ്കില്‍ അവരുടെ ടോപ് ഓഡര്‍ ബാറ്റിങ് നിര തുടക്കം തൊട്ടെ പോസിറ്റീവായി കളിക്കണം. അവര്‍ക്ക് പരിചയസമ്പത്തുണ്ട്. ധോനിയെ പോലൊരു മനുഷ്യനുമുണ്ട്. ധോനിക്ക് തനിച്ച് തന്നെ കളിയുടെ ഗതി തിരിക്കാം. പക്ഷേ ഈ നോക്കൗട്ട് ഘട്ടത്തില്‍ ടീം വര്‍ക്കായിരിക്കും പലപ്പോഴും വിധി നിര്‍ണയിക്കുക.