10 സീസണ്‍, എട്ട് ഫൈനല്‍; ധോനിക്ക് കീഴിലെ ചെന്നൈയുടെ അതിശയിപ്പിക്കുന്ന യാത്ര ഇങ്ങനെ

സ്ഥിരത എന്നത് ധോനിക്ക് കീഴില്‍ എത്രമാത്രം ചെന്നൈ സൂപ്പര്‍ കിങ്‌സിന് നേടാനായി എന്നത് ഈ കണക്കുകള്‍ വ്യക്തമാക്കും
10 സീസണ്‍, എട്ട് ഫൈനല്‍; ധോനിക്ക് കീഴിലെ ചെന്നൈയുടെ അതിശയിപ്പിക്കുന്ന യാത്ര ഇങ്ങനെ

രണ്ട് വര്‍ഷം വിലക്ക് നേരിട്ട് ഐപിഎല്ലില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്ന ടീം. എന്നിട്ടും പന്ത്രണ്ടാം സീസണ്‍ വരെ എത്തി നില്‍ക്കുന്ന ഐപിഎല്‍ ചരിത്രത്തില്‍ എട്ട് വട്ടവും ചെന്നൈ ഫൈനലില്‍. സ്ഥിരത എന്നത് ധോനിക്ക് കീഴില്‍ എത്രമാത്രം ചെന്നൈ സൂപ്പര്‍ കിങ്‌സിന് നേടാനായി എന്നത് ഈ കണക്കുകള്‍ വ്യക്തമാക്കും. 2008 മുതലുള്ള ചെന്നൈയുടെ യാത്രകള്‍ ഇങ്ങനെ...

2008 ഫൈനല്‍, രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ വീണ് തുടക്കം

ഐപില്‍ ഉദ്ഘാടന സീസണിലെ ഫൈനലില്‍ ചെന്നൈയ്‌ക്കെതിരെ മൂന്ന് വിക്കറ്റ് ജയം നേടി രാജസ്ഥാന്‍ കിരീടത്തില്‍ മുത്തമിട്ടു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ജയം പിടിച്ചു. 

2010ല്‍ വീണ്ടും ചെന്നൈ ഫൈനലില്‍, മുംബൈയെ വീഴ്ത്തി

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സുരേഷ് റെയ്‌നയുടെ 57 റണ്‍സ് ഇന്നിങ്‌സിന്റെ ബലത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് എടുത്തു. അന്ന് മുംബൈയ്ക്ക് വേണ്ടി സച്ചിന്‍ 48 റണ്‍സ് എടുത്ത് പൊരുതിയെങ്കിലും ഫലമുണ്ടായില്ല. മറ്റ് മുംബൈ ബാറ്റ്‌സ്മാന്മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ മുംബൈയ്ക്ക് ഫൈനലില്‍ 22 റണ്‍സിന്റെ തോല്‍വി...ചെന്നൈയ്ക്ക് ആദ്യ കിരീടം. 

2011ല്‍ വീണ്ടും കിരീടം

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചെന്നൈ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. ബാംഗ്ലൂരിനായിരുന്നു അന്ന് ചെന്നൈയ്ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ വിധി. മുരളി വിജയിയുടെ 95 റണ്‍സിന്റേയും ഹസിയുടെ 63 റണ്‍സിന്റേയും മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 205 റണ്‍സ് കണ്ടെത്തി. ബാംഗ്ലൂരിന്റെ പോരാട്ടം 147 റണ്‍സില്‍ അവസാനിച്ചു. ചെന്നൈയ്ക്ക് 58 റണ്‍സ് ജയവും ഐപിഎല്‍ കിരീടവും. 

2012, ഫൈനലില്‍ കൊല്‍ക്കത്തയ്ക്ക് മുന്നില്‍ വീണു

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഐപിഎല്‍ ഫൈനലിലേക്ക് 2012ല്‍ ചെന്നൈ എത്തി. സുരേഷ് റെയ്‌നയുടെ 38 പന്തില്‍ 73 റണ്‍സ് എന്ന തകര്‍പ്പ്ന്‍ കളിയുടെ ബലത്തില്‍ ചെന്നൈ 190 എന്ന സ്‌കോര്‍ കണ്ടെത്തിയെങ്കിലും, മന്‍വീന്ദര്‍ ബിസ്ലയുടെ 89 റണ്‍സിന്റേയും കാലിസിന്റെ 69 റണ്‍സിന്റേയും ബലത്തില്‍ കൊല്‍ക്കത്ത ജയം പിടിച്ചു. 

2013ല്‍ മുംബൈയ്ക്ക് മുന്നില്‍ വീണു

നാല് വിക്കറ്റ് നേടി ബ്രാവോ മുംബൈയെ തകര്‍ത്തു. പക്ഷേ പൊള്ളാര്‍ഡിന്റെ വെടിക്കെട്ടിന്റെ മികവില്‍ മുംബൈ താരതമ്യേന ഭേദപ്പെട്ട 148 റണ്‍സിലേക്കെത്തി. പക്ഷേ 63 റണ്‍സ് നേടിയ ധോനിയെ ഒറ്റയാള്‍ പോരാട്ടത്തിന് ചെന്നൈയെ ജയത്തിലേക്ക് എത്തിക്കാനായില്ല. 23 റണ്‍സ് തോല്‍വിയാണ് അവിടെ ചെന്നൈയെ കാത്തിരുന്നത്. 

2015ല്‍ വീണ്ടും മുംബൈയ്ക്ക് മുന്നില്‍ കാലിടറി

26 പന്തില്‍ 50 റണ്‍സ് അടിച്ചെടുത്ത രോഹിത് ശര്‍മയുടെ മികവില്‍ മുംബൈ സ്‌കോര്‍ 200ന് മുകളില്‍ എത്തിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയുടെ പോരാട്ടം 161 റണ്‍സില്‍ അവസാനിച്ചു. അങ്ങനെ ഒരിക്കല്‍ കൂടി കിരീടത്തിന് മുന്നില്‍ ചെന്നൈ വീണു. 

സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ച് വീണ്ടും കിരീടം

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങി എത്തി കിരീടവും കൊണ്ട് പോയി. അന്ന് യൂസഫ് പഠാനായിരുന്നു സണ്‍റൈസേഴ്‌സിന് വേണ്ടി ചെന്നൈയ്ക്ക് മുന്നില്‍ വില്ലനായി നിന്നത്. 25 പന്തില്‍ 45 റണ്‍സ് അടിച്ചെടുത്ത യൂസഫ് പഠാന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ സണ്‍റൈസേഴ്‌സ് 178 റണ്‍സ് കണ്ടെത്തി. എന്നാല്‍ 51 പന്തില്‍ സെഞ്ചുറി നേടി വാട്‌സന്‍ ചെന്നൈയെ അനായാസ ജയത്തിലേക്ക് നയിച്ചു.

2019, മുംബൈയ്ക്ക് മുന്നില്‍ ചെന്നൈ വീണ്ടും

മുംബൈയും ചെന്നൈയും വീണ്ടും ഫൈനലില്‍ നേര്‍ക്കു നേര്‍ വരുന്നു. മൂന്ന് വട്ടം വീതം രോഹിത്തും, ധോനിയും കിരീടം നേടി. ഇന്ന് ജയിക്കുന്ന നായകന്‍ ആരാവും?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com