മികച്ച അവസരം, മികച്ച ബൗളര്‍മാര്‍, മികച്ച ടീം; ലോകകപ്പ് ഇന്ത്യ സ്വന്തമാക്കുമെന്ന് മുന്‍ നായകന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2019 05:20 PM  |  

Last Updated: 14th May 2019 05:20 PM  |   A+A-   |  

India-deserve-to-be-worlds-No-1-Mohammad-Azharuddin-1024x686

 

ഹൈദരാബാദ്: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കിരീടം ആര് സ്വന്തമാക്കുമെന്ന പ്രവചനവുമായി മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ഇത്തവണ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത അസ്ഹര്‍ നല്‍കുന്നത് ഇന്ത്യക്കാണ്. 

നമ്മുടെ മുന്നില്‍ ഏറ്റവും മികച്ച അവസരമാണിത്. മികച്ച ടീമാണ് നമ്മുടേത്. മികച്ച ബൗളര്‍മാരുണ്ട്. ഇംഗ്ലണ്ടിലെ പിച്ച് ബൗളര്‍മാര്‍ക്ക് ഏറെ അനുകൂലമാണെന്നാണ് പലരും പറയുന്നത്. ഇനി പിച്ച് അനുകൂലമല്ലെങ്കില്‍ പോലും എതിര്‍ ടീമിലെ മുഴുവന്‍ പേരെയും പുറത്താക്കാനുള്ള മികവ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുണ്ട്. ലോക നിലവാരത്തിലുള്ളവരാണ് നമ്മുടെ ബൗളര്‍മാര്‍. 

ഈ ടീം വിജയിച്ചില്ലെങ്കില്‍ അത് തനിക്ക് കടുത്ത നിരാശയുണ്ടാക്കും. ക്രിക്കറ്റില്‍ എന്തും സംഭവിക്കാം. ചില ദിവസങ്ങളില്‍ മികച്ച പ്രകടനത്തിലൂടെ ടീം വിജയിക്കുന്നു. മറ്റ് ചിലപ്പോള്‍ മറിച്ചും സംഭവിക്കാം. പക്ഷേ ഇന്ത്യക്ക് നിരാശപ്പെടേണ്ടി വരില്ലായെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ കഴിഞ്ഞാല്‍ ആതിഥേയരായ ഇംഗ്ലണ്ട്, നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ടീമുകളും കിരീട സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്നു- അസ്ഹര്‍ കൂട്ടിച്ചേര്‍ത്തു. 

ഈ മാസം 30നാണ് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ ഉദ്ഘാടന മത്സരം.