രഞ്ജിയില്‍ കേരളത്തിന്റെ കുതിപ്പിന് ഊര്‍ജ്ജം പകരാന്‍ റോബിന്‍ ഉത്തപ്പ വരുന്നു..?

കേരളത്തിന് വേണ്ടി കളിക്കുന്നതിന് റോബിന്‍ നിബന്ധനകള്‍ ഒന്നും വെച്ചിട്ടില്ലെന്നും കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ സൂചിപ്പിച്ചു
രഞ്ജിയില്‍ കേരളത്തിന്റെ കുതിപ്പിന് ഊര്‍ജ്ജം പകരാന്‍ റോബിന്‍ ഉത്തപ്പ വരുന്നു..?

കൊച്ചി : മുന്‍ ഇന്ത്യന്‍ താരവും പാതി മലയാളിയുമായ റോബിന്‍ ഉത്തപ്പ കേരളത്തിലേക്ക്. അടുത്ത സീസണില്‍ രഞ്ജിട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ചേക്കുമെന്ന് സൂചന. കേരളത്തിന് വേണ്ടി പാഡണിയാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉത്തപ്പയെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. 

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് റോബിന്‍ ഉത്തപ്പ. 33 കാരനായ ഇദ്ദേഹം കഴിഞ്ഞ രണ്ട് സീസണുകളായി സൗരാഷ്ട്രക്ക് വേണ്ടിയാണ് രഞ്ജിയില്‍ കളിക്കുന്നത്. കേരളത്തിന്റെ ഓഫറിനോട് ഉത്തപ്പ അനുകൂലമായാണ് പ്രതികരിച്ചതെന്നും, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ നോ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണെന്നും കെസിഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

കരാര്‍ ഒപ്പിട്ടാല്‍, കഴിഞ്ഞ രണ്ട് ആഭ്യന്തര സീസണിലും കേരളത്തിന് വേണ്ടി കളിച്ച കര്‍ണാടക താരം കെ ബി അരുണ്‍ കാര്‍ത്തിക്കിന് പകരമായാകും റോബിന്‍ ഉത്തപ്പ ടീമിലെത്തുക. പരിചയസമ്പന്നനായ ഉത്തപ്പ ടീമിലെത്തുന്നതോടെ, ബാറ്റിംഗിലെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കേരള ടീമിനാകുമെന്ന് കെസിഎ കണക്കുകൂട്ടുന്നു. കേരളത്തിന് വേണ്ടി കളിക്കുന്നതിന് റോബിന്‍ നിബന്ധനകള്‍ ഒന്നും വെച്ചിട്ടില്ലെന്നും കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ സൂചിപ്പിച്ചു. 

ഒന്നര പതിറ്റാണ്ടോളം കര്‍ണാടകയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിച്ച റോബിന്‍ ഉത്തപ്പ, രണ്ടു വര്‍ഷം മുമ്പാണ് കര്‍ണാടക വിടുന്ന കാര്യം ആലോചിക്കുന്നതായി പ്രഖ്യാപിച്ചത്. അപ്പോള്‍ തന്നെ കേരളം സമീപിച്ചെങ്കിലും, നിബന്ധനകള്‍ പാലിക്കാന്‍ കഴിയാതിരുന്നതോടെ കരാര്‍ യാഥാര്‍ത്ഥ്യമായില്ല. തുടര്‍ന്ന് സൗരാഷ്ട്രയുമായി കരാര്‍ ഒപ്പിട്ട റോബിന്‍ അവര്‍ക്ക് വേണ്ടി കളിക്കാനിറങ്ങി. 

ആഭ്യന്ത ക്രിക്കറ്റിലെ തിളക്കമാര്‍ന്ന പ്രകടനത്തെ തുടര്‍ന്ന് 2006 ലാണ് റോബിന്‍ ഉത്തപ്പ ആദ്യമായി ഇന്ത്യന്‍ ടീമിലെത്തുന്നത്. അരങ്ങേറ്റത്തില്‍ ഇംഗ്ലണ്ടിനെതിരെ 86 റണ്‍സെടുത്ത് ഉത്തപ്പ തിളങ്ങി. ഇതാണ് ഉത്തപ്പയുടെ അന്താരാഷ്ട്ര തലത്തിലെ ഉയര്‍ന്ന സ്‌കോറും.  2007 ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെ 33 പന്തില്‍ 47 റണ്‍സടിച്ച് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാനും ഉത്തപ്പയ്ക്ക് കഴിഞ്ഞു. ആദ്യ ട്വന്റി-20 ലോകകപ്പിലും ഉത്തപ്പ ഇന്ത്യന്‍ ടീമിലംഗമായിരുന്നു. 

എന്നാല്‍ മികവ് നിലനിര്‍ത്താന്‍ കഴിയാതിരുന്നതോടെ 2008 ലെ ഏഷ്യാകപ്പിന് പിന്നാലെ റോബിന്‍ ഉത്തപ്പ ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെടുകയായിരുന്നു. ഇടയ്ക്ക് 2014 ലും 2015 ലും ഇന്ത്യന്‍ ടീമിലെത്തിയെങ്കിലും ടീമിലെ സ്ഥിര സാന്നിധ്യമാകാന്‍ കഴിഞ്ഞിരുന്നില്ല. റോബിന്‍ ഉത്തപ്പയുടെ അമ്മ മലയാളിയാണ്. ഇതാണ് ഉത്തപ്പയ്ക്ക് കേരളവുമായിട്ടുള്ള മറ്റൊരു ബന്ധം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com