സഞ്ജുവിന്റെ പ്രതീക്ഷകളടച്ച് രോഹിത്തിന്റെ വാക്കുകള്‍; ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മേല്‍ മഹയുടെ ഭീഷണിയും

മഴയെ തുടര്‍ന്ന് കളി ഉപേക്ഷിക്കേണ്ടി വന്നാല്‍  മൂന്ന് ട്വന്റി20യുള്ള പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുന്ന ബംഗ്ലാദേശിന് അത് നേട്ടമാവും
സഞ്ജുവിന്റെ പ്രതീക്ഷകളടച്ച് രോഹിത്തിന്റെ വാക്കുകള്‍; ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മേല്‍ മഹയുടെ ഭീഷണിയും

രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 ഇന്ന് രാജ്‌കോട്ടില്‍. ഡല്‍ഹിയില്‍ വായുമലിനീകരണമായിരുന്നു വില്ലനെങ്കില്‍ രാജ്‌കോട്ടിലേക്കെത്തുമ്പോള്‍ മഹാ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മഴയാണ് കളിക്ക് ഭീഷണി തീര്‍ക്കുന്നത്. മഴയെ തുടര്‍ന്ന് കളി ഉപേക്ഷിക്കേണ്ടി വന്നാല്‍  മൂന്ന് ട്വന്റി20യുള്ള പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുന്ന ബംഗ്ലാദേശിന് അത് നേട്ടമാവും.

മികച്ച സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കുന്ന പിച്ചാണ് രാജ്‌കോട്ടിലേത് എന്ന് മത്സരത്തലേന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ട നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാവും എന്ന് വ്യക്തമാക്കിയ രോഹിത് പക്ഷേ ബൗളിങ് വിഭാഗത്തിലാവും മാറ്റം വരുത്തുക എന്ന സൂചനയും നല്‍കി.

ഡല്‍ഹി ട്വന്റി20യില്‍ ബാറ്റ്‌സ്മാന്മാര്‍ മികച്ച പ്രകടനമാണ് നടത്തിയത് എന്നാണ് രോഹിത് പറയുന്നത്. അതുകൊണ്ട് തന്നെ ബാറ്റിങ് വിഭാഗത്തില്‍ എന്തെങ്കിലും മാറ്റം വരുത്തണം എന്ന് തോന്നുന്നില്ല. എന്നാല്‍, ഞങ്ങള്‍ പിച്ച് വിലയിരുത്തും. അതിന് ശേഷമാവും വേണ്ട മാറ്റങ്ങള്‍ വരുത്തുക, രോഹിത് പറഞ്ഞു.

രോഹിത്തിന്റെ വാക്കുകള്‍ വന്നതോടെ സഞ്ജു സാംസണിന് പ്ലേയിങ് ഇലവനിലേക്ക് എത്താനാവുമോ എന്നത് സംബന്ധിച്ച് വീണ്ടും ആശങ്ക ഉടലെടുത്തു. രാജ്‌കോട്ടിലെ പിച്ചിന്റെ സ്വഭാവം കണക്കിലെടുത്താവും പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തുക എന്ന രോഹിത്തിന്റെ വാക്കുകള്‍ അല്‍പ്പമെങ്കിലും സഞ്ജുവിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

പ്ലേയിങ് ഇലവനിലേക്ക് സഞ്ജുവിന് എത്തണം എങ്കില്‍ ഡല്‍ഹിയില്‍ കളിച്ച ശിവം ദുബെയെയോ, കെ എല്‍ രാഹുലിനെയോ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റണം. അതിന് ടീം മാനേജ്‌മെന്റ് മുതിരാനുള്ള സാധ്യത വിരളമാണ്. ബൗളിങ് നിരയില്‍ ഖലീല്‍ അഹ്മദിന് പകരം ഷര്‍ദുല്‍ താക്കൂറിനെ കൊണ്ടുവന്നായിരിക്കും മാറ്റം എന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com