'കുറ്റകൃത്യത്തില്‍ പങ്കാളികളാണ്'; ധോനിയുമൊത്തുള്ള ചിത്രം പങ്കിട്ട് കോഹ്‌ലി; തല വിരമിക്കാനൊരുങ്ങുന്നു? 

കോഹ്‌ലി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ഒരു ചിത്രവും അതിന് താഴെയിട്ട ഒരു കുറിപ്പുമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച
'കുറ്റകൃത്യത്തില്‍ പങ്കാളികളാണ്'; ധോനിയുമൊത്തുള്ള ചിത്രം പങ്കിട്ട് കോഹ്‌ലി; തല വിരമിക്കാനൊരുങ്ങുന്നു? 

കൊല്‍ക്കത്ത: പിങ്ക് പന്തില്‍ പകല്‍- രാത്രി ടെസ്റ്റിനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാനൊരുങ്ങുന്നത്. ബംഗ്ലാദേശിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്‍ക്കത്തയില്‍ എത്തി പരിശീലനം തുടങ്ങിയിട്ടുണ്ട്. 

അതിനിടെ കോഹ്‌ലി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ഒരു ചിത്രവും അതിന് താഴെയിട്ട ഒരു കുറിപ്പുമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിക്കൊപ്പമുള്ള പരിശീലനത്തിനിടെയുള്ള ചിത്രമാണ് കോഹ്‌ലി പങ്കിട്ടത്. ചിത്രത്തില്‍ ധോനി പുറം തിരിഞ്ഞ് നില്‍ക്കുന്നതാണുള്ളത്. 

'കുറ്റകൃത്യത്തില്‍ പങ്കാളികള്‍... കുറ്റം: അതിര്‍ത്തിയിലെ ഫീല്‍ഡര്‍മാരില്‍ നിന്ന് ഡബിള്‍സ് മോഷ്ടിക്കുന്നു' ആരാണെന്ന് ഊഹിക്കാമോ എന്നും കുറിപ്പില്‍ കോഹ്‌ലി ചോദിക്കുന്നുണ്ട്. 

ലോകകപ്പിന് ശേഷം ധോനി ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടില്ല. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കോഹ്‌ലിക്ക് ഫീല്‍ഡില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയിരുന്നത് ധോനിയായിരുന്നു. അതുകൊണ്ട് തന്നെ വെറ്ററന്‍ താരത്തിന്റെ അഭാവത്തെക്കുറിച്ച് ക്യാപ്റ്റന്‍ പലപ്പോഴും പറയുകയും ചെയ്തിരുന്നു. 

ഏതായാലും പുതിയ ചിത്രവും കുറിപ്പുമൊക്കെ ധോനിയുടെ വിരമിക്കല്‍ വാര്‍ത്തയെ വീണ്ടും സജീവമാക്കി നിര്‍ത്തിയിരിക്കുകയാണിപ്പോള്‍. അതിനിടെ ധോനി പരിശീലനം പുനരാരംഭിച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരായ പരിമിത ഓവര്‍ പോരാട്ടത്തിനുള്ള ടീമിനെ നാളെ തിരഞ്ഞെടുക്കും. ധോനി ടീമില്‍ തിരിച്ചെത്തുമോ എന്ന് കാത്തിരുന്ന് കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com