പൊചെറ്റിനോ പുറത്ത്; പകരം ആര്? നിര്‍ണായക തന്ത്രങ്ങളുമായി മൗറീഞ്ഞോ

ടോട്ടനം ഹോട്‌സ്പറിന് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച പരിശീലകന്‍ മൗറീസിയോ പൊചെറ്റിനോയെ ക്ലബ് പുറത്താക്കി
പൊചെറ്റിനോ പുറത്ത്; പകരം ആര്? നിര്‍ണായക തന്ത്രങ്ങളുമായി മൗറീഞ്ഞോ

ലണ്ടന്‍: ടോട്ടനം ഹോട്‌സ്പറിന് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച പരിശീലകന്‍ മൗറീസിയോ പൊചെറ്റിനോയെ ക്ലബ് പുറത്താക്കി. തുടര്‍ പരാജയങ്ങളും സീസണിലെ ക്ലബിന്റെ മോശം പ്രകടനവുമാണ് പൊചെറ്റിനോയ്ക്ക് പുറത്തേക്കുള്ള വഴി തെളിയിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പൊചെറ്റിനോയായിരുന്നു ക്ലബിന്റെ പരിശീലകന്‍. പൊചെറ്റിനോയ്ക്ക് പകരം വിഖ്യാത കോച്ച് ഹോസെ മൗറീഞ്ഞോ ടോട്ടനത്തിന്റെ പുതിയ പരിശീലകനായി എത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ടോട്ടനത്തെ യൂറോപ്യന്‍ ഫുട്‌ബോളിലെ നിര്‍ണായക ശക്തിയായ വളര്‍ത്തിയെടുത്ത ശേഷമാണ് 47കാരനായ പൊചെറ്റിനോ പടിയിറങ്ങുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ജര്‍മന്‍ ബുണ്ടസ് ലീഗ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് ക്ലബുകള്‍ പൊചെറ്റിനോയ്ക്കായി രംഗത്തുണ്ട്.

മൗറീഞ്ഞോ പരിശീലക സ്ഥാനമേറ്റെടുക്കുമെന്ന കാര്യം ഏതാണ്ടുറപ്പായിട്ടുണ്ട്. ഇക്കാര്യത്തില്‍ ക്ലബുമായി ധാരണയായെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മൗറീഞ്ഞോയുടെ വരവ് ഉടന്‍ തന്നെ ഔദ്യോഗികമാകും. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട മൗറീഞ്ഞോ ഇതുവരെ വേറെ ക്ലബുകളില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ താന്‍ ആഗ്രഹിച്ച ടീമിനെ ഒരുക്കാന്‍ മൗറീഞ്ഞോയ്ക്ക് ആയിരുന്നില്ല. ടോട്ടനമില്‍ മൗറീഞ്ഞോയ്ക്ക് ആവശ്യത്തിനു സമയം ലഭിക്കും എന്നതിനാല്‍ മികച്ച ഫലങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അടുത്ത ആഴ്ച ടോട്ടനം- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മത്സരമുണ്ട് എന്നതും മൗറീഞ്ഞോയുടെ തിരിച്ചുവരവ് കൗതുകകരമാക്കുന്നു. ഇംഗ്ലണ്ടില്‍ മൗറീഞ്ഞോയുടെ മൂന്നാമത്തെ ക്ലബ് ആകും സ്പര്‍സ്. നേരത്തെ ചെല്‍സിയെയും മൗറീഞ്ഞോ പരിശീലിപ്പിച്ചിരുന്നു. ഇന്റര്‍ മിലാന്‍, റയല്‍ മാഡ്രിഡ്, പോര്‍ട്ടോ തുടങ്ങിയ ക്ലബുകളിലെല്ലാം വെന്നിക്കൊടി പാറിച്ചിട്ടുള്ള മൗറീഞ്ഞോ ടോട്ടനത്തില്‍ എന്ത് മാജിക്കാവും കാണിക്കുക എന്ന് കാത്തിരുന്ന് കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com