നാല് ഓവര്‍ തികച്ചെറിയാന്‍ ക്രുനാലിന് പറ്റുമോ? പകരം ജഡേജയെ കളിപ്പിക്കണം; കണക്കുകള്‍ മാറ്റിവയ്ക്കണമെന്ന് സഞ്ജയ് ബംഗാര്‍

'ട്വന്റി20യില്‍ റിസ്റ്റ് സ്പിന്നറെ ടീമില്‍ വേണം. വിദേശ മണ്ണിലടക്കം ഇന്ത്യ ജയം പിടിച്ചതില്‍ രണ്ട് റിസ്റ്റ് സ്പിന്നര്‍മാരുടെ പങ്ക് വലുതാണ്'
നാല് ഓവര്‍ തികച്ചെറിയാന്‍ ക്രുനാലിന് പറ്റുമോ? പകരം ജഡേജയെ കളിപ്പിക്കണം; കണക്കുകള്‍ മാറ്റിവയ്ക്കണമെന്ന് സഞ്ജയ് ബംഗാര്‍

ട്വന്റി20യില്‍ ഓള്‍ റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയേക്കാള്‍ കൂടുതല്‍ പരിഗണന നല്‍കേണ്ടത് രവീന്ദ്ര ജഡേജയ്ക്കാണെന്ന് ഇന്ത്യന്‍ മുന്‍ ബാറ്റിങ് കോച്ചായ സഞ്ജയ് ബംഗാര്‍. നാല് ഓവര്‍ അടുപ്പിച്ച് എറിയാന്‍ നല്‍കിയാല്‍ ക്രുനാലില്‍ നിന്ന് പ്രതീക്ഷിച്ച ഫലം ലഭിച്ചെന്ന് വരില്ല. എന്നാല്‍ രവീന്ദ്ര ജഡേജ അദ്ദേഹത്തിന്റെ മികച്ച ഫോമിലാണ് ഇപ്പോഴുള്ളത് എന്ന് ബംഗാര്‍ ചൂണ്ടിക്കാണിക്കുന്നു. 

ട്വന്റി20യിലെ ജഡേജയുടെ കണക്കുകള്‍ തൃപ്തികരമല്ല. 44 മത്സരങ്ങളില്‍ നിന്ന് 154 റണ്‍സ് ആണ് ജഡേജയുടെ സമ്പാദ്യം. മികച്ച സ്‌കോര്‍ 25 റണ്‍സും. വീഴ്ത്തിയത് 33 വിക്കറ്റും. ട്വന്റി20യിലേക്ക് എത്തുമ്പോള്‍ ജഡേജയേക്കാള്‍ മികച്ച കണക്ക് ക്രുനാലിന്റെ പക്കലുണ്ട്. 18 ട്വന്റി20 കളിച്ചതില്‍ നിന്ന് 121 റണ്‍സും, 14 വിക്കറ്റുമാണ് ക്രുനാലിന്റെ അക്കൗണ്ടിലുള്ളത്. 

ട്വന്റി20യില്‍ റിസ്റ്റ് സ്പിന്നറെ ടീമില്‍ വേണം. വിദേശ മണ്ണിലടക്കം ഇന്ത്യ ജയം പിടിച്ചതില്‍ രണ്ട് റിസ്റ്റ് സ്പിന്നര്‍മാരുടെ പങ്ക് വലുതാണ്. അതോടൊപ്പം നാല് ഓവറും പൂര്‍ണമായി എറിയാന്‍ പ്രാപ്തമായ ബൗളര്‍ കൂടി വേണം, ഒപ്പം ഏഴാമത് ബാറ്റ് ചെയ്യുകയും വേണമെന്ന് ജഡേജയെ പിന്തുണച്ച് ബംഗാര്‍ പറയുന്നു. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തിയിരുന്നു. ക്രുനാല്‍ പാണ്ഡ്യയെ ഒഴിവാക്കുകയും ചെയ്തു. ബംഗ്ലാദേശിന് എതിരെ രണ്ട് ട്വന്റി20 ക്രുനാല്‍ കളിച്ചിരുന്നു. ഓള്‍ റൗണ്ടര്‍മാരിലേക്ക് എത്തുമ്പോള്‍ ശിവം ദുബെയും, വാഷിങ്ടണ്‍ സുന്ദറും ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ദീപക് ചഹറിന്റെ ബാറ്റില്‍ നിന്ന് വന്ന വെടിക്കെട്ടും വാലറ്റത്ത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com