കന്നി ഇരട്ട ശതകവുമായി മായങ്കിന്റെ മായാജാലം; കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യ കുതിക്കുന്നു

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 440 റണ്‍സെന്ന നിലയിലാണ്
കന്നി ഇരട്ട ശതകവുമായി മായങ്കിന്റെ മായാജാലം; കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യ കുതിക്കുന്നു

വിശാഖപട്ടണം: കരിയറിലെ കന്നി സെഞ്ച്വറി തന്നെ ഇരട്ട ശതകത്തിലെത്തിച്ച് ഓപണര്‍ മായങ്ക് അഗര്‍വാള്‍ വെട്ടിത്തളങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 440 റണ്‍സെന്ന നിലയിലാണ്. 

358 പന്തില്‍ അഞ്ച് സിക്‌സും 22 ബൗണ്ടറികളുമടക്കമാണ് മായങ്ക് ആദ്യ ഇരട്ട സെഞ്ച്വറി കുറിച്ചത്. മൊത്തം 371 പന്തുകള്‍ നേരിട്ട് 215 റണ്‍സെടുത്ത് താരം പുറത്തായി. 23 ഫോറുകളും ആറ് സിക്‌സും ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് റണ്ണുമായി രവീന്ദ്ര ജഡേജയും ഒരു റണ്ണുമായി ഹനുമ വിഹാരിയും ക്രീസില്‍. 

രണ്ടാം ദിവസത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 244 പന്തില്‍ ആറ് സിക്‌സും 23 ബൗണ്ടറികളുമടക്കം 176 റണ്‍സെടുത്ത രോഹിത്തിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ടെസ്റ്റില്‍ ഓപണറായുള്ള അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടിയ രോഹിത്തിനെ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ കേശവ് മഹാരാജിന്റെ പന്തില്‍ ഡി കോക്ക് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. ചേതേശ്വര്‍ പൂജാര (ആറ്), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (20), അജിന്‍ക്യ രഹാനെ (15) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 

ഓപണിങ് വിക്കറ്റില്‍ 317 റണ്‍സ് കൂട്ടിച്ചേര്‍ത്ത രോഹിത്- മായങ്ക് സഖ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏതു വിക്കറ്റിലും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 2007ല്‍ ചെന്നൈ ടെസ്റ്റില്‍ വീരേന്ദര്‍ സെവാഗും രാഹുല്‍ ദ്രാവിഡും ചേര്‍ന്നെടുത്ത 268 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ മറികടന്നത്.

നേരത്തെ മായങ്കിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണ് വിശാഖപട്ടണത്ത് പിറന്നത്. 204 പന്തില്‍ നിന്ന് രണ്ട് സിക്‌സും 13 ബൗണ്ടറികളുമടക്കമാണ് മായങ്ക് ശതകത്തിലെത്തിയത്. ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന 86ാമത്തെ ഇന്ത്യന്‍ താരമാണ് മായങ്ക്. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് രണ്ടും ഫിലാന്‍ഡര്‍, മുത്തുസാമി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com