'പന്ത്' പിടിക്കാന്‍ സഹായം തേടി റിഷഭ് പന്ത്; പരിശീലിപ്പിക്കുന്നത് കിരണ്‍ മോറെ

വിക്കറ്റ് കീപ്പിങിലെ തന്റെ പോരായ്മകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് താരമിപ്പോള്‍
'പന്ത്' പിടിക്കാന്‍ സഹായം തേടി റിഷഭ് പന്ത്; പരിശീലിപ്പിക്കുന്നത് കിരണ്‍ മോറെ

ന്യൂഡല്‍ഹി: ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും തുടരെ പരാജയപ്പെട്ട് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ് റിഷഭ് പന്ത്. തുടരെ അവസരങ്ങള്‍ ലഭിച്ചിട്ടും അത് മുതലാക്കാന്‍ യുവ താരത്തിന് സാധിക്കാതെ പോയി. അതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള അന്തിമ ഇലവനില്‍ താരത്തിന് പകരം വെറ്ററന്‍ കീപ്പര്‍ വൃദ്ധിമാന്‍ സാഹയാണ് ടീമിലെത്തിയത്. 

നൈസര്‍ഗിക കഴിവുണ്ടായിട്ടും അശ്രദ്ധമായി കളിക്കുന്ന റിഷഭിന്റെ രീതിയെ വിമര്‍ശിച്ച് മുന്‍ താരങ്ങളില്‍ പലരും പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. പ്രകടനത്തെ തിടുക്കപ്പെട്ട് വിലയിരുത്തരുതെന്നും അത് വളര്‍ന്നു വരുന്ന താരത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നായിരുന്നു ചില മുന്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടത്. 

ടീമില്‍ തിരികെയെത്തി വിമര്‍ശനങ്ങള്‍ക്ക് തക്കതായി മറുപടി പറയാനുള്ള ഒരുക്കത്തിലാണ് റിഷഭ് പന്തെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. വിക്കറ്റ് കീപ്പിങിലെ തന്റെ പോരായ്മകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് താരമിപ്പോള്‍. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ കിരണ്‍ മോറെയുടെ കീഴിലാണ് താരമിപ്പോള്‍ പരിശീലനം നടത്തുന്നത്. 

വിക്കറ്റ് കീപ്പിങ് സ്‌കില്ലുകള്‍ മെച്ചപ്പെടുത്താനാണ് പന്ത് കിരണ്‍ മോറെയുടെ സഹായം തേടിയത്. എന്നാല്‍ കിരണ്‍ മോറെയെ ബിസിസിഐ അല്ല നിയമിച്ചത്. 

11 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് റിഷഭ് പന്ത് 53 പുറത്താക്കല്‍ നടത്തിയെങ്കിലും താരത്തിന്റെ വിക്കറ്റ് കീപ്പിങ്ങിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രത്യേകിച്ച് ഇന്ത്യന്‍ സാഹചര്യത്തില്‍ ടേണ്‍ ചെയ്ത് എത്തുന്ന പന്തുകള്‍ കൈകാര്യം ചെയ്യുന്നതില്‍ താരം നിരന്തരം പരാജയപ്പെടുകയായിരുന്നു. ഇതിന് പരിഹാരം തേടിയാണ് റിഷഭ് പന്ത് കിരണ്‍ മോറെയുടെ സഹായം തേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com