കെണിയൊരുക്കി സ്പിന്നും പേസും; തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് മികച്ച ലീഡ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച ലീഡ്
കെണിയൊരുക്കി സ്പിന്നും പേസും; തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് മികച്ച ലീഡ്

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച ലീഡ്. ഇന്ത്യ ഒന്നാം ഇന്നിങ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 275 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ 326 റണ്‍സിന്റെ മികച്ച ലീഡ് സ്വന്തമാക്കുകയായിരുന്നു. 

ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മറുപടി പറയാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഒരു ഘട്ടത്തില്‍ എട്ടിന് 162 റണ്‍സെന്ന നിലയില്‍ അവര്‍ തകര്‍ന്നു. എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ 109 റണ്‍സ് കൂട്ടിച്ചേര്‍ത്ത കേശവ് മഹാരാജ്-  വെര്‍നോണ്‍ ഫിലാന്‍ഡര്‍ സഖ്യത്തിന്റെ ബാറ്റിങ് അവരെ വന്‍ നാണക്കേടില്‍ നിന്ന് കരകയറ്റി. 

132 പന്തുകള്‍ നേരിട്ട കേശവ് മഹാരാജ് 12 ബൗണ്ടറികളടക്കം 72 റണ്‍സെടുത്തു. ടീമിന്റെ ടോപ് സ്‌കോററും മഹാരാജ് തന്നെ. 192 പന്തുകള്‍ നേരിട്ട് ആറ് ബൗണ്ടറികളോടെ 44 റണ്‍സെടുത്ത ഫിലാന്‍ഡര്‍ പുറത്താകാതെ നിന്നു.

നേരത്തെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് (64), ട്യുണിസ് ഡി ബ്രുയ്ന്‍ (30), ക്വിന്റണ്‍ ഡി കോക്ക് (31) എന്നിവര്‍ക്കു മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിനെ അല്‍പ്പമെങ്കിലും പ്രതിരോധിക്കാനായത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. 

ഇന്ത്യയ്ക്കായി രവിചന്ദ്രന്‍ അശ്വിന്‍ നാല് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ് മൂന്ന് വിക്കറ്റെടുത്തു. ഷമി രണ്ട് വിക്കറ്റുകള്‍ നേടി. ശേഷിച്ച ഒരു വിക്കറ്റ് ജഡേജ സ്വന്തമാക്കി. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഇരട്ട സെഞ്ച്വറി മികവിലാണ് ഒന്നാം ഇന്നിങ്‌സില്‍ 601 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിയത്. ടെസ്റ്റില്‍ ഏഴാം ഇരട്ട സെഞ്ച്വറി നേടിയ കോഹ്‌ലി 336 പന്തില്‍ രണ്ട് സിക്‌സും 33 ബൗണ്ടറികളുമായി 254 റണ്‍സോടെ പുറത്താകാതെ നിന്നു. 

ഒന്നാം ദിനം സെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാളാണ് (108) ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. രവീന്ദ്ര ജഡേജ (91), അജിന്‍ക്യ രഹാനെ (59), ചേതേശ്വര്‍ പൂജാര (58) എന്നിവരുടെ അര്‍ധ ശതകങ്ങളും ഇന്ത്യന്‍ മുന്നേറ്റത്തില്‍ നിര്‍ണായകമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com