സ്റ്റമ്പിന് മുകളില്‍ ബെയില്‍സില്ലാതെ ആഷസ് പോരാട്ടം; മാഞ്ചസ്റ്ററില്‍ നടന്നത് ഇതാണ്

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ആഷസ് ടെസ്റ്റ് പുരോഗമിക്കുകയാണ്
സ്റ്റമ്പിന് മുകളില്‍ ബെയില്‍സില്ലാതെ ആഷസ് പോരാട്ടം; മാഞ്ചസ്റ്ററില്‍ നടന്നത് ഇതാണ്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ആഷസ് ടെസ്റ്റ് പുരോഗമിക്കുകയാണ്. രണ്ടാം ദിവസമായ ഇന്ന് ഓസ്‌ട്രേലിയ ബാറ്റിങ് തുടരുന്നു. ഒന്നാം ദിനത്തില്‍ ഇടയ്ക്കിടെ മഴ പെയ്തതിനെ തുടര്‍ന്ന് മത്സരം പലപ്പോഴായി തടസപ്പെട്ടിരുന്നു. മഴ മാറി മത്സരം തുടങ്ങിയപ്പോള്‍ കാറ്റും വില്ലനായി. 

ഒന്നാം ദിനത്തില്‍ മത്സരം പുരോഗമിക്കവേ ബെയില്‍സില്ലാതെ സ്റ്റമ്പ് മാത്രമായി ഇടയ്ക്ക് കളി നടന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കാറ്റ് ശക്തമായതിനെ തുടര്‍ന്നാണ് ബെയ്ല്‍സില്ലാതെ കുറച്ച് നേരം മത്സരം അരങ്ങേറിയത്. 

ഓസ്‌ട്രേലിയ ബാറ്റ് ചെയ്യവേ 32ാം ഓവറില്‍ കാറ്റ് ശക്തമായി. ഈ സമയത്ത് കാണികളുടെ ഇടയില്‍ നിന്ന് കുട്ടികള്‍ കളിക്കുന്ന ബീച്ച് ബോളും, ലഘു ഭക്ഷണങ്ങളുടെ പാക്കറ്റുകളും ഗ്രൗണ്ടിലേക്ക് പറന്നെത്തി. കാറ്റത്ത് ബെയില്‍സും താഴെ പോയിരുന്നു. ഈ സമയത്താണ് അമ്പയര്‍മാരായ കുമാര്‍ ധര്‍മസേനയും മരയ്‌സ് ഇറസ്മസും ബെയില്‍സില്ലാതെ മത്സരം തുടരാന്‍ തീരുമാനിച്ചത്. 

സാഹചര്യങ്ങളനുസരിച്ച് ബെയില്‍സില്ലാതെ മത്സരം മുന്നോട്ട് കൊണ്ടുപോകാന്‍ അമ്പയര്‍ക്ക് അധികാരമുണ്ട്. ക്രിക്കറ്റ് നിയമത്തിന്റെ 8.5ല്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ബെയില്‍സില്ലാതെ കളിക്കാന്‍ തീരുമാനിച്ചാല്‍ രണ്ട് ഭാഗത്തെയും ബെയില്‍സുകള്‍ എടുത്തു മാറ്റണം. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ബെയില്‍സ് തിരികെ വയ്ക്കാനും അമ്പയര്‍ക്ക് അധികാരമുണ്ട്. 

2017ല്‍ അഫ്ഗാനിസ്ഥാനും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഇത്തരത്തില്‍ ആദ്യമായി ബെയില്‍സില്ലാതെ മത്സരം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com