പുറത്താക്കുന്നതിന് മുന്‍പ് സ്വയം മാറണം, സമയമെത്തി; ധോനി വിരമിക്കണമെന്ന് സുനില്‍ ഗാവസ്‌കര്‍

പുറത്താക്കുന്നതിന് മുന്‍പ് സ്വയം മാറണം, സമയമെത്തി; ധോനി വിരമിക്കണമെന്ന് സുനില്‍ ഗാവസ്‌കര്‍

'എല്ലാ ബഹുമാനത്തോടേയും പറയുകയാണ്, ധോനിയുടെ സമയമെത്തി. ധോനിക്ക് ശേഷമുള്ള നാളുകളിലേക്ക് ഇന്ത്യ നോക്കി തുടങ്ങണം'

മുംബൈ: ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. ധോനി വിരമിക്കേണ്ട സമയമെത്തിയെന്നും, ധോനിയുടെ പകരക്കാരനെ ഇന്ത്യ കണ്ടെത്തി തുടങ്ങേണ്ട സമയമായെന്നും ഗാവസ്‌കര്‍ പറഞ്ഞു. 

എല്ലാ ബഹുമാനത്തോടേയും പറയുകയാണ്, ധോനിയുടെ സമയമെത്തി. ധോനിക്ക് ശേഷമുള്ള നാളുകളിലേക്ക് ഇന്ത്യ നോക്കി തുടങ്ങണം. ധോനിയോടുള്ള ആദരവ് മുന്‍നിര്‍ത്തി പറയുകയാണ്, പുറത്താക്കുന്നതിന് മുന്‍പ് ധോനി പോവണം, ഗാവസ്‌കര്‍ പറഞ്ഞു. 

ധോനിയുടെ മനസില്‍ എന്താണെന്ന് ആര്‍ക്കും അറിയില്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റെ ഭാവി എന്താണെന്നത് സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് ധോനി തന്നെയാണ്. എന്നാല്‍ 38 വയസില്‍ ധോനി എത്തി നില്‍ക്കുമ്പോള്‍, ഇന്ത്യ വരും നാളുകളിലേക്കാണ് നോക്കേണ്ടത്. അടുത്ത വര്‍ഷത്തെ ലോകകപ്പ് വരുമ്പോഴേക്കും ധോനിയുടെ പ്രായം 39ലേക്കെത്തുമെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. 

ടീമിന് ധോനി നല്‍കുന്ന മൂല്യം വളരെ വലുതാണ്. ധോനി സ്‌കോര്‍ ചെയ്യുന്ന റണ്‍സോ, സ്റ്റംപിങ്ങോ അല്ല, ധോനിയുടെ സാന്നിധ്യം തന്നെ ആശ്വാസകരമാണ്. നായകന് ധോനിയില്‍ നിന്ന് സഹായവും ലഭിക്കുന്നു. പക്ഷേ ഞാന്‍ വിശ്വസിക്കുന്നത് ധോനിയുടെ സമയം കഴിഞ്ഞു എന്നാണെന്നും ഗാവസ്‌കര്‍ പറഞ്ഞു. 

നിരന്തരം പരാജയപ്പെടുന്ന യുവതാരം റിഷഭ് പന്തില്‍ പ്രതീക്ഷ വയ്ക്കാനും ഗാവസ്‌കര്‍ പറയുന്നു. രണ്ടാം വര്‍ഷം ബാറ്റ്‌സ്മാനായാലും ബൗളര്‍ക്കായാലും ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും. ആ ഘട്ടത്തിലൂടെയാണ് പന്തിപ്പോള്‍ കടന്നു പോവുന്നത്. പന്തിന് വേണ്ടി ക്ഷമയോടെ കാത്തിരിക്കുകയെന്നും ഗാവസ്‌കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com