ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ്; ടാറ്റാ സണ്‍സിനും, അണ്‍അക്കാദമിക്കും സാധ്യത, തുണച്ചത് ചൈനീസ് ബന്ധമില്ലാത്തത് 

ചൈനയില്‍ നിന്നുള്ള നിക്ഷേപം ഇല്ലാത്ത ബ്രാന്‍ഡുകളെയാണ് ബിസിസിഐ ലക്ഷ്യം വെക്കുന്നത്. ഇതാണ് ടാറ്റാ സണ്‍സിലേക്കും അണ്‍അക്കാദമിയിലേക്കും ശ്രദ്ധയെത്തിച്ചത്
ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ്; ടാറ്റാ സണ്‍സിനും, അണ്‍അക്കാദമിക്കും സാധ്യത, തുണച്ചത് ചൈനീസ് ബന്ധമില്ലാത്തത് 

മുംബൈ: ഐപിഎല്‍ സ്‌പോണ്‍സര്‍ സ്ഥാനത്തേക്ക് ബിസിസിഐ പ്രാധാന്യം കൊടുക്കുന്നത് അണ്‍അക്കാദമിക്കും, ടാറ്റ സണ്‍സിനുമെന്ന് സൂചന. ചൈനയില്‍ നിന്നുള്ള നിക്ഷേപം ഇല്ലാത്ത ബ്രാന്‍ഡുകളെയാണ് ബിസിസിഐ ലക്ഷ്യം വെക്കുന്നത്. ഇതാണ് ടാറ്റാ സണ്‍സിലേക്കും അണ്‍അക്കാദമിയിലേക്കും ശ്രദ്ധയെത്തിച്ചത്. 

വെള്ളിയാഴ്ചയായിരുന്നു താത്പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. വിവോയിലൂടെ ലഭിച്ചിരുന്ന 440 കോടി രൂപയ്ക്ക് അടുത്ത് മറ്റ് കമ്പനികളില്‍ നിന്ന് ബിസിസിഐക്ക് കണ്ടെത്താനാവുമോ എന്നാണ് അറിയേണ്ടത്. ഡ്രീം11, ബൈജൂസ് ലേണിങ് ആപ്പ് എന്നിവയാണ് ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കാന്‍ മുന്നിട്ട് വന്ന മറ്റ് ബ്രാന്‍ഡുകള്‍. 

എന്നാല്‍ ഇവരില്‍ ചൈനീസ് നിക്ഷേപമുണ്ടെന്ന കാര്യം ബിസിസിഐ പരിഗണിച്ചു. ഇത് ഇവരുമായി കരാറിലേര്‍പ്പെടുന്നതില്‍ നിന്ന് ബിസിസിഐ പിന്നോട്ട് വലിച്ചതായാണ് സൂചന. ആഗസ്റ്റ് 18ന് ഐപിഎല്ലിന്റെ പുതിയ സ്‌പോണ്‍സറെ അറിയാം. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിവോയ്‌ക്കെതിരെ ഇന്ത്യയില്‍ ജനവികാരം ഉയര്‍ന്നതോടെയാണ് കമ്പനി ബിസിസിഐയുമായുള്ള കരാര്‍ അവസാനിപ്പിച്ചത്. 

വിവോ കരാര്‍ പിന്‍വലിച്ചത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ലെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അടുത്തിടെ പറഞ്ഞത്. ബിസിസിഐക്ക് കരുത്തുറ്റ അടിത്തറയുണ്ടെന്നും, ഇപ്പോഴുണ്ടായിരിക്കുന്ന സാഹചര്യത്തെ മറികടക്കാന്‍ സാധിക്കുമെന്നും ഗാംഗുലി പറഞ്ഞു. 440 കോടി രൂപയാണ് പ്രതിവര്‍ഷം വിവോയില്‍ നിന്ന് ബിസിസിഐക്ക് ലഭിച്ചിരുന്നത്. എട്ട് ഫ്രാഞ്ചൈസികള്‍ക്കും ഇതില്‍ നിന്ന് വീതിച്ച് കൊടുക്കും. 2190 രൂപയ്ക്ക് 2018-2022 വരെയുള്ള ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പാണ് വിവോ സ്വന്തമാക്കിയിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com