2018ല്‍ ആ ബാറ്റില്‍ നിന്ന് വന്നത് രണ്ട് സിക്‌സ് മാത്രം, വിരമിക്കല്‍ മുറവിളി മുറുകി; മറുപടി ബാറ്റിങ് ശരാശരി 60ലേക്ക് എത്തിച്ച്

ഇതിന് മുന്‍പേ ധോനി വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടതായിരുന്നു എന്ന വാദങ്ങളും ഈ സമയം ശക്തമാണ്
2018ല്‍ ആ ബാറ്റില്‍ നിന്ന് വന്നത് രണ്ട് സിക്‌സ് മാത്രം, വിരമിക്കല്‍ മുറവിളി മുറുകി; മറുപടി ബാറ്റിങ് ശരാശരി 60ലേക്ക് എത്തിച്ച്

ധോനിയുടെ വിരമിക്കല്‍ സൃഷ്ടിച്ച അലയൊലിയിലാണ് ക്രിക്കറ്റ് ലോകം. ഒരു മഹാമാരിയെ രാജ്യം നേരിടുന്ന സമയമോ, ഐപിഎല്‍ പരിശീലനം ആരംഭിക്കുന്നതിന് മുന്‍പോ ധോനിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഒരുപക്ഷേ ഐപിഎല്‍ പതിമൂന്നാം സീസണ്‍ കിരീടവും കയ്യില്‍ വെച്ച് ധോനി ആ തീരുമാനം പ്രഖ്യാപിച്ചേക്കും എന്ന തോന്നല്‍ ക്രിക്കറ്റ് ലോകത്തിനുണ്ടായിരുന്നു. 2019 ജൂലൈ 9ന് ഇന്ത്യക്ക് വേണ്ടി അവസാന മത്സരം കളിച്ച ധോനി 15-8-2020ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നു. 

ഇതിന് മുന്‍പേ ധോനി വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടതായിരുന്നു എന്ന വാദങ്ങളും ഈ സമയം ശക്തമാണ്. ധോനിയുടെ കരിയറിലെ തന്നെ ഏറ്റവും മോശം വര്‍ഷമായിരുന്നു 2018. എന്നിട്ടും ലോകകപ്പ് മുന്‍പില്‍ കണ്ട് കോഹ് ലിയുടെ പിന്തുണയോടെ ധോനി ടീമില്‍ തുടര്‍ന്നു. 2018ലെ 18 മത്സരങ്ങളില്‍ നിന്ന് 252 റണ്‍സ് ആണ് ധോനി നേടിയത്. ബാറ്റിങ് ശരാശരി 25.20. ബാറ്റിങ് ശരാശരി കണക്കാക്കുമ്പോള്‍ ധോനിയുടെ ഏറ്റവും മോശം വര്‍ഷമായിരുന്നു അത്. 

2018ല്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റുള്ള വിക്കറ്റ് കീപ്പറും ധോനിയായിരുന്നു. 12 ഇന്നിങ്‌സിലെ ധോനിയുടെ സ്‌ട്രൈക്ക് റേറ്റ് 68.10, കരിയറിലെ ഏറ്റവും മോശം കണക്ക്. ഏകദിന കരിയറില്‍ ധോനിയുടെ സ്‌ട്രൈക്ക് റേറ്റ് 78ല്‍ താഴേക്ക് അതിന് മുന്‍പ് വന്നിട്ടില്ല. 2018ല്‍ 19.47 ബോളില്‍ ബൗണ്ടറി എന്നതാണ് ധോനിയുടെ കണക്ക്. 2018ല്‍ കളിച്ച ഏകദിനത്തില്‍ ധോനിയില്‍ നിന്ന് വന്നത് 2 സിക്‌സ് മാത്രം. 

എന്നാല്‍ ലോകകപ്പ് വര്‍ഷത്തിലേക്ക് എത്തിയപ്പോള്‍ ധോനിയുടെ കളി മാറി. 2018ല്‍ ഒരു അര്‍ധ ശതകം പോലും ഇല്ലാതിരുന്നതിന്റെ കുറവ് 2019ന്റെ തുടക്കത്തില്‍ തുടരെ മൂന്ന് അര്‍ധ ശതകം നേടിയാണ് ധോനി തീര്‍ത്തത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയെ തുണച്ച് നിന്നത് ധോനിയുടെ ഇന്നിങ്‌സുകള്‍. സിഡ്‌നിയില്‍ 51, അഡ്‌ലെയ്ഡില്‍ 55 റണ്‍സോടെ നോട്ടൗട്ടിന് പിന്നാലെ മെല്‍ബണിലും അര്‍ധ ശതകം. എന്നാല്‍ 96 പന്തില്‍ നിന്നാണ് അവിടെ 51 റണ്‍സ് പിറന്നത് എന്നത് ധോനിക്ക് നേരെ വിമര്‍ശനങ്ങളെത്തിച്ചു. 

2019ല്‍ കളിച്ചത് 16 ഏകദിന ഇന്നിങ്‌സ്, നേടിയത് 600 റണ്‍സ്. നേരിട്ടത് 729 പന്തുകള്‍. ബാറ്റിങ് ശരാശരി 60. സ്‌ട്രൈക്ക് റേറ്റ് 82.3. ഉയര്‍ന്ന സ്‌കോര്‍ 87. ഏഴ് വട്ടം 2019ല്‍ ധോനി അര്‍ധ ശതകം കണ്ടെത്തി. 42 ഫോറും 11 സിക്‌സും ആ വര്‍ഷം ധോനിയുടെ ബാറ്റില്‍ നിന്ന് വന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com