ധോണിക്ക് വിടവാങ്ങല്‍ മല്‍സരം ബിസിസിഐ പരിഗണനയില്‍ ; ആതിഥേയത്വം വഹിക്കാന്‍ തയ്യാറെന്ന് ജാര്‍ഖണ്ഡ്

ഐപിഎല്‍ ടൂര്‍ണമെന്റിനിടെ ധോണിയുമായി ചര്‍ച്ച ചെയ്യുമെന്ന് ബിസിസിഐ അധികൃതര്‍
ധോണിക്ക് വിടവാങ്ങല്‍ മല്‍സരം ബിസിസിഐ പരിഗണനയില്‍ ; ആതിഥേയത്വം വഹിക്കാന്‍ തയ്യാറെന്ന് ജാര്‍ഖണ്ഡ്

മുംബൈ : അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയ്ക്കുവേണ്ടി വിടവാങ്ങല്‍ മല്‍സരം സംഘടിപ്പിക്കുന്നത് ബിസിസിഐയുടെ പരിഗണനയില്‍. ഐപിഎല്‍ ടൂര്‍ണമെന്റിനിടെ ഇക്കാര്യം ധോണിയുമായി ചര്‍ച്ച ചെയ്യുമെന്ന് ബിസിസിഐ അധികൃതര്‍ സൂചിപ്പിച്ചു. ധോണിയുടെ നിലപാട് അനുസരിച്ചായിരിക്കും മല്‍സരം സംഘടിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. 

നിലവില്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര മല്‍സരങ്ങള്‍ ഒന്നുമില്ല. ഈ സാഹചര്യത്തില്‍ ഐപിഎല്ലിന് ശേഷമാകും മല്‍സരം നടത്താനാകുക. രാജ്യത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ മഹാനായ ക്രിക്കറ്ററാണ് ധോണി. അദ്ദേഹത്തിന് ഉചിതമായ വിടവാങ്ങല്‍ നല്‍കേണ്ടത് ബിസിസിഐയുടെ കടമയാണ്. 

എന്നാല്‍ ധോണി തികച്ചും വ്യത്യസ്തനായ കളിക്കാരനാണ്. ആരും ചിന്തിക്കാതിരുന്ന സമയത്താണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിടവാങ്ങല്‍ മല്‍സരവുമായി ബന്ധപ്പെട്ട് ഇതുവരെ ധോണിയുമായി സംസാരിച്ചിട്ടില്ല. ഒരു മല്‍സരം നടത്തണോ, പരമ്പര സംഘടിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും ബിസിസിഐ ഉന്നതന്‍  സൂചിപ്പിച്ചു. 

ധോണിയ്ക്ക് ഉചിതമായ യാത്രയയപ്പ് നല്‍കുന്നതിനായി വിടവാങ്ങല്‍ മല്‍സരം സംഘടിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം മദന്‍ലാലും അഭിപ്രായപ്പെട്ടു. മുന്‍ നായകന് ഉചിതമായ യാത്രയയപ്പ് നല്‍കണമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനും ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മല്‍സരം ബിസിസിഐ സംഘടിപ്പിച്ചാല്‍ ജാര്‍ഖണ്ഡ് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്നും സോറന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com