സൂപ്പര്‍ പോരാട്ടം നേരില്‍ കാണാം; ചൈനയില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നു

സൂപ്പര്‍ പോരാട്ടം നേരില്‍ കാണാം; ചൈനയില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നു
സൂപ്പര്‍ പോരാട്ടം നേരില്‍ കാണാം; ചൈനയില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നു

ബെയ്ജിങ്: ലോകത്ത് ആദ്യമായി കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത് ചൈനയിലായിരുന്നു. ചൈനയില്‍ നിന്നാണ് ലോകത്തിലെ വിവിധയിടങ്ങളിലേക്ക് വൈറസ് പടര്‍ന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോകത്തിലെ മിക്ക കളിക്കളങ്ങളും നിശബ്ദമാണ്. ചിലയിടങ്ങളില്‍ കാണികളെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാതെ മത്സരങ്ങള്‍ അരങ്ങേറുന്നു. 

ഇപ്പോഴിതാ ചൈന ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലേക്ക് ആളുകളെ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തിലാണെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ചൈനീസ് സൂപ്പര്‍ ലീഗ് പോരാട്ടത്തിലാണ് സ്‌റ്റേഡിയത്തിലേക്ക് ആളുകളെ കയറ്റാനുള്ള തീരുമാനം. 

ചൈനീസ് സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ്‍ കഴിഞ്ഞ മാസം 25ന് ആരംഭിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ കാണികളെ കയറ്റാതെയായിരുന്നു മത്സരങ്ങള്‍ നടക്കുന്നത്. അതിനിടെയാണ് നിശ്ചിത എണ്ണം വച്ച് ആളുകളെ സ്റ്റേഡിയത്തില്‍ അനുവദിക്കാമെന്ന തീരുമാനം ചൈന കൈക്കൊണ്ടിരിക്കുന്നത്. ശനിയാഴ്ച നടക്കുന്ന ഷാംഗ്ഹായ് എസ്‌ഐപിജി- ബെയ്ജിങ് ഗുവോന്‍ സൂപ്പര്‍ പോരാട്ടത്തില്‍ 1,900 ആരാധകര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനം. 

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ച് മാത്രമേ ആളുകള്‍ക്ക് പ്രവേശനമുണ്ടാകു. കോവിഡ് പരിശോധനയില്‍ നെഗറ്റീവായെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകു. ഒപ്പം മാസ്‌ക് ധരിച്ചിരിക്കണം. ഇരിപ്പിടത്തില്‍ കാണികള്‍ തമ്മില്‍ സാമൂഹിക അകലം നിര്‍ബന്ധമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com