21 വര്‍ഷങ്ങള്‍; പാകിസ്ഥാനെ എറിഞ്ഞ് തീര്‍ത്ത 'ഒറ്റയാള്‍ പട്ടാളം'; പത്തുവിക്കറ്റെന്ന ആപൂര്‍വനേട്ടം; ഒരേയൊരു അനില്‍ കുംബ്ലെ

21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസമാണ് ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ പാകിസ്ഥാനെതിരെ പത്ത് വിക്കറ്റെന്ന അപൂര്‍വനേട്ടം കൈവരിച്ചത്
21 വര്‍ഷങ്ങള്‍; പാകിസ്ഥാനെ എറിഞ്ഞ് തീര്‍ത്ത 'ഒറ്റയാള്‍ പട്ടാളം'; പത്തുവിക്കറ്റെന്ന ആപൂര്‍വനേട്ടം; ഒരേയൊരു അനില്‍ കുംബ്ലെ

ന്യൂഡല്‍ഹി: 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസമാണ് ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ പാകിസ്ഥാനെതിരെ പത്ത് വിക്കറ്റെന്ന അപൂര്‍വനേട്ടം കൈവരിച്ചത്.  1999 ഫെബ്രുവരി ഏഴിനായിരുന്നു ആ റെക്കോര്‍ഡ് നേട്ടം ചരിത്രലിപികളില്‍ കുറിച്ചത്. ഈ നേട്ടത്തോടെ പത്തുവിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി അനില്‍ കുംബ്ലെ. അതിന് മുന്‍പ് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിങ്‌സില്‍ പത്തുവിക്കറ്റ് നേടിയ ഒരേ ഒരാള്‍ ഇംഗ്ലണ്ട് താരം ജിം ലേക്കര്‍ മാത്രമായിരുന്നു.

ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 26.3 ഓവറില്‍ 74 റണ്‍സ് വഴങ്ങിയാണ് കുംബ്ലെ പത്ത് വിക്കറ്റ് വീഴ്ത്തിയത്. ഇതില്‍ ഒമ്പത് ഓവറുകള്‍ മെയ്ഡനായിരുന്നു. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ 420 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയതായിരുന്നു പാകിസ്ഥാന്‍. കുംബ്ലെയുടെ പത്ത് വിക്കറ്റ് പ്രകടനത്തില്‍ പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞു. 212 റണ്‍സിനാണ് അന്ന് പാകിസ്ഥാന്‍ ഇന്ത്യയോട് അടിയറവ് പറഞ്ഞത്.

പാകിസ്ഥാന്‍ വിക്കറ്റൊന്നും പോകാതെ 110 റണ്‍സ് എന്ന നിലയില്‍ മുന്നേറുമ്പോഴാണ് കുംബ്ലെ ആദ്യവിക്കറ്റ് വീഴ്ത്തിയത്. ആദ്യ ഇര ഷാഹിദ് അഫ്രീദിയായിരുന്നു. വളരെ കരുതലോടെയായിരുന്നു സയ്യിദ് അന്‍വറും ഷാഹിദ് അഫ്രീദിയും ഓപ്പണ്‍ ചെയ്തത്. കുംബ്ലെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയയുടെ സൂപ്പര്‍ ക്യാച്ചിലൂടെയാണ് അഫ്രീദി പുറത്തായത്. പിന്നാലെ വന്ന ഇജാസ് അഹമ്മദ്, മുഹമ്മദ് യൂസഫ്, ഇന്‍സാം അല്‍ ഹഖ്, സലീം മാലിക് എന്നിവരെ ചായക്ക് പിരിയും മുന്‍പെ കുംബ്ലെ പുറത്താക്കി. 

എല്ലാം തികഞ്ഞ പത്ത് എന്നായിരുന്നു ഇത് സംബന്ധിച്ച കുംബ്ലെയുടെ പ്രതികരണം. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ ഈ നേട്ടം കൈവരിക്കാനാകുമെന്ന് കരുതിയതല്ല. എന്നാല്‍ 1997 ഫെബ്രുവരി ഏഴിലെ ആ നേട്ടം വിധിയെന്നല്ലാതെ എന്തുപറയാന്‍, കുംബ്ലെ പറഞ്ഞു. 

ചായക്ക് ശേഷം വിശ്രമിക്കുന്നതിനിടെ താന്‍ ആലോചിച്ചു. ഇതുവരെ ആറ് വിക്കറ്റ് നേടാനായി. ഇതിന് മുന്‍പ് തന്റെ ടെസ്റ്റ് കരിയറിലെ മികച്ച നേട്ടം ഒരിന്നിങ്‌സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ്. വീണ്ടും അത്തരത്തില്‍ ഒരു അവസരമാണ് കൈവന്നിരിക്കുന്നത്. പിന്നാലെ താന്‍ ഏഴും എട്ടും ഒന്‍പതും വിക്കറ്റുകള്‍ വീഴ്ത്തി. പിന്നെ സഹതാരങ്ങള്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയതോടെ താന്‍ പത്തുവിക്കറ്റ് നേട്ടമെന്ന് ചരിത്രനേട്ടത്തിന്റെ ഉടമയായെന്നും കുംബ്ലെ പറഞ്ഞു. 

2008ലാണ് അനില്‍ കുംബ്ലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 619 വിക്കറ്റുകളാണ് ടെസ്റ്റ് ക്രിക്കറ്റില്‍ കുബ്ലെയുടെ നേട്ടം. 708 വിക്കറ്റുകള്‍ നേടിയ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണും 800 വിക്കറ്റുകള്‍ നേടിയ മുത്തയ്യ മുരളീധരനുമാണ് കുംബ്ലെയ്ക്ക് മുന്നിലുള്ളവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com