കൊല്‍ക്കത്ത: ചെറുപ്പത്തില്‍ പ്രേതത്തെ കണ്ടിട്ടുണ്ടെന്നും, പ്രേതത്തില്‍ വിശ്വാസമുണ്ടെന്നും ഇന്ത്യന്‍ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. 48ാം ജന്മദിനത്തോട് അനുബന്ധിച്ച ചാറ്റ് ഷോയില്‍ സംസാരിക്കുമ്പോഴായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍.
അന്ന് എന്റെ വീട്ടില്‍ സഹായത്തിനായി ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. അന്ന് എനിക്ക് പന്ത്രണ്ടോ പതിമൂന്നോ വയസാണ് പ്രായം. ഒരു ഞായറാഴ്ത വൈകുന്നേരും കുടുംബാംഗങ്ങള്‍ക്കൊപ്പം ഞാന്‍ മുകളിലെ നിലയില്‍ ഇരിക്കുകയായിരുന്നു. ചായ കൊണ്ടുവരാന്‍ പറയാന്‍ വീട്ടില്‍ സഹായത്തിന് നില്ക്കുന്ന പയ്യനോട് പറയാന്‍ അവര്‍ എന്നോട് പറഞ്ഞു.
അടുക്കളയിലേക്ക് ഞാന്‍ ചെന്നപ്പോള്‍ അയാളെ അവിടെ കണ്ടില്ല. പിന്നെ മുകളിലെ ടെറസില്‍ പോയി നോക്കി. അവിടേയും കണ്ടില്ല. അന്ന് വീടിന് ചുറ്റും ഏതാനും കുടിലുകള്‍ ഉണ്ടായിരുന്നു. അവിടെ നോക്കാമെന്ന് കരുതി പോയപ്പോള്‍ ടെറസിന്റെ വക്കിലൂടെ അയാള്‍ അതിവേഗം ഓടുന്നതാണ് കണ്ടത്.
ആറ് നിലയുള്ള കെട്ടിടമായിരുന്നു അത്. വക്കിലൂടെ ഓടാതെ ഇറങ്ങി വരാന്‍ പറഞ്ഞ് ഞാന്‍ അലറി. ഫലമുണ്ടായില്ല. ഞാന്‍ എല്ലാവരോടും കാര്യം പറഞ്ഞ് അവരേയും കൂട്ടി തിരിച്ചെത്തി. അപ്പോള്‍ അയാളെ അവിടെ കണ്ടില്ല. താഴേക്ക് വീണ് പോയിട്ടുണ്ടാവാമെന്ന് ഞങ്ങള്‍ കരുതി.
അന്ന് വീടിനോട് ചേര്‍ന്ന് കുറേ പനകള്‍ ഉണ്ടായിരുന്നു. തിരച്ചിലിന് ഇടയിലാണ് പനകളിലൊന്നിന്റെ ഓലയില്‍ അയാള്‍ കിടക്കുന്നത് കണ്ടത്. പിന്നെ അയാളെ താഴെ ഇറക്കാന്‍ ഫയര്‍ഫോഴ്സ് വരേണ്ടി വന്നു. പിറ്റേന്ന് ആശുപത്രിയില്‍ നിന്ന് അയാള്‍ വീട്ടിലേക്ക് എത്തി. ഇയാളെ കണ്ടപാടെ എല്ലാവരും ഭയന്ന് ഓടാന്‍ തുടങ്ങി. ചില ദിവസങ്ങളില്‍ തന്റെ മരിച്ച് പോയ അമ്മയുടെ ആത്മാവ് ദേഹത്ത് കൂടാറുണ്ട് എന്നാണ് അയാള്‍ പറഞ്ഞത്. അങ്ങനെ ചെറുപ്പത്തില്‍ തന്നെ പ്രേതത്തെ കാണാന്‍ അവസരം കിട്ടിയ വ്യക്തിയാണ് ഞാന്‍, ഗാംഗുലി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ