ഫൈനലില്‍ രണ്ട് റണ്ണുമായി മടക്കം; റാങ്കിങിൽ ഷെഫാലിക്ക് തിരിച്ചടി; അവിടെയും സ്റ്റാറായത് മൂണി

ഫൈനലില്‍ രണ്ട് റണ്ണുമായി മടങ്ങി; ഷെഫാലിക്ക് തിരിച്ചടി; അവിടെയും സ്റ്റാറായത് മൂണി
ഫൈനലില്‍ രണ്ട് റണ്ണുമായി മടക്കം; റാങ്കിങിൽ ഷെഫാലിക്ക് തിരിച്ചടി; അവിടെയും സ്റ്റാറായത് മൂണി

ദുബായ്: വനിതാ ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഫൈനല്‍ തോല്‍വി ആരുടേയും ഹൃദയത്തെ മുറിപ്പെടുത്തുന്നതായിരുന്നു. അപരാജിതരായി ഫൈനലിലേക്ക് കുതിച്ചെത്തിയ ഇന്ത്യന്‍ വനിതകള്‍ക്ക് പക്ഷേ കലാശപ്പോരില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ തല കുനിക്കേണ്ടി വന്നു. കളിയുടെ എല്ലാ മേഖലയിലും ഇന്ത്യന്‍ താരങ്ങള്‍ പിന്നില്‍ പോയി. 

ടൂര്‍ണമെന്റില്‍ ഫൈനല്‍ വരെയുള്ള കുതിപ്പില്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണായക സാന്നിധ്യമായി നിന്നത് ഓപണറും പുതിയ ബാറ്റിങ് സെന്‍സേഷനുമായ ഷെഫാലി വര്‍മ എന്ന 16കാരിയായിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ തന്നെ ഷെഫാലിയെ തേടി മറ്റൊരു സന്തോഷവും എത്തിയിരുന്നു. വനിതാ ടി20 ബാറ്റിങ് റാങ്കിങില്‍ ഒന്നാം സ്ഥാനമെന്ന നേട്ടമായിരുന്നു താരം സ്വന്തമാക്കിയത്. ടി20 ബാറ്റിങ് റാങ്കിങില്‍ മിതാലി രാജിന് ശേഷം ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന പെരുമയടക്കം സ്വന്തമാക്കിയായിരുന്നു ഷെഫാലി തലപ്പത്തെത്തിയത്. എന്നാല്‍ നേട്ടത്തിന് അല്‍പ്പ ദിവസത്തെ ആയുസ് മാത്രമേയുണ്ടായുള്ളു. 

എന്നാല്‍ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ഷെഫാലിയുടെ ഒന്നാം റാങ്കും നഷ്ടമായി. ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ടി20 റാങ്കിങില്‍ ബാറ്റിങ് പട്ടികയില്‍ രണ്ട് സ്ഥാനങ്ങള്‍ താരത്തിന് നഷ്ടമായി. മൂന്നാം സ്ഥാനത്താണ് പുതിയ പട്ടികയില്‍ ഷെഫാലിയുള്ളത്. ലോകകപ്പ് ഫൈനലില്‍ ഷെഫാലി വെറും രണ്ട് റണ്‍സില്‍ പുറത്തായിരുന്നു. 

ഓസ്‌ട്രേലിയക്ക് ലോകകപ്പ് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഓപണര്‍ ബെത് മൂണിയാണ് ഷെഫാലിയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ലോകകപ്പിലെ ഫൈനലടക്കം ആറ് ഇന്നിങ്‌സുകളില്‍ നിന്നായി മൂണി അടിച്ചെടുത്തത് 259 റണ്‍സ്. ടൂര്‍ണമെന്റിലെ മികച്ച താരമായും മൂണി മാറിയിരുന്നു. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് കരിയറില്‍ ആദ്യമായി താരം ഒന്നാം റാങ്കിലെത്തുന്നത്. പട്ടികയിലെ രണ്ടാം സ്ഥാനം ന്യൂസിലന്‍ഡ് സുസി ബെയ്റ്റ് നിലനിര്‍ത്തി. 

സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ് എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് രണ്ട് ഇന്ത്യന്‍ താരങ്ങള്‍. മന്ദാന ഏഴാമതും റോഡ്രിഗസ് ഒന്‍പതാം സ്ഥാനത്തും നില്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com