ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് കാണികളുടെ ആരവം എത്തുന്നു; നിയന്ത്രണങ്ങളോടെ പ്രവേശനം

കോവിഡ് ഭീതിയിലേക്ക് ലോകം വീണ മാര്‍ച്ച് മുതല്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തിയിരുന്നത്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് കാണികളുടെ ആരവം എത്തുന്നു; നിയന്ത്രണങ്ങളോടെ പ്രവേശനം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും കാണികളുടെ ആരവം ഉയരുന്നു. അടുത്ത ആഴ്ച മുതല്‍ സ്‌റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിച്ച് തുടങ്ങും. കോവിഡ് ഭീതിയിലേക്ക് ലോകം വീണ മാര്‍ച്ച് മുതല്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തിയിരുന്നത്. 

ഡിസംബര്‍ രണ്ടിനാണ് ബ്രിട്ടനിലെ ലോക്ക്ഡൗണ്‍ അവസാനിക്കുക. കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്റ്റേഡിയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം അനുവദിക്കുന്നത്. കോവിഡ് കേസുകള്‍ കുറവുള്ള സ്ഥലങ്ങളിലെ സ്‌റ്റേഡിയങ്ങളില്‍ 4000 കാണികളെ ആവും ആദ്യം പ്രവേശിപ്പിക്കുക. 

കൂടുതല്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഇടങ്ങളിലെ സ്റ്റേഡിയങ്ങളില്‍ 2000 കാണികളെ പ്രവേശിപ്പിക്കും. കോവിഡ് വ്യാപനം കൂടിയ തോതില്‍ തന്നെ തുടരുന്ന ഇടങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. ഒക്ടോബര്‍ മാസത്തോടെ സ്‌റ്റേഡിയത്തിലേക്ക് കാണികളെ തിരികെ കൊണ്ടുവരാനാണ് ബ്രിട്ടന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ഈ നീക്കം ഉപേക്ഷിച്ചു. 

ഏതെല്ലാം ഇംഗ്ലീഷ് സിറ്റികളിലും മേഖലകളിലുമാവും കാണികളെ അനുവദിക്കുക എന്ന് വ്യാഴാഴ്ചയോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കും. യൂറോപ്പില്‍ കോവിഡ് ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിച്ച രാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍. 55,230 പേര്‍ക്കാണ് ഇവിടെ കോവിഡിലൂടെ ജീവന്‍ നഷ്ടമായത്. തിങ്കളാഴ്ച മാത്രം ഇവിടെ 206 മരണം റിപ്പോര്‍ട്ട് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com