'ചെക്കൻ കൊള്ളാം, ഉ​ഗ്രൻ കണ്ടെത്തൽ'- ഇർഫാൻ പഠാനെ അഭിനന്ദിച്ച് യൂസുഫ്

'ചെക്കൻ കൊള്ളാം, ഉ​ഗ്രൻ കണ്ടെത്തൽ'- ഇർഫാൻ പഠാനെ അഭിനന്ദിച്ച് യൂസുഫ്
'ചെക്കൻ കൊള്ളാം, ഉ​ഗ്രൻ കണ്ടെത്തൽ'- ഇർഫാൻ പഠാനെ അഭിനന്ദിച്ച് യൂസുഫ്

ദുബായ്: ജമ്മു കശ്മീരില്‍ നിന്നുള്ള അബ്ദുല്‍ സമദ് എന്ന യുവ താരമാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ സംസാരം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കാനിറങ്ങിയ സമദാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി നിര്‍ണായകമായ അവസാന ഓവര്‍ എറിഞ്ഞത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോനിയെ പിടിച്ചുകെട്ടിയാണ് ഈ 18കാരന്‍ ശ്രദ്ധേയനായത്. 

അവസാന ഓവറില്‍ ചെന്നൈയ്ക്ക് വിജയിക്കാന്‍ 28 റണ്‍സ് എന്ന നിലയില്‍ ബൗളിങ്ങിനിറങ്ങിയ സമദ് ആദ്യ പന്ത് തന്നെ വൈഡ് എറിഞ്ഞു. ഈ വൈഡ് ബൗണ്ടറി ആകുകയും ചെയ്തു. എന്നാല്‍ പിന്നീട് ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. ഒടുവില്‍ ഏഴ് റണ്‍സിന് ഹൈദരാബാദ് വിജയിക്കുകയും ചെയ്തു.

ജമ്മു കശ്മീരില്‍ നിന്നുവന്ന് ഐപിഎല്ലില്‍ കളിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് സമദ്. ഒരുകാലത്ത് ഇന്ത്യയുടെ മികച്ച ഓള്‍റൗണ്ടറായിരുന്ന ഇര്‍ഫാന്‍ പഠാനാണ് ഈ താരത്തെ കണ്ടെത്തിയത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇര്‍ഫാന്‍ പഠാന്‍ ജമ്മു കശ്മീരിര്‍ ടീമിന്റെ കളിക്കാരനും മെന്ററുമായിരുന്നു. ആ സമയത്താണ് സമദെന്ന പ്രതിഭയെ കണ്ടെത്തുന്നത്.

ഇപ്പോഴിതാ സമദിന്റെ കഴിവ് കണ്ടെത്തിയ ഇര്‍ഫാന്‍ പഠാനെ സഹോദരനും ഇന്ത്യന്‍ താരവുമായിരുന്ന യൂസുഫ് പഠാന്‍ അഭിനന്ദിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു അഭിനന്ദനം. 'മഹത്തായ കണ്ടെത്തല്‍ ഇര്‍ഫാന്‍. ബാറ്റു കൊണ്ടും പന്തു കൊണ്ടും മികച്ച തുടക്കമിടാന്‍ സമദിന് സാധിച്ചിരിക്കുന്നു. വലിയൊരു താരമാകാന്‍ സാധ്യതയുള്ള വ്യക്തിയാണ് സമദ്. ഐപിഎല്‍ ടീമുകള്‍ക്കായി പുതിയ താരങ്ങളെ കണ്ടെത്തുന്ന ജോലി നിനക്ക് നന്നായി ചേരും'- യൂസുഫ് ട്വിറ്ററില്‍ കുറിച്ചു. 

ഇപ്പോള്‍ താന്‍ ഈ ജോലി അനൗദ്യോഗികമായി ചെയ്യുന്നുണ്ട് എന്ന് ഈ ട്വീറ്റിന് ഇര്‍ഫാന്‍ പഠാന്‍ മറുപടിയും നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com