ചെന്നൈ തോറ്റു; രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം  

ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ ഇതോടെ മങ്ങി
ചെന്നൈ തോറ്റു; രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം  

അബുദാബി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഏഴ് വിക്കറ്റ് ജയം നേടി രാജസ്ഥാൻ.  ചെന്നൈ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ 17.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നാലാം ജയത്തോടെ രാജസ്ഥാൻ പോയന്റ് പട്ടികയിൽ മുന്നേറിയപ്പോൾ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ ഇതോടെ മങ്ങി. 

അഞ്ച് ഓവറിനുള്ളിൽ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ രാജസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നെങ്കിലും സ്റ്റീവ് സ്മിത്ത് - ജോസ് ബട്ട്‌ലർ സഖ്യമാണ് രാജസ്ഥാന്റെ വിജയശിൽപികൾ. 48 പന്തിൽ നിന്ന് രണ്ടു സിക്‌സും ഏഴ് ഫോറുമടക്കം 70 റൺസോടെ ബട്ട്‌ലർ പുറത്താകാതെ നിന്നു. സ്മിത്ത് 34 പന്തുകൾ നേരിട്ട് 26 റൺസെടുത്തു. നാലാം വിക്കറ്റിൽ 98 റൺസാണ് ഇരുവരും നേടിയത്. 

19 റൺസെടുത്ത ബെൻ സ്റ്റോക്ക്‌സ്, റോബിൻ ഉത്തപ്പയും (4), സഞ്ജു സാംസൺ എന്നിവരാണ് പവർപ്ലേ ഓവറിൽ തന്നെ മടങ്ങിയത്. റണ്ണൊന്നുമെടുക്കാതെയാണ് സഞ്ജു പുറത്തായത്. ഈ ഘട്ടത്തിൽ 31 റൺസായിരുന്നു രാജസ്ഥാന്റെ സ്കോർബോർഡിലുണ്ടായിരുന്നത്. 

നേരത്തെ കണിശമായി പന്തെറിഞ്ഞ രാജസ്ഥാൻ ബൗളർമാർ ഒരു ഘട്ടത്തിൽ പോലും ചെന്നൈ ബാറ്റിങ് നിരയെ കൂറ്റനടിക്ക് സമ്മതിക്കാതെ പിടിച്ചു നിർത്തിയതാണ് ചെന്നൈ സ്കോർ 125ൽ ഒതുക്കാൻ സഹായിച്ചത്. 30 പന്തിൽ 35 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ധോനി 28 പന്തിൽ 28 റൺസെടുത്തു. ഓപണർ സാം കറൻ 22 റൺസെടുത്തു. ചെന്നൈ ഇന്നിങ്‌സിലെ ഏക സിക്‌സ് നേടിയ കറനാണ്. 

തന്റെ 200-ാം ഐപിഎൽ മത്സരത്തിനിറങ്ങിയ ചെന്നൈ ക്യാപ്റ്റൻ എം എസ് ധോനി ടോസ് നേടിയ ശേഷം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com