സഞ്ജുവിന് പ്രശ്‌നം സ്ഥിരത, ഗില്ലിന് സ്‌ട്രൈക്ക്‌റേറ്റ്, പൃഥ്വിക്ക് വേഗം കുറഞ്ഞ പിച്ച്; നിരാശപ്പെടുത്തി യുവതാരങ്ങള്‍ 

പവര്‍പ്ലേക്ക് ശേഷം റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള ഗില്ലിന്റെ പ്രയാസം ഞായറാഴ്ച പ്രകടമായിരുന്നു
സഞ്ജുവിന് പ്രശ്‌നം സ്ഥിരത, ഗില്ലിന് സ്‌ട്രൈക്ക്‌റേറ്റ്, പൃഥ്വിക്ക് വേഗം കുറഞ്ഞ പിച്ച്; നിരാശപ്പെടുത്തി യുവതാരങ്ങള്‍ 

ദുബായ്: ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ ഐപിഎല്‍ ലക്ഷ്യം വെച്ചാണ് സഞ്ജു സാംസണ്‍, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ ഉള്‍പ്പെടെയുള്ള യുവ താരങ്ങള്‍ എത്തിയത്. എന്നാല്‍ സീസണ്‍ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ നിരാശപ്പെടുത്തുകയാണ് യുവ താരങ്ങള്‍...

സ്‌ട്രൈക്ക്‌റേറ്റ് ഉയര്‍ത്താനാവാതെ ഗില്‍

കൊല്‍ക്കത്തയുടെ മുന്‍ നിരയില്‍ സ്ഥിരതയും, വെടിക്കെട്ടുമാണ് ശുഭ്മാന്‍ ഗില്ലില്‍ നിന്ന് ആരാധകരും ഫ്രാഞ്ചൈസിയും പ്രതീക്ഷിച്ചത്. 2020ല്‍ 9 ഇന്നിങ്‌സില്‍ നിന്ന് 311 റണ്‍സ് ഗില്‍ കണ്ടെത്തി. ബാറ്റിങ് ശരാശരി 38.87. എന്നാല്‍ ഗില്ലിന്റെ സ്‌ട്രൈക്ക്‌റേറ്റ് ഇവിടെ ആശങ്കപ്പെടുത്തുന്നതാണ്. 

113.91 ആണ് ഇതുവരെ സീസണിലെ ഗില്ലിന്റെ സ്‌ട്രൈക്ക്‌റേറ്റ്. പവര്‍പ്ലേയില്‍ 113.8. ഗില്ലിന്റെ സ്‌ട്രൈക്ക്‌റേറ്റിലെ പിന്നോട്ട് പോക്ക് സഹതാരങ്ങളില്‍ സമ്മര്‍ദം നിറക്കുന്നു. പവര്‍പ്ലേക്ക് ശേഷം റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള ഗില്ലിന്റെ പ്രയാസം ഞായറാഴ്ച പ്രകടമായിരുന്നു. ആദ്യ ആറ് ഓവറിന് ശേഷം ബൗണ്ടറി കണ്ടെത്താന്‍ ഗില്‍ പ്രയാസപ്പെട്ടു. 37 പന്തില്‍ നിന്നാണ് ഗില്‍ 36 റണ്‍സ് നേടിയത്. 

വിക്കറ്റ് സ്ലോ ആവുമ്പോള്‍ പരുങ്ങി പൃഥ്വി ഷാ

ഇന്ത്യന്‍ ദേശീയ ടീമിലെ ഓപ്പണിങ് സ്ഥാനത്തിനായി മുതിര്‍ന്ന താരങ്ങളുമായി മത്സരിക്കുകയാണ് പൃഥ്വി ഷാ. എന്നാല്‍ അവിടേക്ക് എത്തുന്നതിന് ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ൃ പൃഥ്വിക്ക് കഴിയുന്നില്ല. 9 കളിയില്‍ നിന്ന് 202 റണ്‍സ് ആണ് പൃഥ്വി നേടിയത്. ബാറ്റിങ് ശരാശരി 22.44, ആദ്യ നാല് കളിയില്‍ രണ്ട് അര്‍ധ ശതകത്തോടെയാണ് പൃഥ്വി തുടങ്ങിയത് എങ്കിലും പിന്നീട് മികവിനൊത്ത് ഉയരാനായില്ല. 

കഴിഞ്ഞ 4 കളിയില്‍ നിന്ന് 23 റണ്‍സ് ആണ് പൃഥ്വി നേടിയത്. വേഗം കുറയുന്ന യുഎഇയിലെ പിച്ചുകളില്‍ പ്രയാസപ്പെടുകയാണ് പൃഥ്വി. പന്തിലെ പേസ് മുതലെടുത്ത് കളിക്കുന്ന പൃഥ്വിക്ക് സാഹചര്യത്തിനൊത്ത് ഇണങ്ങാന്‍ മറ്റ് വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. 

പഴയ പടി സഞ്ജു 

കഴിഞ്ഞ സീസണുകളില്‍ അലട്ടിയിരുന്ന സ്ഥിരത ഇല്ലായ്മ തന്നെയാണ് ഇവിടേയും സഞ്ജുവിനെ വലക്കുന്നത്. 32 പന്തില്‍ നിന്ന് 74 റണ്‍സും, 42 പന്തില്‍ നിന്ന് 85 റണ്‍സും എടുത്ത് തുടങ്ങിയ സഞ്ജു പിന്നെയങ്ങോട്ട് മങ്ങി. ഷോര്‍ട്ട് ബോളുകളില്‍ അനാവശ്യ ഷോട്ടിന് കളിച്ച് പല വട്ടം സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തി. 74,85,8,4,0,5,26,25,9 എന്നിങ്ങനെയാണ് ഇതുവരെ സീസണിലെ സഞ്ജുവിന്റെ സ്‌കോര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com