കോഹ്‌ലിക്ക് പകരം ബാംഗ്ലൂര്‍ മൂന്നാമനാക്കിയത് ഗുര്‍കീറാത്തിനെ; കാരണം വെളിപ്പെടുത്തി കോച്ച് 

ക്രീസില്‍ നിന്ന് ആത്മവിശ്വാസം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഗുര്‍കീറാത്തിനെ മൂന്നാമനാക്കി ഇറക്കിയത് എന്നാണ് ഹെസന്‍ പറയുന്നത്
കോഹ്‌ലിക്ക് പകരം ബാംഗ്ലൂര്‍ മൂന്നാമനാക്കിയത് ഗുര്‍കീറാത്തിനെ; കാരണം വെളിപ്പെടുത്തി കോച്ച് 

അബുദാബി: 85 റണ്‍സ് എന്ന ചെറിയ ടോട്ടല്‍ പിന്തുടര്‍ന്ന് ഇറങ്ങിയ സമയം ബാറ്റിങ്ങില്‍ മൂന്നാം സ്ഥാനത്ത് ഗുര്‍കീറാത് സിങ്ങിനെയാണ് ബാംഗ്ലൂര്‍ ഇറക്കിയത്. ഇതിന് പിന്നിലെ കാരണം വിശദീകരിക്കുകയാണ് ബാംഗ്ലൂര്‍ കോച്ച് മൈക്ക് ഹെസന്‍. 

ക്രീസില്‍ നിന്ന് ആത്മവിശ്വാസം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഗുര്‍കീറാത്തിനെ മൂന്നാമനാക്കി ഇറക്കിയത് എന്നാണ് ഹെസന്‍ പറയുന്നത്. മൂന്ന് മത്സരം കളിച്ചെങ്കിലും ബാറ്റ് ചെയ്യാന്‍ വേണ്ട അവസരം ലഭിച്ചിട്ടില്ലാത്ത ബാംഗ്ലൂര്‍ ടോപ് 5ലെ ഒരേയൊരു ബാറ്റ്‌സ്മാനാണ് ഗുര്‍കീറാത്. വരുണ്‍ ചക്രവര്‍ത്തി പന്തെറിയാന്‍ എത്തിയാല്‍ സ്പിന്നിനെ നേരിടാനുള്ള പ്രാപ്തി ഗുര്‍കീറാത്തിന് ഉണ്ടെന്ന് തങ്ങള്‍ക്ക് ഉറപ്പായിരുന്നതായും ഹെസന്‍ പറഞ്ഞു. 

കൊല്‍ക്കത്തക്കെതിരെ 21 റണ്‍സ് നേടി ഗുര്‍കീറാത്ത് പുറത്താവാതെ നിന്നു. കഴിഞ്ഞ കളിയില്‍ ഡിവില്ലിയേഴ്‌സിന് ഒപ്പമായിരുന്നു. ഇപ്പോള്‍ കോഹ്‌ലിക്ക് ഒപ്പവും. ഇവരില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ സാധിച്ചതായി ഗുര്‍കീറാത് സിങ് പറഞ്ഞു. കോഹ്‌ലി, ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്കൊപ്പം കളിക്കാന്‍ സാധിക്കുന്നത് എപ്പോഴും ഭാഗ്യമാണ്. ഇനിയും ഇതുപോലുള്ള വിജയ മുഹുര്‍ത്തങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ബാംഗ്ലൂര്‍ താരം പറഞ്ഞു. 

ഗുര്‍കീറാത് സിങ്ങിനെ മൂന്നാമനാക്കിയപ്പോള്‍ നാലാമതാണ് കൊല്‍ക്കത്തക്കെതിരെ കോഹ് ലി ബാറ്റിങ്ങിന് ഇറങ്ങിയത്. ഓപ്പണര്‍മാരെ രണ്ട് പേരെയും നഷ്ടപ്പെട്ടതിന് പിന്നാലെ 26 പന്തില്‍ നിന്ന് നാല് ഫോറിന്റെ അകമ്പടിയോടെയാണ് ഗുര്‍കീറാത് സിങ് 21 റണ്‍സ് നേടി ടീമിനെ ജയം തൊടീച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com