നോണ്‍ സ്‌ട്രൈക്കേഴ്‌സ്‌ എന്‍ഡില്‍ ഞാന്‍ ആഗ്രഹിക്കുന്നത്‌ ഈ രണ്ട്‌ പേരെ, ചീക്കൂ എന്ന പേര്‌ വന്ന വഴി; പീറ്റേഴ്‌സനൊപ്പം മനസ്‌ തുറന്ന്‌ കോഹ്‌ലി

ഇതുവരെ ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ സാധിക്കാത്തതിനെ കുറിച്ചും കോഹ്‌ ലി സംസാരിച്ചു
നോണ്‍ സ്‌ട്രൈക്കേഴ്‌സ്‌ എന്‍ഡില്‍ ഞാന്‍ ആഗ്രഹിക്കുന്നത്‌ ഈ രണ്ട്‌ പേരെ, ചീക്കൂ എന്ന പേര്‌ വന്ന വഴി; പീറ്റേഴ്‌സനൊപ്പം മനസ്‌ തുറന്ന്‌ കോഹ്‌ലി


ക്രീസില്‍ ധോനിക്കും ഡിവില്ലിയേഴ്‌സിനുമൊപ്പം ബാറ്റ്‌ ചെയ്യാനാണ്‌ ഏറെ ഇഷ്ടമെന്ന്‌ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്‌ലി. ഇംഗ്ലണ്ട്‌ മുന്‍ താരം കെവിന്‍ പീറ്റേഴ്‌സനുമൊപ്പം ഇന്‍സ്‌റ്റഗ്രാമില്‍ ലൈവില്‍ എത്തിയപ്പോഴാണ്‌ കോഹ്‌ ലിയുടെ പ്രതികരണം.

ഇന്ത്യക്ക്‌ വേണ്ടി ബാറ്റ്‌ ചെയ്യുമ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ്‌ എന്‍ഡില്‍ ധോനിയും, ബാംഗ്ലൂരിന്‌ വേണ്ടി ബാറ്റ്‌ ചെയ്യുമ്പോള്‍ എതിര്‍വശത്ത്‌ ഡിവില്ലിയേഴ്‌സും ഉണ്ടാവുന്നതാണ്‌ ഇഷ്ടം. എന്റെ വിളികള്‍ കേട്ട്‌ അവര്‍ ഉറപ്പായും റണ്ണിനായി ഓടുമെന്ന വിശ്വാസമുണ്ട്‌, കോഹ്‌ ലി പറഞ്ഞു. ഇതുവരെ ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ സാധിക്കാത്തതിനെ കുറിച്ചും കോഹ്‌ ലി സംസാരിച്ചു.

3 തവണ ഞങ്ങള്‍ ഐപിഎല്‍ ഫൈനലില്‍ എത്തി. മൂന്ന്‌ വട്ടം സെമി ഫൈനലില്‍ എത്തി. കിരീടം നേടാതെ ഈ കണക്കുകള്‍ പറഞ്ഞിട്ട്‌ കാര്യമില്ല. കിരീടം അകന്ന്‌ നില്‍ക്കുന്നതിനെ കുറിച്ച്‌ ഞങ്ങളും സംസാരിച്ചിട്ടുണ്ട്‌. സത്യസന്ധമായി പറഞ്ഞാല്‍ ഞങ്ങള്‍ ഐപിഎല്‍ അര്‍ഹിക്കുന്നുണ്ട്‌, കോഹ്‌ ലി പറഞ്ഞു.

തനിക്ക്‌ ചീക്കൂ എന്ന പേര്‌ വീണത്‌ എങ്ങനെയെന്നും പീറ്റേഴ്‌സനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിന്‌ ഇടയില്‍ കോഹ്‌ ലി വെളിപ്പെടുത്തി. ഞങ്ങളുടെ രഞ്‌ജി ട്രോഫി ടീമിന്റെ പരിശീലകനാണ്‌ എനിക്ക്‌ ആ പേരിട്ടത്‌. തലയിലെ മുടി കൊഴിയുന്നു എന്ന ടെന്‍ഷനെ തുടര്‍ന്ന്‌ ഞാന്‍ മുടി പറ്റേ വെട്ടി. അന്ന്‌ തുടുത്ത്‌ നില്‍ക്കുന്ന കവിളുകളായിരുന്നു എനിക്ക്‌. മുടി വെട്ടി കഴിഞ്ഞപ്പോള്‍ അത്‌ കൂടുതല്‍ വലുതായി തോന്നി.

ഇത്‌ കണ്ട പരിശീലകനാണ്‌ എനിക്ക്‌ ചീക്കൂ എന്ന്‌ പേരിട്ടത്‌. ചമ്പക്‌ എന്ന കാര്‍ട്ടൂണിലെ മുയലിന്റെ പേരാണ്‌ ചീക്കൂ. ഇനിയൊരിക്കലും താടി കളയില്ലെന്നു, താടി എടുത്താല്‍ തന്നെ കാണാന്‍ കൊള്ളില്ലെന്നും കോഹ്‌ ലി പറഞ്ഞു. കളിക്കളത്തില്‍ ഓരോ ബോളിലും എന്റെ 120 ശതമാനവും നല്‍കാനാണ്‌ ഞാന്‍ ശ്രമിക്കുക. 2014ലെ ഇംഗ്ലണ്ട്‌ പര്യടനമാണ്‌ തന്റെ കരിയറിലെ ഏറ്റവും മോശമെന്നും കോഹ്‌ ലി പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com