ഈ വർഷം ഐപിഎൽ നടന്നില്ലെങ്കിൽ ധോനിക്ക് തിരിച്ചടിയെന്ന് ​ഗംഭീർ; പകരക്കാരനായി രാഹുൽ 

വിരമിക്കൽ എന്നത് ധോനിയുടെ വ്യക്തിപരമായ തീരുമാനമാണെന്നും ​ഗംഭീർ
ഈ വർഷം ഐപിഎൽ നടന്നില്ലെങ്കിൽ ധോനിക്ക് തിരിച്ചടിയെന്ന് ​ഗംഭീർ; പകരക്കാരനായി രാഹുൽ 

വർഷം ഐപിഎൽ നടന്നില്ലെങ്കിൽ മുൻ നായകൻ എം എസ് ധോനിയുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള മടങ്ങിവരവ് ബുദ്ധിമുട്ടിലാകുമെന്ന് മുൻ താരം ഗൗതം ഗംഭീർ. 2019 ജൂലൈയിൽ ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമി ഫൈനൽ മത്സരമായിരുന്നു ധോനി അവസാനമായി കളിച്ചത്. ഈ വർഷത്തെ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി ധോനി കളിക്കളത്തിൽ ഇറങ്ങുമെന്ന് കരുതിയിരുന്നെങ്കിലും കോവിഡ് ബാധ പടരുന്ന സാഹചര്യത്തിൽ അക്കാര്യം അനിശ്ചിതത്വത്തിലായി. 

കഴിഞ്ഞ ഒരു വർഷം അല്ലെങ്കിൽ ഒന്നര വർഷമായി കളിക്കാത്ത ധോനിയെ എന്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുകയെന്ന് 'ക്രിക്കറ്റ് കണക്ടഡ്' എന്ന ഷോയിൽ പങ്കെടുത്ത ​ഗംഭീർ ചോദിച്ചു. ധോനിക്കു പകരക്കാരനായി കെ എൽ രാഹുലിനെയാണ് ഗംഭീർ നിർദേശിച്ചത്. ധോനിയുടെയത്ര മികച്ച കീപ്പറല്ല രാഹുലെങ്കിലും ടി 20 യിൽ മൂന്നാമത്തെയോ നാലാമത്തെയോ ബാറ്റിങ് ഓർഡറിൽ രാഹുലിനെ ഇറക്കാനാവും എന്നായിരുന്നു ​ഗംഭീറിന്റെ അഭിപ്രായം.

"ഐ‌പി‌എൽ സംഭവിച്ചില്ലെങ്കിൽ‌, ധോനിയുടെ തിരിച്ചുവരവിനുള്ള സാധ്യത മങ്ങും. നിങ്ങൾ ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്, അതിനാൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ഇന്ത്യക്ക് വേണ്ടി മത്സരം വിജയിപ്പിക്കുകയും ചെയ്യുന്നവർ ടീമിനായി കളിക്കണം”, ഗംഭീർ പറഞ്ഞു. വിരമിക്കൽ എന്നത് ധോനിയുടെ വ്യക്തിപരമായ തീരുമാനമാണെന്നും ​ഗംഭീർ പറഞ്ഞു. 

അതേസമയം ഐ‌പി‌എല്ലിന്റെ അടുത്ത കുറച്ച് സീസണുകളിൽ ധോനി പങ്കെടുക്കണമെന്നാണ് മറ്റൊരു മുൻ ഇന്ത്യൻ താരമായ വി‌വി‌എസ് ലക്ഷ്മണിന്റെ അഭിപ്രായം. "ഈ ഐപിഎൽ മാത്രമല്ല, അടുത്ത കുറേ ഐപിഎൽ സീസണുകളിൽ ധോനി കളിക്കണം, ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് അപ്പോൾ ഒരു തീരുമാനം എടുക്കാം”, എന്നായിരുന്നു ലക്ഷമണിന്റെ വാക്കുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com