'നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു'- ഐപിഎല്‍ കാണാന്‍ സൗകര്യമില്ലെന്ന് ആരാധകര്‍

'നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു'- ഐപിഎല്‍ കാണാന്‍ സൗകര്യമില്ലെന്ന് ആരാധകര്‍
'നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു'- ഐപിഎല്‍ കാണാന്‍ സൗകര്യമില്ലെന്ന് ആരാധകര്‍

മുംബൈ: ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനയുടെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ രാജ്യമാകെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനമുണ്ടായിരുന്നു. പിന്നാലെ ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനവും ഏര്‍പ്പെടുത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടത്തിന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍ ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോയാണ്. വിവോയെ സ്‌പോണ്‍സര്‍മാരായി തുടരാന്‍ അനുവദിച്ച ബിസിസിഐ നടപടി ഇപ്പോള്‍ വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. തീരുമാനത്തിനെതിരെ ആരാധകര്‍ രംഗത്തെത്തി. 

സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിവോയടക്കമുള്ള ചൈനീസ് കമ്പനികളെ ഒഴിവാക്കിയില്ലെങ്കില്‍ ഐപിഎല്‍ ബഹിഷ്‌കരിക്കുമെന്ന് ആരാധകര്‍ പറയുന്നു. ബോയ്‌ക്കോട്ട് ഐപിഎല്‍ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. 

വിവോ അടക്കമുള്ള ചൈനീസ് കമ്പനികളെ മാറ്റാതെ ഇനി ഐപിഎല്‍ കാണില്ലെന്നാണ് ആരാധകരുടെ പക്ഷം. കമ്പനികളെ സ്‌പോണ്‍സര്‍മാരായി തുടരാന്‍ അനുവദിച്ച ബിസിസിഐയുടെ നടപടി ലജ്ജാകരമാണെന്നും ആരാധകര്‍ ഒറ്റ സ്വരത്തില്‍ പറയുന്നു. 

വിവോ ഐപിഎല്‍ സ്‌പോണ്‍സര്‍മാരായി തുടരുമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ വ്യക്തമാക്കിയിരുന്നു. വിവോ മാത്രമല്ല ഐപിഎല്ലിലെ ചൈനീസ് നിക്ഷേപമുള്ള മറ്റ് കമ്പനികളും സ്‌പോണ്‍സര്‍മാരായി തുടരുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പേടിഎം, ഡ്രീം ഇലവന്‍ തുടങ്ങിയ കമ്പനികളാണ് ഐപിഎല്ലിന്റെ മറ്റ് സ്‌പോണ്‍സര്‍മാര്‍. ഈ രണ്ട് കമ്പനികളിലും ചൈനീസ് നിക്ഷേപമുണ്ട്. ഈ കമ്പനികളേയും വിവോയ്‌ക്കൊപ്പം സ്‌പോണ്‍സര്‍മാരായി തുടരാന്‍ അനുവദിക്കാമെന്ന് ഞായറാഴ്ച ചേര്‍ന്ന ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ തീരുമാനമെടുത്തു. എല്ലാ സ്‌പോണ്‍സര്‍മാരും ഐപിഎല്ലിനൊപ്പം തുടരുമെന്ന് ഗവേണിങ് കൗണ്‍സില്‍ അംഗങ്ങളിലൊരാള്‍ പ്രതികരിച്ചു. 

അഞ്ച് വര്‍ഷത്തെ കരാറാണ് വിവോയും ഐപിഎലും തമ്മിലുള്ളത്. 2017ല്‍ 2,199 കോടി രൂപയ്ക്കാണ് കമ്പനി സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ സ്വന്തമാക്കിയത്. മറ്റ് രണ്ട് കമ്പനികളുമായും ബിസിസിഐയ്ക്ക് ആയിരം കോടിയിലേറെ രൂപയുടെ കരാറാണുള്ളത്. 

ഈ സീസണിലെ ഐപിഎല്‍ പോരാട്ടങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയില്‍ നടത്താന്‍ ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. മത്സരം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതിയും നല്‍കിയിരുന്നു. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലായാണ് ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com