ഓസീസിനെ തല്ലിയൊതുക്കി ഹര്‍ദ്ദിക്; വിജയ റണ്‍ സിക്‌സിലൂടെ; ടി20 പരമ്പര ഇന്ത്യക്ക്

ഓസീസിനെ തല്ലിയൊതുക്കി ഹര്‍ദ്ദിക്; വിജയ റണ്‍ സിക്‌സിലൂടെ; ടി20 പരമ്പര ഇന്ത്യക്ക്
ഓസീസിനെ തല്ലിയൊതുക്കി ഹര്‍ദ്ദിക്; വിജയ റണ്‍ സിക്‌സിലൂടെ; ടി20 പരമ്പര ഇന്ത്യക്ക്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്. 195 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രണ്ട് പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ 195 റണ്‍സെടുത്ത് ആറ് വിക്കറ്റിന് വിജയം പിടിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കി. ആദ്യ ടി20യില്‍ 11 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. രണ്ടാം പോരില്‍ ടോസ് നേടി ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങിന് വിടുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന മികച്ച സ്‌കോര്‍ ഓസ്‌ട്രേലിയ അടിച്ചെടുത്തു. 

22 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 42 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ടാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ശ്രേയസ് അയ്യര്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു.  

ഓപണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 36 പന്തില്‍ നാല് ഫോറും  രണ്ട് സിക്‌സും സഹിതം ശിഖര്‍ ധവാന്‍ 52 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 24 പന്തില്‍ രണ്ട് വീതം ഫോറും  സിക്‌സും  സഹിതം 40 റണ്‍സ് കണ്ടെത്തി. ഓപണര്‍ കെഎല്‍ രാഹുല്‍ 22 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സെടുത്തു.

മലയാളി താരം സഞ്ജു സാംസണ്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും വലിയ സ്‌കോറിലെത്താന്‍ സാധിച്ചില്ല. സഞ്ജു ഓരോ സിക്‌സും ഫോറും സഹിതം പത്ത് പന്തില്‍ 15 റണ്‍സാണ് സഞ്ജു നേടിയത്.

നേരത്തെ ഫിഞ്ചിന്റെ അഭാവത്തില്‍ മാത്യു വെയ്ഡാണ് ഓസീസിനെ നയിച്ചത്. അര്‍ധ സെഞ്ച്വറിയുമായി താരം ടീമിനെ മുന്നില്‍ നിന്ന് നയിച്ച് ടോപ് സ്‌കോററാവുകയും ചെയ്തു. 32 പന്തുകള്‍ നേരിട്ട് വെയ്ഡ് പത്ത് ഫോറും ഒരു സിക്‌സും സഹിതം  58 റണ്‍സ് കണ്ടെത്തി. 

മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് 38 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 46 റണ്‍സെടുത്തു. രണ്ട് സിക്‌സുകള്‍ സഹിതം 13 പന്തില്‍ 22 റണ്‍സെടുത്ത് മാക്‌സ്‌വെല്ലും 18 പന്തില്‍ 26 റണ്‍സുമായി മോയ്‌സസ് ഹെന്റിക്‌സും ടീമിനെ മികച്ച സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. ആറാമനായി ക്രീസിലെത്തിയ മാര്‍ക്കസ് സ്‌റ്റോയിനിസ് ഏഴ് പന്തില്‍ 16 റണ്‍സെടുത്ത് ഓസീസ് സ്‌കോര്‍ 194ല്‍ എത്തിച്ചു.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇത്തവണയും തിളങ്ങിയത് ടി നടരാജന്‍ തന്നെ. നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി താരം രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ശാര്‍ദുല്‍ താക്കൂര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com