വെയ്ഡും മാക്‌സ്‌വെല്ലും കത്തിക്കയറി;  പരമ്പര തൂത്തുവാരാന്‍ 187 റണ്‍സ് വിജയലക്ഷ്യം

ഓസ്‌ട്രേലിയക്ക് എതിരായ ട്വന്റി 20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യയ്ക്ക് 187 റണ്‍സ് വിജയലക്ഷ്യം
വെയ്ഡും മാക്‌സ്‌വെല്ലും കത്തിക്കയറി;  പരമ്പര തൂത്തുവാരാന്‍ 187 റണ്‍സ് വിജയലക്ഷ്യം

സിഡ്‌നി:  ഓസ്‌ട്രേലിയക്ക് എതിരായ ട്വന്റി 20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യയ്ക്ക് 187 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എടുത്തു. മാത്യൂ വെയ്ഡിന്റെ മികവിലാണ് ഓസീസ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 53 പന്തില്‍ നിന്ന് വെയ്ഡ് 80 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ മാക്‌സ് വെല്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തതോടെ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നായകന്‍ ആരോണ്‍ ഫിഞ്ചിനെ പൂജ്യനാക്കി മടക്കി വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വിക്കറ്റ് നേടിയത്. ഫിഞ്ചിന് പകരം സ്റ്റീവ് സ്മിത്ത് മാത്യു വെയ്ഡിന് കൂട്ടായെത്തി. 

സ്മിത്തിനൊപ്പം വെയ്ഡ് തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ ഓസിസ് സ്‌കോര്‍ബോര്‍ഡ് കുതിച്ചു. സ്മിത്ത് വെയ്ഡിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. എന്നാല്‍ സ്‌കോര്‍ 79-ല്‍ നില്‍ക്കെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി സുന്ദര്‍ വീണ്ടും കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. 23 പന്തുകളില്‍ നിന്നും 24 റണ്‍സെടുത്ത സ്മിത്തിനെ സുന്ദര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. സ്മിത്തിന് പകരമായി വെടിക്കെട്ട് താരം ഗ്ലെന്‍ മാക്സ്വെല്‍ ക്രീസിലെത്തി. വൈകാതെ മാത്യു വെയ്ഡ് അര്‍ധസെഞ്ചുറി സ്വന്തമാക്കി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് അദ്ദേഹം അര്‍ധസെഞ്ചുറി നേടുന്നത്.

മാക്സ്വെല്ലിനെ കൂട്ടുപിടിച്ച് വെയ്ഡ് 11.5 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ 112-ല് നില്‍ക്കെ മാക്സ്വെല്ലിനെ ചാഹല്‍ പുറത്താക്കിയെങ്കിലും അമ്പയര്‍ നോബോള്‍ വിധിച്ചു. കിട്ടിയ അവസരം മാക്സ്വെല്‍ നന്നായി ഉപയോഗിച്ചു. തകര്‍പ്പന്‍ അടികളുമായി മാക്സ്വെല്ലും വെയ്ഡും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 

17-ാം ഓവറില്‍ മാക്സ്വെല്ലിനെ പുറത്താക്കാനുള്ള അവസരം ദീപക് ചാഹര്‍ നഷ്ടപ്പെടുത്തി. പിന്നാലെ ഒരു പടുകൂറ്റന്‍ സിക്സും നേടി മാക്സ്വെല്‍ സ്‌കോര്‍ 150 കടത്തി. പിന്നാലെ താരം അര്‍ധസെഞ്ചുറിയും നേടി. സ്‌കോര്‍169-ല്‍ നില്‍ക്കെ മാത്യു വെയ്ഡിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഠാക്കൂര്‍ ഓസിസിന്റെ മൂന്നാം വിക്കറ്റ് വീഴ്ത്തി. പിന്നാലെ മാക്സ്വെല്ലിനെ ക്ലീന്‍ ബൗള്‍ഡാക്കി നടരാജന്‍ കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com