‘സഞ്ജു ഇന്ത്യയുടെ ഭാവി താരം, പിഴവുകൾ തിരുത്തി മികവോടെ തിരിച്ചെത്തും‘- പിന്തുണച്ച് ഹർഭജൻ

‘സഞ്ജു ഇന്ത്യയുടെ ഭാവി താരം, പിഴവുകൾ തിരുത്തി മികവോടെ തിരിച്ചെത്തും‘- പിന്തുണച്ച് ഹർഭജൻ
‘സഞ്ജു ഇന്ത്യയുടെ ഭാവി താരം, പിഴവുകൾ തിരുത്തി മികവോടെ തിരിച്ചെത്തും‘- പിന്തുണച്ച് ഹർഭജൻ

മുംബൈ: മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാ​ഗ്ദാനം ആണെന്ന കര്യത്തിൽ ഒരു തർക്കവുമില്ലെന്ന് വ്യക്തമാക്കി മുൻ താരം ഹർഭജൻ സിങ്. തെറ്റുകളിൽ നിന്ന് പാഠങ്ങൾ പഠിച്ച് കൃത്യമായ തിരുത്തലുകൾക്ക് തയാറായാൽ സഞ്ജു ശക്തമായി തിരിച്ചുവരുമെന്നും ഹർഭജൻ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയ്‍ക്കെതിരായ ടി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിലും അവസരം ലഭിച്ചെങ്കിലും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് സഞ്ജുവിനെ അങ്ങനെ എഴുതിത്തള്ളാനാകില്ലെന്ന അഭിപ്രായവുമായി ഹർഭജൻ രം​ഗത്തെത്തിയത്. 

‘നാലാം നമ്പറിൽ ബാറ്റു ചെയ്യാൻ സഞ്ജുവിന് അവസരം ലഭിച്ചു. ഇപ്പോഴും അദ്ദേഹം രാജ്യാന്തര കരിയറിലെ ഒന്നാമത്തെ രണ്ടാമത്തെയോ പരമ്പര മാത്രമാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ പഠിക്കാൻ ഇനിയും സമയമുണ്ട്. അദ്ദേഹത്തിന് പ്രതിഭയുണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ഇന്ത്യ പരമ്പര നേടുകയും ചെയ്തു. ഈ താരങ്ങളൊക്കെത്തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി. പിഴവുകൾ വരുത്തിയില്ലെങ്കിൽ അവരെങ്ങനെ പഠിക്കും?’

’സഞ്ജു സാംസണിന്റെ കഴിവുവച്ച് അദ്ദേഹം ഈ പിഴവുകളെല്ലാം തിരുത്തി കൂടുതൽ മികച്ച താരമായി തിരികെ വരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇനി, സഞ്ജു പിഴവുകളിൽ നിന്ന് പാഠം പഠിക്കുന്നില്ലെന്ന് കരുതുക. മറ്റൊരാൾ ആ സ്ഥാനം കൈയടക്കുമെന്ന് തീർച്ച. കാരണം, നാലാം നമ്പർ എന്നത് ഏതൊരു ടീമിലെയും പ്രധാനപ്പെട്ട സ്ഥാനമാണ്. അവിടെ ബാറ്റു ചെയ്യാൻ അവസരം ലഭിച്ചാൽ അത് മുതലാക്കാൻ ശ്രമിക്കുക. ഇത്തവണ കഴിഞ്ഞില്ലെങ്കിൽക്കൂടി അടുത്ത പരമ്പരയിൽ കൂടുതൽ തയാറെടുപ്പുമായി വന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രദ്ധിക്കണം’ – ഹർഭജൻ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13ാം സീസണിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടി20 ടീമിൽ സഞ്ജു സാംസണിന് സെലക്ടർമാർ ഇടം നൽകിയത്. പിന്നീട് ടീമിൽ അഴിച്ചുപണി നടത്തിയ അവസരത്തിൽ ഏകദിന ടീമിലും വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തി. ഏകദിനത്തിൽ കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ലെങ്കിലും, ടി20യിൽ മൂന്ന് മത്സരങ്ങളിലും താരം കളത്തിലിറങ്ങി. പക്ഷേ ആകെ നേടാനായത് 48 റൺസ് മാത്രം. ഒന്നാം ടി20യിൽ 15 പന്തിൽ നേടിയ 23 റൺസായിരുന്നു ഉയർന്ന സ്കോർ. 2015ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയെങ്കിലും ഇതുവരെ സഞ്ജു ആകെ കളിച്ചത് ഏഴ് ടി20 മത്സരങ്ങൾ മാത്രമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com