വേട്ട തുടങ്ങി ബൂമ്ര, അതേ നാണയത്തില്‍ ഇന്ത്യയുടെ തിരിച്ചടി; ഓസ്‌ട്രേലിയക്ക് മോശം തുടക്കം 

വിക്കറ്റ് കളയാതെ കരുതലോടെ കളിച്ചുവന്ന ഓസ്‌ട്രേലിയയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച് ബൂമ്രയാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്
ബൂമ്രയുടെ പന്തില്‍ വിക്കറ്റിന് മുന്‍പില്‍ കുരുങ്ങി വേഡ്/ഫോട്ടോ:എപി
ബൂമ്രയുടെ പന്തില്‍ വിക്കറ്റിന് മുന്‍പില്‍ കുരുങ്ങി വേഡ്/ഫോട്ടോ:എപി

അഡ്‌ലെയ്ഡ്: ഇന്ത്യയെ ചെറിയ സ്‌കോറില്‍ പുറത്താക്കിയതിന്റെ ആധിപത്യം ഉറപ്പിക്കാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഇന്ത്യ. 17 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ ഇപ്പോള്‍. 

വിക്കറ്റ് കളയാതെ കരുതലോടെ കളിച്ചുവന്ന ഓസ്‌ട്രേലിയയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച് ബൂമ്രയാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. 51 പന്തില്‍ നിന്ന് എട്ട് റണ്‍സ് എടുത്താണ് വേഡ് മടങ്ങിയത്. ബൂമ്രയുടെ ഗുഡ് ലെങ്ത് ബൗളില്‍ ലെഗ് സൈഡിലേക്ക് കളിക്കാനായിരുന്നു വേഡിന്റെ ശ്രമം. എന്നാല്‍ കണക്കു കൂട്ടല്‍ പിഴച്ചതോടെ പന്ത് പാഡില്‍. ഇന്ത്യന്‍ താരങ്ങളുടെ അപ്പീലിന് പിന്നാലെ അമ്പയര്‍ ഔട്ട് വിധിച്ചു. വേഡ് ഡിആര്‍എസ് എടുത്തെങ്കിലും ബാറ്റില്‍ പന്ത് കൊണ്ടിട്ടില്ലെന്ന് വ്യക്തമായി. 

ഓസ്‌ട്രേലിയന്‍ സ്‌കോര്‍ ബോര്‍ഡില്‍ 16 റണ്‍സ് എത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് വീണത്. പിന്നാലെ ഓപ്പണ്‍ ബേണ്‍സിനേയും ബൂമ്ര വിക്കറ്റിന് മുന്‍പില്‍ കുടുക്കി. 41 പന്തില്‍ നിന്ന് എട്ട് റണ്‍സ് എടുത്ത് നില്‍ക്കെയാണ് ബേണ്‍സിനെ ബൂമ്ര മടക്കിയത്. 

ഉമേഷ് യാദവ് ആണ് ഇന്ത്യക്ക് വേണ്ടി ബൗളിങ് ഓപ്പണ്‍ ചെയ്തത്. മുഹമ്മദ് ഷമിയെ കോഹ് ലി കൊണ്ടുവന്നത് മൂന്നാമതായും. വേഡ് പുറത്തായതിന് പിന്നാലെ എത്തിയ ലാബുഷെയ്ന്‍ മൂന്ന് ഫോര്‍ അടിച്ചാണ് ഇന്നിങ്‌സ് തുടങ്ങിയത്. എന്നാല്‍ പൂജ്യത്തില്‍ ലാബുഷെയ്ന്‍ നില്‍ക്കുമ്പോള്‍ പുറത്താക്കാനുള്ള അവസരം സാഹ നഷ്ടപ്പെടുത്തി. ബൂമ്രയുടെ ഡെലിവറിയില്‍ എഡ്ജ് ചെയ്ത പന്ത് പിടിക്കാന്‍ സാഹ ഫുള്‍ ലെങ്ത് ഡൈവ് ചെയ്‌തെങ്കിലും സാഹയുടെ ഗ്ലൗസിന് അടിയിലൂടെ പന്ത് പോയി. 

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 244 റണ്‍സില്‍ അവസാനിച്ചിരുന്നു. നാല് വിക്കറ്റ് വീഴ്ത്തി സ്റ്റാര്‍ക്കും, മൂന്ന് വിക്കറ്റുമായി കമിന്‍സും ആക്രമിച്ചതോടെ ഇന്ത്യക്ക് 300ലേക്ക് എത്താനായില്ല. 180 പന്തില്‍ നിന്ന് 74 റണ്‍സ് എടുത്ത കോഹ് ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com