ഇന്ത്യ ബാറ്റിങ് മറന്ന പിച്ചില്‍ ന്യൂസിലന്‍ഡിന് ലീഡ്; വില്ല്യംസന് അര്‍ധ സെഞ്ച്വറി; മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇഷാന്ത്

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ലീഡ്
ഇന്ത്യ ബാറ്റിങ് മറന്ന പിച്ചില്‍ ന്യൂസിലന്‍ഡിന് ലീഡ്; വില്ല്യംസന് അര്‍ധ സെഞ്ച്വറി; മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇഷാന്ത്

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ലീഡ്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 165 റണ്‍സാണ് കണ്ടെത്തിയത്. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന കിവികള്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന നിലയിലാണ് കിവികള്‍. 

ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസന്‍ 77 റണ്‍സുമായി ഒരറ്റത്ത് നിലയുറപ്പിച്ച് കളിക്കുന്നു. റോസ് ടെയലര്‍ 44 റണ്‍സുമായി മടങ്ങി. വില്ല്യംസനൊപ്പം രണ്ട് റണ്ണുമായി നിക്കോള്‍സാണ് ക്രീസില്‍. കിവീസിന് നഷ്ടമായ മൂന്ന് വിക്കറ്റുകലും ഇഷാന്ത് ശര്‍മ സ്വന്തമാക്കി. ഓപണര്‍മാരായ ബ്ലന്‍ഡല്‍ (30), ടോം ലാതം (11) എന്നിവരാണ് പുറത്തായ മറ്റ് കിവി താരങ്ങള്‍.

ഇന്നലെ ആദ്യ ദിനം മൂന്നാം സെഷനിലേക്കെത്തിയള്‍ മഴയെത്തിയതോടെ കളി നേരത്തെ അവസാനിപ്പിച്ചിരുന്നു. മഴ എത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ജാമിസണ്‍ അരങ്ങേറ്റ ടെസ്റ്റ് തന്നെ ഗംഭീരമാക്കിയപ്പോള്‍ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമിന്റെ പേരുകേട്ട ബാറ്റിങ് നിര തകര്‍ന്നു പോയി. ഒരു വിക്കറ്റ് കൂടി രണ്ടാം ദിനത്തില്‍ വീഴ്ത്തി ജാമിസണ്‍ മൊത്തം നാല് വിക്കറ്റ് വീഴത്തിയപ്പോള്‍ സൗത്തിയും നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. വെല്ലിങ്ടണിലെ പിച്ച് പേസര്‍മാരെ തുണക്കുന്നതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇരുവരുടേയും ബൗളിങ്. ആദ്യ ദിനം പച്ചപ്പ് നിറഞ്ഞ പിച്ചില്‍ ബാറ്റ് ചെയ്യുക ദുഷ്‌കരമാണ്. ടോസ് നഷ്ടപ്പെട്ടതാണ് ഇവിടെ ഇന്ത്യക്ക് വലിയ തിരിച്ചടിയായത്. 

46 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പത്താമനായി ഇറങ്ങിയ മുഹമ്മദ് ഷമി 21 റണ്‍സെടുത്ത് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തി. 

ഇന്നലെ ഒന്നാം ഇന്നിങ്‌സിന്റെ നാലാം ഓവറില്‍ തന്നെ പൃഥ്വി ഷായുടെ വിക്കറ്റ് വീഴ്ത്തി സൗത്തിയാണ് വേട്ടക്ക് തുടക്കമിട്ടത്. 16 റണ്‍സ് എടുത്ത് നിന്ന പൃഥ്വിയെ സൗത്തി ബൗള്‍ഡ് ആക്കി. പിന്നാലെ ഇന്ത്യയുടെ വിശ്വസ്തന്‍ പൂജാരയാണ് പുറത്തായത്. 43 പന്തില്‍ നിന്ന് 11 റണ്‍സ് എടുത്ത് പൂജാര മടങ്ങി. 

ന്യൂസിലന്‍ഡ് പര്യടനത്തിലെ മോശം ഫോം ടെസ്റ്റിലും തുടരുന്നു എന്ന് വ്യക്തമാക്കി കോഹ് ലി രണ്ട് റണ്‍സ് എടുത്ത് പുറത്തായി. ജാമിസണാണ് അവിടേയും ഇന്ത്യയെ പ്രഹരിച്ചത്. മായങ്കിനൊപ്പം ചേര്‍ന്ന് കൂട്ടുകെട്ടുണ്ടാക്കാനുള്ള അവസരം നല്‍കാതെ ഹനുമാ വിഹാരിയേയും ജാമിസണ്‍ മടക്കിയതോടെ വലിയ പ്രതിസന്ധിയിലേക്കാണ് ഇന്ത്യ വീണത്. ഋഷഭ് പന്ത് (19), ആര്‍ അശ്വിന്‍ (പൂജ്യം), ഇഷാന്ത് ശര്‍മ (അഞ്ച്) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com