വിഖ്യാത ബാസ്‌കറ്റ്ബോള്‍ താരം കോബി ബ്രയന്റ് കൊല്ലപ്പെട്ടു

അദ്ദേഹത്തിന്റെ 13 വയസുള്ള മകള്‍ ഗിയാന്ന മരിയ ഒണോറ ബ്രയന്റ് ഉള്‍പ്പടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന  ഒന്‍പതുപേരും അപകടത്തില്‍ കൊല്ലപ്പെട്ടു
വിഖ്യാത ബാസ്‌കറ്റ്ബോള്‍ താരം കോബി ബ്രയന്റ് കൊല്ലപ്പെട്ടു

ലോസ് ആഞ്ചല്‍ലസ്; വിഖ്യാത അമേരിക്കന്‍ ബാസ്‌കറ്റ്ബോള്‍ താരം കോബി ബ്രയന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. 41 വയസായിരുന്നു. അദ്ദേഹത്തിന്റെ 13 വയസുള്ള മകള്‍ ഗിയാന്ന മരിയ ഒണോറ ബ്രയന്റ് ഉള്‍പ്പടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന  ഒന്‍പതുപേരും അപകടത്തില്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയിലെ കലാബസാസില്‍ വെച്ചാണ് ദുരന്തമുണ്ടായത്.

തൗസന്റ് ഓക്‌സിലെ മാമ്പ സ്‌പോര്‍ട്‌സ് അക്കഡമിയിലേക്ക് പോകുന്നതിനിടെയായിരുന്നു അന്ത്യം. അക്കാഡമിയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് അദ്ദേഹം പുറപ്പെട്ടത്. മകളുടെ ടീമിനെ പരിശീലിക്കുന്നത് ബ്രയന്റാണ്. ലാസ് വിര്‍ജെനെസില്‍ നിന്ന് പുറപ്പെട്ട സ്വകാര്യ ഹെലികോപ്റ്റര്‍ കലബസാസ് മേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു. അപകടശേഷം ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. കൊല്ലപ്പെട്ട മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

രണ്ടു പതിറ്റാണ്ടോളം എന്‍ബിഎ ടീം ലോസ് ആഞ്ചലീസ് ലീക്കേഴ്‌സിന്റെ താരമായിരുന്നു ബ്രയന്റ്. അഞ്ച് തവണ ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്. 2006ല്‍ ടോറന്റോ റാപ്‌ടോര്‍സിനെതിരെ നേടിയ 81 പോയിന്റ് എന്‍ബിഎ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണ്. 2008ല്‍ എന്‍ബിഎയിലെ മോസ്റ്റ് വാല്യുബിള്‍ പ്ലേയര്‍ പുരസ്‌കാരം ബ്രയന്റ് നേടി. രണ്ടു തവണ എന്‍ബിഎ സ്‌കോറിങ് ചാമ്പ്യനുമായി.

2008ലും 2012ലും യുഎസ് ബാസ്‌കറ്റ് ബോള്‍ ടീമിനൊപ്പം രണ്ടു തവണ ഒളിമ്പിക് സ്വര്‍ണവും സ്വന്തമാക്കി. 2016 ഏപ്രിലിലാണ് അദ്ദേഹം വിരമിച്ചത്. 2018ല്‍ 'ഡിയര്‍ ബാസ്‌കറ്റ് ബോള്‍' എന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ മികച്ച ഹ്രസ്വ അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡും ബ്രയന്റ് സ്വന്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com