ധോനി...ധോനി....ധോനി, ഓരോ ഷോട്ടിനും അവർ ആർത്തു വിളിച്ചു; തലയുടെ ബാറ്റിങ് കാണാൻ തടിച്ചുകൂടി ആരാധകർ

എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മഹേന്ദ്ര സിങ് ധോനി വീണ്ടും മൈതാനങ്ങളുടെ ആരവങ്ങളിലേക്ക്
ധോനി...ധോനി....ധോനി, ഓരോ ഷോട്ടിനും അവർ ആർത്തു വിളിച്ചു; തലയുടെ ബാറ്റിങ് കാണാൻ തടിച്ചുകൂടി ആരാധകർ

ചെന്നൈ: എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മഹേന്ദ്ര സിങ് ധോനി വീണ്ടും മൈതാനങ്ങളുടെ ആരവങ്ങളിലേക്ക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ചേർന്ന നായകൻ ചെപ്പോക്ക് സ്റ്റേഡ‍ിയത്തില്‍ ബാറ്റുമായി പരിശീലനത്തിനിറങ്ങി.   

വരാനിരിക്കുന്ന ഐപിഎൽ പോരാട്ടത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാ​ഗമായാണ് നായകന്റെ പരിശീലനം. ഈ മാസം 19ന് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ടീം ക്യാമ്പിന് തുടക്കമാകും. മാര്‍ച്ച് 29ന് തുടങ്ങുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യ മത്സരം. 

ധോനിയുടെ ബാറ്റിങ് പരിശീലനം കാണാന്‍ നൂറുകണക്കിന് ആരാധകരാണ് ചെപ്പോക്ക് സ്റ്റേഡിയത്തിലെത്തിയത്. യഥാര്‍ത്ഥ മത്സരത്തിലെന്ന പോലെ തങ്ങളുടെ പ്രിയപ്പെട്ട തലയുടെ ഓരോ ഷോട്ടിനും അവര്‍ ധോനി...ധോനി....ധോനി എന്ന് ആര്‍പ്പു വിളിച്ചു കൈയടിച്ചു. ആരാധകരെ നിരാശരാക്കാതെ ധോനിയും കൂറ്റനടികളുമായി കളം നിറഞ്ഞു.

നേരത്തെ ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ധോനി നെറ്റ്സില്‍ പരിശീലനം നടത്തിയിരുന്നു. എന്നാൽ ആരാധകര്‍ക്ക് അത് കാണാന്‍ അനുവാദമുണ്ടായിരുന്നില്ല. ലോകകപ്പിനു ശേഷം ഇതാദ്യമായാണ് ധോനിയുടെ ബാറ്റിങ് പരിശീലനം ആരാധകര്‍ നേരിട്ടു കാണുന്നത്. 

നേരത്തെ ചെന്നൈ വിമാനത്താവളത്തിലെത്തിയ ധോനിക്ക് ആരാധകര്‍ ഗംഭീര വരവേല്‍പ്പാണ് ഒരുക്കിയത്. തലയെ സ്വീകരിക്കാന്‍ നൂറു കണക്കിന് സിഎസ്‌കെ ആരാധകരെത്തി. പിയൂഷ് ചൗള, അമ്പാട്ടി റായിഡു, കരണ്‍ ശര്‍മ എന്നീ താരങ്ങളും ധോനിക്കൊപ്പം ചെന്നൈയിലെത്തിയിട്ടുണ്ട്. 

വരാനിരിക്കുന്ന ഐപിഎൽ ധോനിക്ക് നിർണായകമാണ്. ധോനിയുടെ ഐപിഎൽ പ്രകടനം അനുസരിച്ചായിരിക്കും രാജ്യാന്തര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ തിരിച്ചുവരവെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com