ഹൈദരാബാദ്‌ ക്രിക്കറ്റ്‌ സ്‌റ്റേഡിയം ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ വിട്ടുനല്‍കും; സാധ്യത പരിഗണിച്ച്‌ തെലങ്കാന സര്‍ക്കാര്‍

40 വലിയ മുറികള്‍ അടങ്ങിയ സ്‌റ്റേഡിയത്തിലെ സൗകര്യങ്ങള്‍ ഐസൊലേഷന്‍ വാര്‍ഡ്‌ ഒരുക്കാന്‍ അനുയോജ്യമാണ്‌
ഹൈദരാബാദ്‌ ക്രിക്കറ്റ്‌ സ്‌റ്റേഡിയം ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ വിട്ടുനല്‍കും; സാധ്യത പരിഗണിച്ച്‌ തെലങ്കാന സര്‍ക്കാര്‍


ഹൈദരാബാദ്‌: ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുന്നതിനായി ഹൈദരാബാദ്‌ ക്രിക്കറ്റ്‌ സ്‌റ്റേഡിയം വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ച്‌ ഹൈദരാബാദ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍. 40 വലിയ മുറികള്‍ അടങ്ങിയ സ്‌റ്റേഡിയത്തിലെ സൗകര്യങ്ങള്‍ ഐസൊലേഷന്‍ വാര്‍ഡ്‌ ഒരുക്കാന്‍ അനുയോജ്യമാണ്‌.

ഹൈദരാബാദിലെ രാജീവ്‌ ഗാന്ധി സ്‌റ്റേഡിയം  വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ച്‌ ഹൈദരാബാദ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ തെലങ്കാന മുഖ്യമന്ത്രിക്ക്‌ കത്തയച്ചു. ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ്‌ അസ്‌ഹറുദ്ധീനാണ്‌ ഹൈദരാബാദ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ ചെയര്‍മാന്‍. അദ്ദേഹത്തിന്‌ വേണ്ടി ഹൈദരാബാദ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ സെക്രട്ടറി ആര്‍ വിജയാനന്ദ്‌ ആണ്‌ മുഖ്യമന്ത്രിക്ക്‌ കത്തയച്ചത്‌.

കോവിഡ്‌ 19 ബാധിതരുടെ എണ്ണവും, നിരീക്ഷണത്തിലാക്കേണ്ടവരുടെ എണ്ണവും പരിഗണിച്ചായിരിക്കും ഹൈദരാബാദ്‌ ക്രിക്കറ്റ്‌ സ്റ്റേഡിയം ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച്‌ തെലങ്കാന സര്‍ക്കാര്‍ തീരുമാനമെടുക്കുക. നേരത്തെ, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയം ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ വിട്ടുനല്‍കാന്‍ ബിസിസിഐ പ്രസിഡന്റ്‌ സൗരവ്‌ ഗാംഗുലിയും സന്നദ്ധത അറിയിച്ചിരുന്നു. സ്റ്റേഡിയങ്ങളിലെ കളിക്കാരുടെ ഡോര്‍മെറ്ററി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാവുമെന്നാണ്‌ കരുതുന്നത്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com