‘അച്ഛൻ കൈക്കൂലി നൽകാത്തതിനാൽ അന്ന് എന്നെ ടീമിലെടുത്തില്ല‘- നിർണായക വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

‘അച്ഛൻ കൈക്കൂലി നൽകാത്തതിനാൽ അന്ന് എന്നെ ടീമിലെടുത്തില്ല‘- നിർണായക വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി
‘അച്ഛൻ കൈക്കൂലി നൽകാത്തതിനാൽ അന്ന് എന്നെ ടീമിലെടുത്തില്ല‘- നിർണായക വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ന്യൂഡൽഹി: നിർണായകമായ വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി. ഇന്ത്യൻ ഫുട്ബോൾ താരം സുനിൽ ഛേത്രിയുമായി ഇൻസ്റ്റഗ്രാമിൽ നടത്തിയ ലൈവ് ചാറ്റിനിടെയാണ് കോഹ്‌ലിയുടെ വെളിപ്പെടുത്തൽ. അച്ഛൻ കൈക്കൂലി കൊടുക്കാത്തതിന് ഡൽഹി ടീമിൽ തനിക്ക് ഇടം കിട്ടാതിരുന്ന സംഭവമാണ് നായകൻ പറഞ്ഞത്.  

തന്നെ ടീമിലുൾപ്പെടുത്താൻ ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹി അച്ഛനിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതായി  കോഹ്‌ലി പറയുന്നു. അച്ഛൻ കൈക്കൂലി നൽകാൻ വിസമ്മതിച്ചതോടെ തന്നെ ടീമിൽ ഉൾപ്പെടുത്തിയില്ല. ഇത് വളരെയധികം വിഷമിപ്പിക്കുകയും കുറേ കരയുകയും ചെയ്തെങ്കിലും, അതുവഴി ജീവിതത്തിലെ വലിയൊരു പാഠമാണ് പഠിച്ചതെന്നും കോഹ്‌ലി അനുസ്മരിച്ചു.  കോഹ്‌ലിക്ക് 18 വയസ് മാത്രമുള്ളപ്പോഴാണ് അഭിഭാഷകനായിരുന്ന പിതാവ് പ്രേം മരിച്ചത്. 

‘എന്റെ മാതൃ സംസ്ഥാനമായ ഡൽഹിയിൽ കാര്യങ്ങൾ അത്ര വെടിപ്പായിരുന്നില്ല. ഒരു തവണ എന്നെ ടീമിൽ ഉൾപ്പെടുത്താൻ ഭാരവാഹികളിൽ ഒരാൾ അച്ഛനോട് കൈക്കൂലി ചോദിച്ചത് ഓർമയുണ്ട്. കഴിവുവച്ച് എനിക്ക് ടീമിൽ സ്ഥാനം കിട്ടുമെങ്കിലും എന്തെങ്കിലും എക്സ്ട്രാ നൽകേണ്ടിവരുമെന്ന് അയാൾ അച്ഛനോടു പറഞ്ഞു’ – കോലി വെളിപ്പെടുത്തി.

‘വളരെ കഠിനാധ്വാനം ചെയ്ത് അഭിഭാഷക വൃത്തിയിൽ പേരെടുത്ത ആളാണ് എന്റെ അച്ഛൻ. മധ്യവർഗത്തിൽ നിന്നുള്ള ഒരു സാധാരണക്കാരൻ. അയാൾ പറഞ്ഞ എക്സ്ട്രാ എന്താണെന്നു പോലും അദ്ദേഹത്തിനു മനസിലായില്ല. വിരാടിന് യോഗ്യതയുണ്ടെങ്കിൽ നിങ്ങൾ ടീമിലെടുക്കൂ. അല്ലാതെ ഞാൻ കൂടുതലായി ഒന്നും നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അച്ഛന്റെ പ്രതികരണം’ – കോലി വിവരിച്ചു.

‘ഊഹിക്കാവുന്നതു പോലെ എനിക്ക് ടീമിൽ സെലക്ഷൻ കിട്ടിയില്ല. അതെന്നെ വല്ലാത ഉലച്ചു കളഞ്ഞു. ഞാൻ പൊട്ടിക്കരഞ്ഞു. എങ്കിലും ആ സംഭവം എന്നെ ചില വലിയ പാഠങ്ങൾ പഠിപ്പിച്ചു. ജീവിതത്തിൽ വിജയിക്കണമെങ്കിൽ എന്തെങ്കിലും അധികമായി ചെയ്യണമെന്ന് ഞാൻ പഠിച്ചു. എന്റെ സ്വന്തം അധ്വാനവും പരിശ്രമവും ഉണ്ടെങ്കിൽ മാത്രമേ വിജയിക്കാനാകൂ എന്നും മനസിലാക്കി. എന്റെ അച്ഛൻ വാക്കുകളിലൂടെ മാത്രമല്ല, പ്രവർത്തിയിലൂടെയും എനിക്ക് ശരിയായ വഴി കാണിച്ചുതന്നു’ –  കോഹ്‌ലി പറഞ്ഞു.

‘അദ്ദേഹത്തിന്റെ മരണം വളരെ വേഗം ഞാൻ ഉൾക്കൊണ്ടു. കരിയറിൽ ശ്രദ്ധ കൊടുത്ത് മുന്നേറാൻ അതെനിക്ക് സഹായകമായി. അച്ഛന്റെ മരണത്തിനു പിറ്റേന്ന് ഒരു രഞ്ജി ട്രോഫി മത്സരത്തിൽ കളിച്ചവനാണ് ഞാൻ. ഈ ജീവിതത്തിൽ എന്തെങ്കിലും ആയിത്തീരണമെന്ന് എന്നെ പഠിപ്പിച്ചത് പിതാവിന്റെ മരണമാണ്. അദ്ദേഹം അർഹിച്ചിരുന്ന ആ റിട്ടയർമെന്റ് ജീവിതം നൽകാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിലെന്ന് ഇടയ്ക്ക് തോന്നാറുണ്ട്. ഇടയ്ക്ക് അച്ഛനെ ഓർക്കുമ്പോൾ സഹിക്കാനാകാത്ത സങ്കടം വരും’ – കോഹ്‌ലി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com