ബുമ്‌റയില്‍ നിന്ന് പര്‍പ്പിള്‍ ക്യാപ് തിരികെ പിടിച്ച് റബാഡ; ഫൈനലില്‍ 68 റണ്‍സടിച്ചാല്‍ ഓറഞ്ച് ക്യാപ് ധവാന് സ്വന്തം

ബുമ്‌റയില്‍ നിന്ന് പര്‍പ്പിള്‍ ക്യാപ് തിരികെ പിടിച്ച് റബാഡ; ഫൈനലില്‍ 68 റണ്‍സടിച്ചാല്‍ ഓറഞ്ച് ക്യാപ് ധവാന് സ്വന്തം
ബുമ്‌റയില്‍ നിന്ന് പര്‍പ്പിള്‍ ക്യാപ് തിരികെ പിടിച്ച് റബാഡ; ഫൈനലില്‍ 68 റണ്‍സടിച്ചാല്‍ ഓറഞ്ച് ക്യാപ് ധവാന് സ്വന്തം

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് തിരിച്ചുപിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ. ബാറ്റ്‌സ്മാന്‍മാരിലെ ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ് ഇപ്പോഴും കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുലിന്റെ പക്കല്‍ ഭദ്രം. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത് ടീമിനെ ചരിത്രത്തിലാദ്യമായി ഐപിഎല്‍ ഫൈനലിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചാണ് റബാഡ പര്‍പ്പിള്‍ ക്യാപ് തിരികെ പിടിച്ചത്. ബുമ്‌റയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റബാഡയുടെ മുന്നേറ്റം. ബുമ്‌റയ്ക്ക് 27 വിക്കറ്റുകളാണുള്ളത്. മൂന്നാം സ്ഥാനത്ത് മുംബൈ താരം തന്നെയായ ട്രെന്റ് ബോള്‍ട്ടാണ്. 22 വിക്കറ്റുകളാണ് കിവീസ് താരത്തിനുള്ളത്. 

നിലവില്‍ 29 വിക്കറ്റുകളാണ് റബാഡയുടെ അക്കൗണ്ടിലുള്ളത്. മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രിത് ബുമ്‌റയെ മറികടന്നാണ് റബാഡ് വീണ്ടും ബൗളര്‍മാരില്‍ ഒന്നാമനായത്. കഴിഞ്ഞ ദിവസം ഡല്‍ഹിക്കെതിരായ ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി ബുമ്‌റ ഒന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു. റബാഡ 25 വിക്കറ്റുകളുമായി നില്‍ക്കുന്ന ഘട്ടത്തിലാണ് 23 വിക്കറ്റുകളുമായി കളിക്കാനിറങ്ങി ഡല്‍ഹിക്കെതിരെ ബുമ്‌റ നാല് വിക്കറ്റുകള്‍ വീഴ്ത്തി വിക്കറ്റ് നേട്ടം 27എല്‍ എത്തിച്ച് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ആ മത്സരത്തില്‍ റബാഡ വിക്കറ്റുകളൊന്നും നേടിയതുമില്ല. 

ഇന്നലെ ആദ്യ സ്‌പെല്ലില്‍ ഒരു വിക്കറ്റ് വീഴ്ത്തിയ റബാഡ രണ്ടാം സ്‌പെല്ലില്‍ ഒരോവറില്‍ മൂന്ന് വിക്കറ്റുകള്‍ പിഴുതാണ് ഡല്‍ഹിയുടെ വിജയം ഉറപ്പാക്കിയത്. ഒരു പന്ത് വ്യത്യാസത്തിലാണ് താരത്തിന് ഹാട്രിക്ക് നഷ്ടമായത്. 18ാം ഓവറില്‍ ഹൈദരാബാദിന്റെ സമദ്, റാഷിദ് ഖാന്‍, ശ്രീവത്സ് ഗോസ്വാമി എന്നിവരെയാണ് റബാഡ മടക്കിയത്. എസ്ആര്‍എച്ചിന് ആ ഘട്ടത്തിലും വിജയ സാധ്യത നേരിയ തോതില്‍ നിലനിന്നിരുന്നു. ആദ്യ സ്‌പെല്ലില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ വാര്‍ണറെ റബാഡ ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു. ഫൈനലില്‍ പര്‍പ്പിള്‍ ക്യാപിനായി റബാഡ- ബുമ്‌റ പോരിനും വഴി തെളിഞ്ഞു. 

ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന രാഹുല്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. രണ്ടാം സ്ഥാനത്ത് ഡല്‍ഹി ഓപണര്‍ ശിഖര്‍ ധവാനാണ്. രാഹുലിന് 670 റണ്‍സുണ്ട്. ഇന്നലെ ഹൈദരാബാദിനെതിരെ 78 റണ്‍സടിച്ച് ധവാന്‍ വ്യക്തിത സ്‌കോര്‍ നേട്ടം 600 കടത്തിയിരുന്നു. നിലവില്‍ ധവാന് 603 റണ്‍സാണുള്ളത്. ധവാന് രാഹുലിനെ മറികടക്കാന്‍ ഒരു അവസരം കൂടി ഫൈനലില്‍ കിട്ടും. കലാശപ്പോരില്‍ 68 റണ്‍സടിച്ചാല്‍ ഓറഞ്ച് ക്യാപ് ധവാന് സ്വന്തമാക്കാം. പ്ലേ ഓഫിലെത്താതെ പഞ്ചാബ് പുറത്തായതിനാല്‍ രാഹുലിന്റെ ഭീഷണിയും ഇന്ത്യന്‍ ഓപണര്‍ക്കില്ല. 16 കളികളില്‍ നിന്ന് 548 റണ്‍സുമായി ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറാണ് മൂന്നാം സ്ഥാനത്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com