സീസണില്‍ ഒരു മത്സരം മാത്രം കളിച്ച ജയന്ത് ഫൈനലില്‍; ബോള്‍ട്ടിനൊപ്പം മുംബൈ മെനഞ്ഞ തന്ത്രം 

ബോള്‍ട്ടിനേയും ഡികോക്കിനേയും കൂടാതെ ഡല്‍ഹി നഷ്ടപ്പെടുത്തി കളഞ്ഞ മറ്റൊരു താരത്തെ തന്നെയാണ് മുംബൈ അവര്‍ക്കെതിരെ ഉപയോഗിച്ചത്
സീസണില്‍ ഒരു മത്സരം മാത്രം കളിച്ച ജയന്ത് ഫൈനലില്‍; ബോള്‍ട്ടിനൊപ്പം മുംബൈ മെനഞ്ഞ തന്ത്രം 

ദുബായ്: സീസണില്‍ ഒരേയൊരു മത്സരം മാത്രം കളിച്ച താരത്തെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവന്നായിരുന്നു ഫൈനലില്‍ മുംബൈയുടെ ചൂതാട്ടം. ബോള്‍ട്ടിനേയും ഡികോക്കിനേയും കൂടാതെ ഡല്‍ഹി നഷ്ടപ്പെടുത്തി കളഞ്ഞ മറ്റൊരു താരത്തെ തന്നെയാണ് മുംബൈ അവര്‍ക്കെതിരെ ഉപയോഗിച്ചത്. 

രാഹുല്‍ ചഹറിന് പകരം ജയന്ത് യാദവ് പ്ലേയിങ് ഇലവനിലേക്ക് എത്തിയത് ഒരു നിമിഷം മുംബൈ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ടാവണം. എന്നാല്‍ മുംബൈയുടെ ഓഫ് ബ്രേക്ക് ബൗളര്‍ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി ധവാന്റെ വിലപ്പെട്ട വിക്കറ്റും പിഴുതാണ് കിരീട നേട്ടത്തില്‍ തന്റെ പങ്ക് വഹിച്ചത്. 

ഹെറ്റ്മയര്‍ ക്രീസിലെത്തിയ സമയം ജയന്ത് യാദവിന്റെ ഡെലിവറിയില്‍ നിന്ന് വന്ന ടേണ്‍ ഉള്‍പ്പെടെ ക്രിക്കറ്റ് പ്രേമികളെ കയ്യിലെടുത്തു. 2018ലാണ് ജയന്ത് യാദവിനെ ഡല്‍ഹി നഷ്ടപ്പെടുത്തി കളഞ്ഞത്. 2019ല്‍ മുംബൈ വിറ്റ ട്രെന്റ് ബോള്‍ട്ടും, ജയന്ത് യാദവും ചേര്‍ന്ന് 2020 ഫൈനലില്‍ പിഴുതത് ഡല്‍ഹിയുടെ നാല് വിക്കറ്റുകള്‍. 

ഫൈനലിന് മുന്‍പ് സീസണില്‍ ജയന്ത് കളിച്ച ഒരേയൊരു മത്സരവും ഡല്‍ഹിക്കെതിരെയാണ്. ഡല്‍ഹിയുടെ നീണ്ട ഇടംകയ്യന്‍ ബാറ്റിങ് നിരയെ കുഴയ്ക്കാനാണ് മുംബൈ ജയന്ത് യാദവിനെ ടീമിലെടുത്തത്. അത് ഫലം കാണുകയും ചെയ്തു. തന്റെ ആദ്യ ഓവറില്‍ ധവാനെ വീഴ്ത്തിയ ജയന്ത്, രണ്ടാമത്തെ ഓവറില്‍ റിഷഭ് പന്തിനെ കുഴക്കി. 

യാദവിന്റെ രണ്ടാമത്തെ ഓവറില്‍ 5 ഡെലിവറികളാണ് റിഷഭ് പന്ത് നേരിട്ടത്. നേടാനായത് 5 റണ്‍സും. യാദവിന്റെ മൂന്നാമത്തെ ഓവറിലും ബൗണ്ടറി കണ്ടെത്താന്‍ ഡല്‍ഹി താരങ്ങള്‍ക്ക് സാധിച്ചില്ല. ഡല്‍ഹി നിരയില്‍ ഇടംകയ്യന്മാര്‍ കൂടുതല്‍ ഉള്ളതിനാല്‍ ജയന്ത് യാദവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി എന്നാണ് രോഹിത് പറഞ്ഞത്. എന്നാല്‍ ആദ്യ ക്വാളിഫയറില്‍ രാഹുല്‍ ചഹര്‍ മോശം പ്രകടനം പുറത്തെടുത്തതും മാറ്റത്തിന് കാരണമായിട്ടുണ്ടാവുമെന്ന് വ്യക്തം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com