'ദൈവം മരിച്ചു'; എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരം; വിട പ്രിയപ്പെട്ട ഡീഗോ...

1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്
'ദൈവം മരിച്ചു'; എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരം; വിട പ്രിയപ്പെട്ട ഡീഗോ...

രു ജനതയെ മുഴുവന്‍ കാല്‍പ്പന്ത് കളിയുടെ ആരാധകരാക്കിയ ഇതിഹാസം അറുപതാം വയസ്സില്‍ കളമൊഴിഞ്ഞിരിക്കുന്നു. ഡീഗോ മറഡോണയെന്ന ഫുട്‌ബോള്‍ ദൈവം ഓര്‍മ്മയായി. അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുളള ലാനസി(Lanus)ല്‍ 1960 ഒക്ടോബര്‍ 30ന് ആയിരുന്നു മറഡോണയുടെ ജനനം. നഗ്‌നപാദനായി പന്തുതട്ടിയും ദാരിദ്ര്യത്തോടു പൊരുതിയും വളര്‍ന്ന ജീവിതം.  1977 ഫെബ്രുവരി 27നു ഹംഗറിക്കെതിരായ മല്‍സരത്തോടെ പതിനാറാം വയസ്സില്‍ രാജ്യാന്തര അരങ്ങേറ്റം. കുറിയവനെങ്കിലും മിഡ്ഫീല്‍ഡിലെ കരുത്തുറ്റ താരമായി മാറി. 1978ല്‍ അര്‍ജന്റീനയെ യൂത്ത് ലോകകപ്പ് ജേതാക്കളാക്കുമ്പോള്‍ മറഡോണയായിരുന്നു നായകന്‍. 1979ലും 80ലും സൗത്ത് അമേരിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ ബഹുമതി.

പ്രൊഫഷണല്‍ ക്ലബ് ഫുട്‌ബോള്‍ ജീവിതത്തില്‍, അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബോക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപ്പോളി, സെവിയ്യ, നെവെല്‍സ് ഓള്‍ഡ് ബോയ്‌സ് എന്നീ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചു.അന്താരാഷ്ട്രഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.

1982 ല്‍ ലോകകപ്പില്‍ അരങ്ങേറ്റം. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവച്ചു. 1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതില്‍ 1986ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടി. മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണയെ തേടിയെത്തി. ഈ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള കളിയില്‍ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോള്‍ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീന ഇംഗ്ലണ്ടിന്റെ തോല്‍പ്പിച്ചു.

ലോകമെമ്പാടുമുള്ള ആരാധകവൃന്ദങ്ങള്‍ക്കൊണ്ടും ശ്രദ്ധേയനാണ് മറഡോണ. കാല്‍പന്തുകളിയിലെ ദൈവം എന്നുപോലും ചിലയവസരങ്ങളില്‍ ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.

ലോകകപ്പുകളിലും, ക്ലബ് ഫുട്‌ബോളിലും രാജ്യാന്തര ഫുട്‌ബോളിലും നടത്തിയ മികവാര്‍ന്ന പ്രകടനങ്ങളെക്കാള്‍ സംഭവബഹുലമായിരുന്നു മറഡോണയുടെ പൊതുജീവിതം. മയക്കുമരുന്നുപയോഗം, വിവാഹേതരബന്ധങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ വ്യക്തിജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും ആരാധകര്‍ക്ക്  ആവേശത്തോടെയല്ലാതെ  ഡീഗോ മറഡോണയെന്ന കുറിയ മനുഷ്യനെ ഓര്‍ക്കാനാവില്ല. അത്രമേല്‍ സ്‌നേഹത്തോടെ ഒരു പന്തിലെഴുതിയ സ്‌നേഹഗാഥയുടെ പേരായിരുന്നു മറഡോണ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com