ധോണി കളി മറന്നു, പടിക്കൽ കലം ഉടച്ച് ചെന്നൈ,  കൊൽക്കത്തയ്ക്ക് പത്ത് റൺസ് വിജയം

കൊൽക്കത്ത ഉയർത്തിയ 168 റണ്‍സിന്‍റെ വിജയലക്ഷ്യം മറികടക്കാൻ മഞ്ഞപ്പടയ്ക്ക് ആയില്ല. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈയ്ക്ക് 157 റൺസ് മാത്രമാണ് നേടാനായത്
ധോണി കളി മറന്നു, പടിക്കൽ കലം ഉടച്ച് ചെന്നൈ,  കൊൽക്കത്തയ്ക്ക് പത്ത് റൺസ് വിജയം

അബുദാബി; അവസാന ഓവറുകളിൽ കളി മറന്ന ചെന്നൈ സൂപ്പർ കിങ്സിനെ പത്ത് റണ്‍സിന് വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കൊൽക്കത്ത ഉയർത്തിയ 168 റണ്‍സിന്‍റെ വിജയലക്ഷ്യം മറികടക്കാൻ മഞ്ഞപ്പടയ്ക്ക് ആയില്ല. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈയ്ക്ക് 157 റൺസ് മാത്രമാണ് നേടാനായത്. ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ വിജയിച്ചതോടെ അഞ്ച് കളികളില്‍ ആറ് പോയന്‍റുമായി കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തേക്ക് കയറി. ചെന്നൈ അഞ്ചാം സ്ഥാനത്താണ്.

കളിയുടെ അവസാന ഓവറുകളിൽ വിജയ പ്രതീക്ഷയിലായിരുന്നു ചെന്നൈ. ഏഴ് വിക്കറ്റ് ശേഷിക്കെ അവസാന നാലോവറില്‍ 44 റണ്‍സ് മാത്രമായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായ എം എസ് ധോണിയും സാം കറനുമായിരുന്നു ക്രീസിൽ. എന്നാൽ സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രെ റസലും തകര്‍ത്തെറിഞ്ഞതോടെ അടുത്ത നാലോവറില്‍ 34 റണ്‍സ് മാത്രമാണ് ചെന്നൈക്ക് അടിച്ചെടുക്കാനായത്. ആന്ദ്രെ റസല്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് ചെന്നൈ നേടിയത്.

കഴിഞ്ഞ മത്സരത്തില്‍ പത്തുവിക്കറ്റ് വിജയം നേടിയതിന്‍റെ ആവേശത്തിലിറങ്ങിയ ചെന്നൈ ഫിനിഷിം​ഗ് മറന്നതാണ് തിരിച്ചടിയായത്. ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ രാഹുല്‍ ത്രിപാദിയുടെ തകര്‍പ്പന്‍ ബാറ്റിങാണ് കൊല്‍ക്കത്ത് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 51 പന്തുകളില്‍ നിന്ന് 81 റണ്‍സാണ് ത്രിപാദി അടിച്ചുകൂട്ടിയത്. സുനില്‍ നരെയ്ന്‍ 17 റണ്‍സെടത്തു. അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികും  കുമ്മിന്‍സുമാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ ഉയര്‍ത്തിയത്.

വിജയ പ്രതീക്ഷയിൽ ഇറങ്ങിയ ചെന്നൈ മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ 3.4 ഓവറില്‍ 30 റണ്‍സടിച്ച ഷെയ്ന്‍ വാട്സണും ഫാഫ് ഡൂപ്ലെസിയും ചേര്‍ന്ന് ചെന്നൈയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. ഡൂപ്ലെസി വീണെങ്കിലും അംബാട്ടി റായുഡുവുമായി ചേർന്ന് വാട്സൺ മികച്ച പ്രകടനം കാഴ്ചവെച്ചു. പതിമൂന്നാം ഓവറില്‍ 99ല്‍ എത്തി. ഇരുവരും വീണതിന് പിന്നാലെയാണ് നാലാമനായി എം എസ് ധോണി ക്രീസിലിറങ്ങിയതോടെ ചെന്നൈയുടെ സ്കോറിംഗ് വേഗം കുറഞ്ഞു. 11 പന്തില്‍ 17 റണ്‍സടിച്ച സാം കറന്‍ ചെന്നൈയുടെ പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും 11 പന്തിൽ 12 റൺസായിരുന്നു ധോനിയുടെ സമ്പാദ്യം. വരുണ്‍ ചക്രവര്‍ത്തിയുടെ സിക്സർ അടിക്കാൻ ശ്രമിച്ചതോടെ ധോനി ക്ലീൻബൗൾഡായി. തൊട്ടുപിന്നാലെ സാമും മടങ്ങി. പിന്നീട് വന്നവർക്കും കാര്യമായൊന്നും ചെയ്യാനായില്ല. അവസാന ഓവറില്‍ ഒരു സിക്സും രണ്ട് ഫോറും പറത്തി ജഡേജ ചെന്നൈയുടെ തോല്‍വിഭാരം കുറച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com